Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വഴക്കിനൊടുവിൽ ലോഗ് ഔട്ട്

Vishal Sikka

ബെംഗളൂരു ∙ ജോലി ചെയ്യാനാകാത്തത്ര ദുസ്സഹമാണ് അന്തരീക്ഷമെന്നു കുറ്റപ്പെടുത്തിക്കൊണ്ടാണ് ഇൻഫോസിസ് തലപ്പത്തുനിന്ന് വിശാൽ സിക്ക പടിയിറങ്ങുന്നത്.

സ്ഥാപക ചെയർമാനായ എൻ.ആർ. നാരായണ മൂർത്തി മുൻകയ്യെടുത്ത് നിയോഗിച്ച സിക്ക പുറത്തുപോകുന്നതിന്റെ മുഖ്യകാരണവും നാരായണമൂര്‍ത്തി തന്നെ. മുൻ സിഎഫ്ഒ രാജീവ് ബൻസൽ, മുൻ നിയമോപദേഷ്ടാവ് ഡേവിഡ് കെന്നഡി എന്നിവർക്കു ‘പിരിഞ്ഞു പോകൽ പാക്കേജ്’ ആയി ഭാരിച്ച തുക നൽകിയെന്നതായിരുന്നു നാരായണ മൂർത്തിയുടെ വിമർശനത്തിന് അടിസ്ഥാനം. ഇതേത്തുടർന്നുള്ള പരസ്യ വാഗ്വാദങ്ങളാണ്  സിക്കയുടെ രാജിയിൽ കലാശിച്ചത്. വിശാൽ സിക്ക സിഇഒ ആകുന്നതിനേക്കാൾ ചീഫ് ടെക്നിക്കൽ ഓഫിസർ (സിടിഒ) ആകാനുള്ള മുതലാണെന്ന് കുറഞ്ഞതു മൂന്നു സ്വതന്ത്ര ഡയറക്ടർമാരെങ്കിലും തന്നോടു പറഞ്ഞതായി നാരായണ മൂർത്തി ഒരു ഇ-മെയിൽ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.

∙ അടിസ്ഥാനരഹിതവും സദുദ്ദേശ്യപരമല്ലാത്തതുമായ ഒട്ടേറെ ആരോപണങ്ങളും വ്യക്തിഗത ആക്രമണങ്ങളും കഴിഞ്ഞ കുറേക്കാലമായി നേരിട്ടുവരികയാണെന്ന് ഇൻഫോസിസ് ബോർഡിന് എഴുതിയ രാജിക്കത്തിൽ വിശാൽ സിക്ക പറഞ്ഞു. സ്വതന്ത്രമായി നടത്തിയ അന്വേഷണങ്ങളിൽ, ഇവയൊക്കെ തെറ്റായ പ്രചാരണങ്ങളാണെന്നു തുടർച്ചയായി തെളിയിക്കപ്പെട്ടു. നവീന സാങ്കേതികവിദ്യാ മാറ്റത്തിന്റെ വഴിയിൽ ഏറ്റവുമധികം പിന്തുണ പ്രതീക്ഷിച്ചിരുന്നവരിൽ നിന്നാണ് ഈ ദുരനുഭവമുണ്ടായതെന്നും സിക്ക രാജിക്കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വ്യാവസായിക അന്തരീക്ഷം മാറ്റിയെടുക്കാനുള്ള മാനേജ്മെന്റിന്റെ ശ്രമങ്ങൾക്കു കൂച്ചുവിലങ്ങിടുന്നതായിരുന്നു കഴിഞ്ഞ കാലങ്ങളിലായുള്ള ആരോപണങ്ങളും അജ്ഞാത കത്തുകളുമെന്നു സിക്ക പറഞ്ഞു.

∙ സിക്കയുടെ അപ്രതീക്ഷിത രാജിക്കു പിന്നിൽ നാരായണ മൂർത്തിയുടെ തുടർച്ചയായ ആക്രമണമാണെന്ന് ഇൻഫോസിസ് ബോർഡ് കുറ്റപ്പെടുത്തി. ബോർഡിന്റെ പിന്തുണയുണ്ടായിട്ടും നാരായണ മൂർത്തിയുടെ അവസാന കത്താണ് രാജിക്കു പിന്നിലെ പ്രധാന കാരണം. ബോർഡിന്റെ ആർജവത്തെയും കോർപറേറ്റ് ഭരണ വീഴ്ചകളെയും കുറ്റപ്പെടുത്തിയുള്ള ഈ കത്ത് വിവിധ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. മൂർത്തിയുടെ കത്തിൽ വസ്തുതാപരമായ വ്യക്തതക്കുറവും തെളിയിക്കപ്പെടാത്ത ആരോപണങ്ങളും ബോർഡ് അംഗങ്ങളുമായുള്ള അദ്ദേഹത്തിന്റെ സംഭാഷണ  ശകലങ്ങളുമാണ് ഉൾപ്പെട്ടിരുന്നതെന്ന് ഇൻഫോസിസ് ബോർഡ് ആരോപിച്ചു.

സ്ഥാപനത്തെക്കുറിച്ചു നാരായണ മൂർത്തിക്കുള്ള ആശങ്കകൾ പരിഹരിക്കുന്നതിനായി കഴിഞ്ഞ ഒരു മാസമായി ശ്രമങ്ങൾ നടന്നുവരുന്നു. നിയമവ്യവസ്ഥകൾക്കുള്ളിൽ നിന്ന് പ്രവർത്തന സ്വാതന്ത്ര്യം ഹനിക്കപ്പെടാതെ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ നിർഭാഗ്യവശാൽ ഫലം കണ്ടില്ലെന്നും ബോർഡ് വിശദീകരിച്ചു.

∙ പണമുണ്ടാക്കുന്നതിനായോ കുട്ടികളെ അധികാരത്തിലേറ്റാനോ വേണ്ടിയല്ല താൻ ശ്രമിക്കുന്നതെന്ന് ഇൻഫോസിസ് ബോർഡിന്റെ വിമർശനത്തിനെതിരെ നാരായണ മൂർത്തി പ്രതികരിച്ചു. കൃത്യസമയം വരുമ്പോൾ എല്ലാ ആരോപണങ്ങൾക്കും തക്കതായ മറുപടി നൽകും. സിക്കയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇതിനു മറുപടി നൽകിയാൽ തന്റെ നിലവാരം ഇടിയുമെന്നും നാരായണമൂർത്തി പറഞ്ഞു. ഇൻഫോസിസ് ബോർഡിലേക്ക് സിക്ക തുടർച്ചയായി വിലകുറഞ്ഞ കോർപറേറ്റ് ഭരണരീതികൾ അടിച്ചേൽപിച്ചു. 2014ൽ ബോർഡിൽ നിന്നു സ്വമേധയാ ഒഴിഞ്ഞതിനു ശേഷം എക്കാലത്തെയും ആശങ്ക ഇതേക്കുറിച്ചായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.