Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു കോടി ഉപയോക്താക്കളെ ലക്ഷ്യമിട്ട് ബിഎസ്എൻഎൽ

bsnl-logo

കൊല്ലം∙ ബിഎസ്എൻഎൽ ദിനമായ ഒക്ടോബർ ഒന്നിനു മുൻപു കേരളത്തിലെ ഉപയോക്താക്കളുടെ എണ്ണം ഒരു കോടിയാക്കാൻ ബിഎസ്എൻഎൽ. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നു കേരള ചീഫ് ജനറൽ മാനേജർ ഡോ.പി.ടി.മാത്യു പറഞ്ഞു. പോസ്റ്റ് പെ‍യ്ഡ് – പ്രീപെയ്ഡ് കണക്‌ഷനുകൾ അടക്കം 95 ലക്ഷം ഉപയോക്താക്കളാണു ബിഎസ്എൻഎല്ലിനുള്ളത്.

4ജി ടവറുകൾ സ്ഥാപിക്കാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലേക്കു കടക്കുകയാണെന്നും സിജിഎം പറഞ്ഞു. ടവറുകൾ അപ്ഗ്രേഡ് ചെയ്യാനുള്ള കരാറുകൾ അവസാനഘട്ടത്തിലാണ്. ഒക്ടോബർ മുതൽ ടവറുകൾ നവീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. ഈ സാമ്പത്തിക വർഷത്തിൽത്തന്നെ കേരളത്തിൽ ബിഎസ്എൻഎൽ 4ജി ലഭ്യമാക്കുകയാണു ലക്ഷ്യം.

4ജിക്കായുള്ള സ്പെക്ട്രം ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇതിനുള്ള ലൈസൻസ് ടെലികോം മന്ത്രാലയത്തിൽ നിന്ന് ഉടൻ ലഭ്യമാകും. ആദ്യഘട്ടത്തിൽത്തന്നെ കേരളത്തെയും ഉൾപ്പെടുത്തും. കേരളത്തിലെ ഉയർന്ന ഡേറ്റ ഉപയോഗമാണ് ആദ്യഘട്ടത്തിൽത്തന്നെ കേരളത്തെയും പട്ടികയിൽപ്പെടുത്താൻ കാരണം. ശരാശരി 238 ടെറാബൈറ്റ് ഡേറ്റയാണ് ഒരു ദിവസം കേരളത്തിൽ ബിഎസ്എൻഎല്ലിൽ ഉപയോഗിക്കുന്നത്. എഴുനൂറോളം ടവറുകൾ 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാനാണു പദ്ധതി. എന്നാൽ ലൈസൻസ് ലഭ്യമായ ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ.

നഗര പ്രദേശങ്ങളിലാകും ആദ്യഘട്ടത്തിൽ 4ജി ലഭ്യമാക്കുക. ഇപ്പോഴുള്ള ടവറുകളിൽ 90 ശതമാനവും 3ജിയിലേക്ക് ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുൻപു തന്നെ മാറ്റുമെന്നും സിജിഎം അറിയിച്ചു.