Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെയ്സ്ബുക് ബിസിനസ് പഠിപ്പിക്കുന്നു

facebook

യുവസംരംഭകരുടെ ലോക രാജാവു തന്നെ രാജ്യത്തെ സംരംഭകരോടു പറയുന്നു: വരൂ, നിങ്ങളെ ഞങ്ങൾ ബിസിനസ് പഠിപ്പിക്കാം. വാഗ്ദാനം മറ്റാരുടേതുമല്ല, സാക്ഷാൽ ഫെയ്സ്ബുക്കിന്റേതാണ്. ബിസിനസിന്റെ പ്രവർത്തനച്ചെലവു കുറയ്ക്കാം, പേജുകളിലൂടെ കൂടുതൽ ഉപയോക്താക്കളിലേക്ക് എത്താം. മികച്ച ജീവനക്കാരെ ജോലിക്കായി കണ്ടെത്താം...

ഇങ്ങനെ ഫെയ്സ്ബുക്കിന്റെ അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്തി ബിസിനസ് വിജയിപ്പിക്കാനായി കമ്പനി ക്ഷണിക്കുന്നത് ഒന്നും രണ്ടും സംരംഭകരെയല്ല, 20,000 പേരെയാണ്. ആറുമാസംകൊണ്ടാണ് ഇത്രയും സംരംഭകർക്ക് ഫെയ്സ്ബുക് പരിശീലനം നൽകുന്നത്. രാജ്യത്തെ 100 നഗരങ്ങളിലെ സംരംഭകരെയും യുവാക്കളെയും പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തും.

ഇതിൽ 7500 സംരംഭകർ ഗ്രാമങ്ങളിൽ നിന്നുള്ളവരാകും. പുതിയ സാങ്കേതിക വിദ്യകൾ, വിപണന തന്ത്രങ്ങൾ എന്നിവയ്ക്കാകും പരിശീലന പരിപാടിയിൽ ഊന്നൽ നൽകുക. ഓൺലൈൻ സാധ്യതകൾ ഉപയോഗിച്ചു സംരംഭങ്ങൾക്കു രാജ്യാന്തര വിപണിയിലേക്കു കടന്നുചെല്ലാനുള്ള പരിശീലനവും ഫെയ്സ്ബുക് നൽകുമെന്ന് കമ്പനിയുടെ ദക്ഷിണേഷ്യാ മേധാവി റിതേഷ് മേത്ത പറയുന്നു. 

ഗാന്ധിനഗർ ആസ്ഥാനമായ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടുമായി (ഓൻട്രപ്രനർഷിപ് ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ– ഇഡിഐഐ) ഫെയ്സ്ബുക് ധാരണയിലെത്തിക്കഴിഞ്ഞു.

ബൂസ്റ്റ് യുവർ ബിസിനസ് എന്ന രാജ്യാന്തര പദ്ധതിയുടെ ഭാഗമായാണ് ഫെയ്സ്ബുക് രാജ്യത്തെ സംരംഭകരെ പരിശീലിപ്പിക്കുന്നത്. ഇന്ത്യയിൽ 20 കോടിയിലേറെ സജീവ അംഗങ്ങളാണ് ഫെയ്സ്ബുക്കിനുള്ളത്. രാജ്യത്തെ ചെറുബിസിനസുകളിലും സംരംഭങ്ങളിലും തുടർന്നും നിക്ഷേപങ്ങൾ നടത്തുമെന്നും കമ്പനി പറയുന്നു.