Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിറകുവിരിച്ച് ഉഡാൻ

UDAN

രാജ്യത്ത് ചെലവു കുറഞ്ഞ വിമാനയാത്രാ മേഖലയിൽ വിപ്ലവകരമായ മാറ്റത്തിനു കളമൊരുക്കുന്ന ‘ഉഡാൻ’ പദ്ധതി സെപ്റ്റംബറോടെ സജീവമാകും. അഞ്ചു വിമാനക്കമ്പനികൾ ചേർന്ന് 128 റൂട്ടുകളിലാണു വിമാന സർവീസുകൾ ആരംഭിക്കുക. എയർ ഇന്ത്യയുടെ സബ്സിഡിയറി ആയ അലയൻസ് എയർ, മേഘ എയർവേയ്സ്, സ്പൈസ്ജെറ്റ് എന്നിവ സർവീസുകൾ ആരംഭിച്ചുകഴിഞ്ഞു. അനുമതി ലഭിച്ച മറ്റു രണ്ടു വിമാനക്കമ്പനികളായ എയർ ഡക്കാനും എയർ ഒഡീഷയും അടുത്ത മാസത്തോടെ സർവീസുകൾ ആരംഭിക്കും. 

എല്ലാവർക്കും വിമാനയാത്ര എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ വിവിധ സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ തയാറാക്കിയ പദ്ധതിയാണ് ഉഡേ ദേശ് കാ ആം നാഗരിക് അഥവാ ഉഡാൻ. 

രാജ്യത്തെ ചെറുനഗരങ്ങളെയെല്ലാം ബന്ധിപ്പിച്ചുള്ള വിമാനസർവീസുകളാണു സർക്കാരിന്റെ ലക്ഷ്യം. വിമാനസർവീസുകളില്ലാത്തതോ വളരെക്കുറവുള്ളതോ ആയ 70 ചെറു നഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിച്ചാണു കൂടുതലും സർവീസുകൾ. 500 കിലോമീറ്റർ വരെ ദൈർഘ്യമുള്ള (ഒരു മണിക്കൂർ) യാത്രയ്ക്കു 2500 രൂപയേ ഈടാക്കാവൂ. ഓരോ വിമാനത്തിലും പകുതി സീറ്റുകളെങ്കിലും ഈ നിരക്കിൽ അനുവദിക്കുകയും വേണം. കേരളത്തിലെ വിമാനത്താവളങ്ങൾ പദ്ധതിയിലില്ല.

ഇതിനകം സർവീസുകൾ ആരംഭിച്ച അലയൻസ് എയറിനു 15 സെക്ടറുകളും മേഘ എയർവേയ്സിനു 18 സെക്ടറുകളും സ്പൈസ് ജെറ്റിനു 11 റൂട്ടുകളുമാണ് അനുവദിച്ചിട്ടുള്ളത്. എയർ ഒഡീഷയ്ക്ക് 50 സെക്ടറുകളും എയർ ഡക്കാന് 34 റൂട്ടുകളും അനുവദിച്ചിട്ടുണ്ട്. മാർച്ചിലാണ് ഇവയ്ക്കു പറക്കാൻ അനുമതി ലഭിച്ചത്. 

ഉഡാൻ സ്കീം പ്രകാരമുള്ള രണ്ടാംഘട്ട ലൈസൻസിങ് നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഇൻഡിഗോ അടക്കമുള്ള മുൻനിര വിമാനക്കമ്പനികൾ ഉഡാൻ സ്കീമിൽ പറക്കുന്നതിനുള്ള തയാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഇൻഡിഗോ 20 എടിആർ വിമാനങ്ങൾ കൂടി വാങ്ങാനുള്ള തയാറെടുപ്പിലാണ്. അലയൻസ് എയർ ദുബായ് എയറോസ്പേസ് എന്റർപ്രൈസസിൽ നിന്നു പത്ത് എടിആർ വിമാനങ്ങൾ കൂടി വാങ്ങാൻ കരാറായി. കൂടുതൽ വിമാനക്കമ്പനികൾ ലൈസൻസ് നേടാൻ രംഗത്തുണ്ട്.