Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐടി: പിരിച്ചുവിടൽ ഒഴിവാക്കാൻ തൊഴിൽശേഷി കൂട്ടുന്നു

കൊച്ചി ∙ ഓട്ടമേഷൻ, ഡിജിറ്റൈസേഷൻ തുടങ്ങിയ സാങ്കേതിക പ്രതിസന്ധികളെ മറികടക്കാൻ ജീവനക്കാർക്കു പ്രത്യേക പരിശീലനം നൽകാൻ രാജ്യത്തെ പ്രമുഖ  ഐടി കമ്പനികളുടെ തീരുമാനം. ഐടി കമ്പനികളിലെ നിലവിലെ ജീവനക്കാരിൽ 40 ശതമാനം പേർക്കും ഓട്ടമേഷനെ അതിജീവിക്കാൻ പ്രത്യേക പരിശീലനം ആവശ്യമായി വരുമെന്നാണ് ഐടി കമ്പനികളുടെ സംഘടനയായ നാസ്കോമിന്റെ വിലയിരുത്തൽ. 

കൂട്ടപ്പിരിച്ചുവിടലിനെ അതിജീവിക്കാൻ കഴിവുകൾ ‘അപ്ഗ്രേഡ്’ ചെയ്യുകയാണ് വേണ്ടതെന്നു നാസ്കോം പറയുന്നു. ഇതിനായി ബോസ്റ്റൺ കൺസൽറ്റിങ് ഗ്രൂപ്പുമായി ചേർന്ന് ഐടി കമ്പനികളുമായി കരാറുണ്ടാക്കിക്കഴിഞ്ഞു.

ഇൻഫോസിസ്, വിപ്രോ, മൈൻഡ്ട്രീ, ക്വാട്രോ, ഗൂഗിൾ, എൻഐഐടി, ബിപിഒ, കോഗ്‌നിസെന്റ്, ഐടിസി ഇൻഫോടെക് തുടങ്ങി 20  കമ്പനികളുമായി ചേർന്ന് നാസ്കോമും ബോസ്റ്റൺ ഗ്രൂപ്പും നിലവിലെ 20 ലക്ഷം ജീവനക്കാരെയും 20 ലക്ഷം പുതിയ ജീവനക്കാരെയും പരിശീലിപ്പിക്കും. അഞ്ചു വർഷത്തേക്കാണ് പരിശീലനം. 

രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസ് ഒരു ലക്ഷം ജീവനക്കാരെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ പഠിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. 2,10,000 ജീവനക്കാർക്കു പ്രത്യേക പരിശീലനം നടത്തിയതായും കമ്പനി പറഞ്ഞു. പുതിയ സാങ്കേതിക വിദ്യകൾ പഠിക്കുന്നതിനും പരിശീലിക്കുന്നതിനുമായി ഇൻഫോസിസ് പദ്ധതികൾ ആരംഭിച്ചു. 

ന്യൂട്ടെൺ ക്രാഡിൽ എന്നാണ് വിപ്രോ ജീവനക്കാർക്കായി ആരംഭിച്ച പുതിയ പരിശീലന പദ്ധതിയുടെ പേര്. പ്രത്യേക കഴിവുകളുള്ള ജീവനക്കാരെ കണ്ടെത്താൻ പുറത്തുനിന്നുള്ള എച്ച്ആർ കൺസൽറ്റന്റുമാരെയും കമ്പനി നിയോഗിച്ചിട്ടുണ്ട്. 

എച്ച്സിഎല്ലും എച്ച് ആർ കൺസൽറ്റിങ് കമ്പനികളുടെ സഹായത്തോടെയാണ് ജീവനക്കാരുടെ കഴിവുകൾ വികസിപ്പിക്കാനായി പ്രത്യേക പരിശീലനം നൽകുന്നത്. മാർച്ചിൽ ആരംഭിച്ച പദ്ധതിയിലൂടെ 18,000 ജീവനക്കാർക്ക് പരിശീലനം നൽകിക്കഴിഞ്ഞു. കോഗ്‌നിസന്റ് ജീവനക്കാർക്കായി ഒരു ഡിജിറ്റൽ സർവകലാശാല തന്നെ ഒരുക്കിക്കഴിഞ്ഞു. ടെക് മഹീന്ദ്രയും മൈൻഡ്ട്രീയും ജീവനക്കാരുടെ കഴിവുകൾ ഉയർത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.