Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമി ലാബ്സ് അലോപ്പതി ഔഷധ വിപണിയിലേക്ക്

muhammed-majeed

കൊച്ചി ∙ മലയാളികൾ നേതൃത്വം കൊടുക്കുന്ന ബയോടെക്നോളജി കമ്പനിയായ സമി ലാബ്സ് ആദ്യമായി സ്വന്തം ലാബിൽ വികസിപ്പിച്ചെടുത്ത അലോപ്പതി മരുന്നുകൾ വിപണനം ചെയ്യാനൊരുങ്ങുന്നു. നാടൻ സുഗന്ധദ്രവ്യങ്ങളിൽ നിന്നു വേർതിരിച്ചെടുക്കുന്ന സത്തു കൊണ്ടുണ്ടാക്കിയ ഔഷധങ്ങൾ വിപണനം ചെയ്യാൻ ഇന്ത്യൻ ഡ്രഗ് കൺട്രോളർ ജനറലിന്റെ അനുമതിയും ലഭിച്ചു.

ഭക്ഷണത്തോടൊപ്പം കഴിക്കാവുന്ന ആരോഗ്യ സപ്ലിമെന്റുകളും (ന്യൂട്രസ്യൂട്ടിക്കൽസ്) സൗന്ദര്യ സപ്ലിമെന്റുകളുമാണ് (കോസ്മസ്യൂട്ടിക്കൽസ്) സമി ലാബ്സ് ഇന്ത്യയിലും അമേരിക്കയിലും ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ വിപണനം ചെയ്യുന്നത്. 

സമി ലാബ്സിന്റെ 120 ഉൽപന്നങ്ങളിൽ 60ലേറെ ന്യൂട്രസ്യൂട്ടിക്കൽസും നാൽപതോളം കോസ്മസ്യൂട്ടിക്കൽസുമുണ്ട്. വർഷം 780 കോടിയുടെ വിറ്റുവരവുള്ള സമി ലാബ്സിന് യുഎസിലും ബെംഗളൂരുവിലും ഹൈദരാബാദിലുമായിട്ടാണ് ഗവേഷണകേന്ദ്രങ്ങളും ഔഷധ ഉൽപാദന കേന്ദ്രങ്ങളും. കൊച്ചിയിൽ സമി സ്പൈസസും പ്രവർത്തിക്കുന്നു.

എന്നാൽ ആദ്യമായാണ് സുഗന്ധദ്രവ്യ സത്തിൽനിന്ന്  അലോപ്പതി മരുന്നുകൾ സ്വന്തമായി വികസിപ്പിച്ചെടുത്ത് വിപണനം ചെയ്യുന്നത്. കുന്തിരിക്കം, കൂർക്കൻ കിഴങ്ങ് എന്നിവയിൽ നിന്നുള്ള സത്തുകളാണ് രണ്ട് ഔഷധങ്ങളിൽ ഉപയോഗിക്കുന്നത്.‌ കുന്തിരിക്കത്തിൽ നിന്നു വേർതിരിച്ചെടുക്കുന്ന ഔഷധ സത്ത് സോറിയാസിസിനാണു പ്രയോജനപ്പെടുക.

കൂർക്കൻ കിഴങ്ങിൽ നിന്നുള്ള സത്ത് ഗ്ളൗക്കോമയ്ക്കുള്ള മരുന്നിനും  ഉപയോഗിക്കുന്നു. സ്ത്രീകളുടെ മുഖരോമവളർച്ച തടയുന്ന എഫ്ളോൺ എന്ന മരുന്നാണു മൂന്നാമത്തേത്. അമേരിക്കൻ വിപണിയിലും ഇവ വിപണനം ചെയ്യാനുള്ള തയാറെടുപ്പിലാണെന്ന് സമി ലാബ്സ് സ്ഥാപക എംഡിയും ചെയർമാനുമായ ഡോ. മുഹമ്മദ് മജീദ് പറഞ്ഞു.

കുടമ്പുളി, ഞെരിഞ്ഞിൽ, നീർബ്രഹ്മി, നെല്ലിക്ക, ഇഞ്ചി, മഞ്ഞൾ എന്നിവയിൽ നിന്നൊക്കെ സമി ലാബ്സ് ഔഷധ സത്തുകൾ വേർതിരിച്ച് ന്യൂട്രസ്യൂട്ടിക്കലുകൾ നിർമിക്കുന്നുണ്ട്. അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അനുമതിയോടെ അവിടെയും വിപണനം ചെയ്യുന്നു.  

മേധാക്ഷയം വ്യാപകമായ അമേരിക്കയിൽ മസ്തിഷ്ക്കാരോഗ്യത്തിനുള്ള മരുന്ന് അതിൽ പ്രധാനമാണ്. പലകപയ്യാന, നീർബ്രഹ്മി എന്നിവയിൽ നിന്നു വേർതിരിച്ചെടുക്കുന്ന ഔഷധ സത്ത് ഉപയോഗിച്ചാണ് ഇതിന്റെ നിർമാണം.

യുഎസിൽ 1988ൽ ആരംഭിച്ച സമി ലാബ്സ് അടുത്ത വർഷം മൂന്നു പതിറ്റാണ്ടു തികയ്ക്കുമ്പോൾ 155 പേറ്റന്റുകൾ കരസ്ഥമാക്കിയിട്ടുണ്ടെന്ന് ഗ്രൂപ്പ് സിഇഒ വി.ജി. നായർ പറഞ്ഞു. ഇന്ത്യയിൽ 120 ശാസ്ത്രജ്ഞർ ഉൾപ്പെടെ 1200 പേർ പ്രവർത്തിക്കുന്നു.

related stories