Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിലേകനിയെ ആവേശത്തോടെ സ്വീകരിച്ച് ഓഹരി വിപണി: ഇൻഫി ഓഹരികൾ കുതിച്ചു

Nandan Nilekani

ബെംഗളൂരു ∙ ഇൻഫോസിസിന്റെ പിച്ചിൽ നിലേകനിയുടെ രണ്ടാം ഇന്നിങ്സിനു ഗംഭീര തുടക്കം. മൂന്നു ശതമാനത്തിലേറെ നേട്ടമാണ് ഇന്നലെ ഓഹരികൾക്കുണ്ടായത്. കഴിഞ്ഞ ആഴ്ചയിലെ തകർച്ചയിൽ നിന്നു കരകയറിയ ഓഹരികൾ വീണ്ടും 940 രൂപ കടന്നു മുന്നേറി. സിഇഒ വിശാൽ സിക്കയുടെ രാജിയോടെയാണു കഴിഞ്ഞ വ്യാഴാഴ്ച നന്ദൻ നിലേകനി വീണ്ടും കമ്പനി ബോർഡിലെത്തിയത്.

വെള്ളിയാഴ്ച തന്നെ നിലേകനിയുടെ നേതൃത്വത്തിൽ ബോർഡ് മീറ്റിങ് ചേരുകയും ചെയ്തു. കമ്പനിയുടെ സ്ഥിരതയ്ക്ക് ആദ്യ പ്രാധാന്യമെന്ന നിലേകനിയുടെ വാഗ്ദാനമാണു ഓഹരികളുടെ മിന്നും പ്രകടനത്തിനു പിന്നിൽ. സിഇഒ യു.ബി. പ്രവീൺ റാവുവുമായി ചേർന്ന് കമ്പനി പുതിയ തന്ത്രങ്ങളുമായി മുന്നോട്ടുപോകുമെന്നു നിലേകനി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അതിനിടെ വിശാൽ സിക്ക, ആർ. ശേഷാസായി തുടങ്ങിയ ബോർഡിലെ ഉന്നത ഉദ്യോഗസ്ഥരുടെ രാജി ബോർഡ് അംഗീകരിച്ചു. 26–ാം വയസ്സിൽ ഇൻഫോസിസിലെത്തിയ നിലേകനിയുടെ 62–ാം വയസ്സിലെ രണ്ടാംവരവും നിക്ഷേപകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്. വ്യാപാരത്തിനിടെ ഇന്നലെ അഞ്ചു ശതമാനം വരെ ഓഹരിവില ഉയർന്നിരുന്നു. ഇതിനിടെ 13,000 കോടിയുടെ ഓഹരി തിരികെ വാങ്ങാൽ പദ്ധതി സ്ഥാപകരും ഉപയോഗപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു.

രവി വെങ്കടേശന് പിന്തുണയുമായി കിരൺ മജുംദാർ ഷാ

ബെംഗളൂരു ∙ കഴിഞ്ഞ ദിവസം രാജിവച്ച ബോർഡ് അംഗം രവി വെങ്കടേശനെതിരെ ഇൻഫിയിൽ കൂട്ട ആക്രമണമുണ്ടായപ്പോഴും പിന്തുണയുമായി ബയോകോൺ എംഡിയും ഇൻഫോസിസിലെ സ്വതന്ത്ര ഡയറക്ടറുമായ കിരൺ മജുംദാർ ഷാ. ബോർഡിലുണ്ടായിരുന്ന ഏറ്റവും വിലയേറിയ അംഗമായിരുന്നു വെങ്കടേശനെന്നാണ് മജുംദാർ ഷാ പറയുന്നത്. രാജിവയ്ക്കണമെന്നാവശ്യപ്പെടുന്നതാണ് ഒരാളോടു കമ്പനിക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും മോശമായ കാര്യമെന്നും അവർ പറഞ്ഞു. അദ്ദേഹത്തെ കുറ്റം പറയുന്നവർ വസ്തുത അറിയാത്തവരെന്നും മജുംദാർ ഷാ വിമർശിച്ചു.

ആശ്വസിക്കാം, പക്ഷേ...

ഇൻഫോസിസ് എന്ന രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയുടെ തലപ്പത്തേക്കു നന്ദൻ നിലേകനി തിരിച്ചെത്തിയെങ്കിലും കമ്പനിക്ക് ഇനിയും ആശ്വസിക്കാറായിട്ടില്ല. കൊടുങ്കാറ്റു ശാന്തമാക്കാൻ നിലേക്കനിക്കു നന്നായി വിയർപ്പൊഴുക്കണം. ഇടക്കാല സിഇഒ ആയി പ്രവീൺ റാവുവിനെ നിയമിച്ചെങ്കിലും നിലേകനിയുടെ പ്രധാന ജോലി സിഇഒയെ കണ്ടെത്തൽ തന്നെ.

ഇൻഫിയിൽ നിന്നു മാറിനിന്നപ്പോഴുണ്ടായിരുന്ന വിടവു പരിഹരിച്ചുകൊണ്ടു പുതിയ കാലത്തിന്റെ സാങ്കേതികവിദ്യയുമായി കമ്പനിയെ മുന്നോട്ടുനയിക്കണം. ഒരു വർഷമായി മോശം പ്രകടനം കാഴ്ചവയ്ക്കുന്ന കമ്പനിയെ തിരിച്ചുകൊണ്ടുവരണം. ഐടി രംഗത്ത് ആഗോളതലത്തിൽ നിലനിൽക്കുന്ന മാന്ദ്യം അതിജീവിച്ച് കമ്പനിയെ മത്സരക്ഷമതയുള്ളതാക്കണം. ഇടപാടുകാരുടെയും നിക്ഷേപകരുടെയും ആശങ്ക അകറ്റി, താൽപര്യങ്ങൾ സംരക്ഷിക്കണം.നിലവിൽ ആശങ്കയിലുള്ള വിദേശ സ്ഥാപന നിക്ഷേപകരെ കമ്പനിയുടെ മികച്ച പ്രകടനം കൊണ്ടു പിടിച്ചുനിർത്തണം.