Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിന്ദുസ്ഥാൻ പെട്രോളിയത്തെ ഒഎൻജിസിക്ക് കൈമാറി

ongc-hp

ന്യൂഡൽഹി ∙ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ (എച്ച്പിസിഎൽ) കേന്ദ്ര സർക്കാരിനുള്ള ഓഹരികൾ ഓയിൽ ആൻഡ് നാച്യുറൽ ഗ്യാസ് കോർപറേഷനു (ഒഎൻജിസി)ക്കു വിൽക്കാൻ കേന്ദ്രമന്ത്രിസഭ അനുമതി നൽകി. ഏകദേശം 30,000 കോടി രൂപയുടെ ഓഹരികളാണു വിൽക്കുക. 

എച്ച്പിഎസിഎല്ലിൽ സർക്കാനു 51.11% ഓഹരികളാണുള്ളത്. എച്ച്പിസിഎല്ലും ഒഎൻജിസിയും പൊതുമേഖലാ സ്ഥാപനങ്ങളാണ്. എണ്ണക്കമ്പനികൾ സംയോജിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണു നീക്കം.

ഭാവിയിൽ ഒഎൻജിസിയുടെ അനുബന്ധ സ്ഥാപനമായാകും എച്ച്പിസിഎൽ പ്രവർത്തിക്കുക. ഒഎൻജിസി എണ്ണ ഖനനക്കമ്പനിയും എച്ച്പിസിഎൽ ഇന്ധനശുദ്ധീകരണ–വിപണനക്കമ്പനിയുമാണ്. എച്ച്പിസിഎല്ലിനു 14,000 പെട്രോൾ പമ്പുകളുണ്ട്. 

സർക്കാരിന്റെ ഓഹരി വിറ്റഴിക്കൽ ലക്ഷ്യമായ 72,500 കോടി രൂപയിൽ 38% എച്ച്പിസിഎൽ ഓഹരി വിൽപനയിലൂടെ തന്നെ കൈവരിക്കാനാകും. പൊതുമേഖലാ സ്ഥാപനങ്ങളെ ലയനത്തിലൂടെ ശക്തിപ്പെടുത്താനാണു സർക്കാരിന്റെ നീക്കം.

എണ്ണക്കമ്പനികളെ ലയിപ്പിക്കുന്നതിലൂടെ രാജ്യാന്തര നിലവാരമുള്ള സ്ഥാപനങ്ങൾ സജ്ജമാക്കാനാണു പദ്ധതി. ഇന്ത്യൻഓയിലിൽ ഓയിൽ ഇന്ത്യയെ ലയിപ്പിക്കാനും ഭാരത് പെട്രോളിയത്തെ ഗെയിലിൽ ലയിപ്പിക്കാനും ആലോചനയുണ്ട്.

എച്ച്പിസിഎൽ ലയിക്കുന്നതോടെ ഒഎൻജിസിയുടെ എണ്ണ സംസ്ക്കരണ ശേഷിയിൽ 2.38 കോടി ടണ്ണിന്റെ വർധനയുണ്ടാകും. ഇന്ത്യൻ ഓയിൽ കോർപറേഷനും റിലയൻസ് ഇൻഡസ്ട്രീസും കഴിഞ്ഞാൽ സ്ഥാനം ഒഎൻജിസിക്കാകും.