Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറച്ചിക്കോഴി വില 87 രൂപ ആക്കണമെന്നത് അഭ്യർഥന മാത്രം: സർക്കാർ

chicken

കൊച്ചി ∙ ഇറച്ചിക്കോഴി വില 87 രൂപയായി കുറയ്ക്കണമെന്നതു സർക്കാരിന്റെ അഭ്യർഥന മാത്രമാണെന്നും ഉത്തരവല്ലെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ഇറച്ചിക്കോഴിയുടെ വില കൂടുതലാണെന്നാണു സർക്കാർ വിശ്വസിക്കുന്നതെന്നും അറിയിച്ചു.

ചരക്ക്, സേവന നികുതി സമ്പ്രദായത്തിൽ കോഴിക്കു നികുതി ഇല്ലാതായിട്ടും ആനുകൂല്യം ജനങ്ങളിലെത്താത്ത സാഹചര്യത്തിലാണിതു പറഞ്ഞത്. ജൂൺ വരെ 103 രൂപ വിലയുണ്ടായിരുന്നു. അതിലുൾപ്പെട്ടിരുന്ന 14.5% നികുതി കുറച്ചാൽ 87 രൂപയ്ക്കു ലഭ്യമാക്കണമെന്നാണു പറഞ്ഞതെന്നും സർക്കാർ വിശദീകരിച്ചു. ഇറച്ചിക്കോഴി വില 87 രൂപയായി കുറയ്ക്കണമെന്ന ധനമന്ത്രിയുടെ നിർദേശം ചോദ്യം ചെയ്തു പൗൾട്രി ഫാർമേഴ്സ് ആൻഡ് ട്രേഡേഴ്സ് അസോസിയേഷനും മറ്റും നൽകിയ ഹർജികളാണു കോടതിയിൽ.

കുറഞ്ഞ വിലയ്ക്ക് ഇറച്ചിക്കോഴി വിൽക്കണമെന്ന നിർദേശം വസ്തുതകൾ പരിഗണിക്കാതെയാണെന്ന് ആരോപിച്ചാണു ഹർജി. കേരള അവശ്യ സാധന നിയന്ത്രണ നിയമത്തിന്റെ പരിധിയിൽ കോഴിക്കൃഷി വരില്ലെന്നും വാദമുണ്ട്.