Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസാധു നോട്ട് കടത്തുന്നതെന്തിന് ? ഉത്തരമില്ലാതെ റിസർവ് ബാങ്ക്, പൊലീസ്

indian-currency

കൊച്ചി ∙ റദ്ദാക്കിയ 500, 1000 രൂപയുടെ കറൻസി നോട്ടുകൾ എന്തിന് ഇപ്പോഴും കടത്തിക്കൊണ്ടു പോകുന്നു? റിസർവ് ബാങ്ക് അധികൃതർക്കോ പൊലീസിനോ ഇതേക്കുറിച്ചു രൂപമില്ല. പണം കടത്തുന്നവരെ പിടികൂടി ചോദ്യം ചെയ്യുമ്പോഴും അവർ വെറും വാഹകർ മാത്രമാണെന്നും അവസാനം ഈ പണം എന്തിന് ഉപയോഗിക്കുമെന്നതിനെക്കുറിച്ചറിയില്ലെന്നുമാണു മറുപടി.

കഴിഞ്ഞ ദിവസം എട്ടുകോടി രൂപയുടെ മൂല്യമുള്ള റദ്ദായ നോട്ടുകൾ പിടികൂടിയിരുന്നു. തങ്ങൾ വാഹകർ മാത്രമാണെന്നായിരുന്നു പ്രതികളുടെ പ്രതികരണം. അവർ നോട്ടുകൾ മറ്റെവിടെയോ എത്തിച്ചു കൊടുത്ത് കമ്മിഷൻ വാങ്ങി പിൻമാറുന്നവർ മാത്രമാണത്രെ. നോട്ടുകൾ മാറ്റിയെടുക്കാൻ ഇനി ഒരു അവസരവുമില്ലെന്ന് റിസർവ് ബാങ്ക് അധികൃതർ ചൂണ്ടിക്കാട്ടുന്നു. വിദേശ മലയാളികൾക്ക് 25,000 രൂപ വരെയുള്ള നോട്ടുകൾ മാറ്റിയെടുക്കാൻ അവസരം നൽകിയിരുന്നു. പക്ഷേ നോട്ട് റദ്ദാക്കിയ നവംബർ എട്ടിനു ശേഷം ഇന്ത്യയിൽ വരാൻ കഴിഞ്ഞിട്ടില്ലെന്ന് തെളിയിക്കണം. സ്വകാര്യ ബാങ്കുകളിലെ കറൻസി ചെസ്റ്റുകളിൽ സൂക്ഷിച്ചിരുന്ന പണം റിസർവ് ബാങ്കിന് കൈമാറി പുതിയ നോട്ട് വാങ്ങുക എന്നതു വേറൊരു സാധ്യതയാണെങ്കിലും അതിനുള്ള അവസാന തീയതിയും പണ്ടേ കഴിഞ്ഞു. സ്വകാര്യ കറൻസി ചെസ്റ്റുകൾക്ക് മുൻകൂർ തീയതി കാണിച്ച് ഇനി പണം മാറ്റിയെടുക്കാനാവില്ല.

എന്നാൽ ചെസ്റ്റുകളിൽ ഇപ്പോഴും പഴയ നോട്ടുകൾ അവശേഷിക്കുന്നുണ്ട്. ഉദാഹരണമായി ഒരു സ്വകാര്യ ബാങ്കിന്റെ ചെസ്റ്റുകളിൽ 5000 കോടിയിലേറെ മൂല്യമുള്ള പഴയ നോട്ടുകളുണ്ട്. ചെസ്റ്റുകൾ റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിൽ ആയതിനാൽ ഈ തുക അവിടെ സമർപ്പിക്കപ്പെട്ടതാണ്. ഓരോ ദിവസവും എത്ര തുക വന്നു എന്നതിനെക്കുറിച്ച് റിസർവ് ബാങ്കിനു കൃത്യമായ കണക്കുള്ളതിനാൽ പഴയ തീയതി വച്ച് നോട്ടുകൾ കൊണ്ടുവയ്ക്കുക സാധ്യവുമല്ല.

പഴയ നോട്ടുകൾ ഇപ്പോഴും കടത്തിക്കൊണ്ടു പോകുന്നതെന്തിനെന്ന് ഇത്തരം കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥർക്കു പോലും വ്യക്തമായ രൂപമില്ലെന്നതാണു വസ്തുത. ഉത്തരേന്ത്യയിലേക്കു നോട്ടുകൾ കടത്തുന്നതിന്റെ കണ്ണികളെ മാത്രമാണു പിടികൂടുന്നത്. നോട്ട് മാറിയെടുക്കാൻ എന്തോ രഹസ്യ സംവിധാനം ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്നാണ് വൻ തോതിലുള്ള നോട്ട് കടത്ത് സൂചന നൽകുന്നത്. പുതിയ 500, 2000 നോട്ടുകളുടെ വ്യാജ പതിപ്പ് പുറത്തിറക്കാനുള്ള സെക്യൂരിറ്റി ത്രെഡ് പഴയ നോട്ടുകളിൽ നിന്നെടുത്ത് ഉപയോഗിക്കാനാണെന്ന് അഭ്യൂഹമുണ്ട്. സംസ്ഥാനാനന്തര തലത്തിൽ അന്വേഷണം നടത്തിയാൽ മാത്രമേ വ്യക്തമായ ചിത്രം തെളിയുകയുള്ളൂ.