Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിലേകനിക്ക് പ്രതിഫലം ഇല്ലെന്ന് ഇൻഫോസിസ്

Nandan Nilekani

ബെംഗളൂരു ∙ ഇൻഫോസിസിന്റെ നോൺ എക്സിക്യുട്ടീവ്, നോൺ ഇൻഡിപ്പെൻഡന്റ് ചെയർമാനായി നിയമിതനായ നന്ദൻ നിലേകനിക്ക് പുതിയ പദവിയിൽ ശമ്പളമടക്കം പ്രതിഫലമൊന്നുമില്ലെന്ന് കമ്പനി. ഇതു സംബന്ധിച്ച അറിയിപ്പ് ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ കമ്പനി സമർപ്പിച്ചു. വിരമിക്കലുകളെത്തുടർന്ന് കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ ഒഴിവു വരുന്ന മുറയ്ക്കായിരിക്കും അദ്ദേഹത്തെ ഉൾപ്പെടുത്തുക. നിലേകനി 1981–ലാണ് കമ്പനി ഡയറക്ടറായത്. 2009 ജൂലൈ ഒൻപതിന് സ്ഥാനമൊഴിഞ്ഞു. ഏറ്റവും ഒടുവിൽ അദ്ദേഹം കൈപ്പറ്റിയ ശമ്പളം 34 ലക്ഷം രൂപയായിരുന്നു. നിലേകനിക്ക് കമ്പനിയിൽ 2,13,83,480 ഓഹരികളുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

ഇടക്കാല ചീഫ് എക്സിക്യുട്ടീവ് ഓഫിസർ (സിഇഒ) ആയി നിയമിതനായ യു.ബി. പ്രവീൺറാവുവിന് മുൻപ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ (സിഒഒ) എന്ന നിലയിൽ ലഭിച്ചിരുന്ന അതേ ശമ്പളമായിരിക്കും (വർഷം 12.5 കോടി രൂപ) ലഭിക്കുക. ഓഗസ്റ്റ് 18ന് വിശാൽ സീക്ക രാജിവച്ച ഒഴിവിലാണ് പ്രവീൺ റാവുവിനെ കമ്പനി താൽക്കാലിക സിഇഒയും മാനേജിങ് ഡയറക്ടറുമായി നിയമിച്ചത്. സിഒഒ പദവിയിലും തുടരുന്ന റാവുവിന് ഓഹരി ഉടമകൾ നിർദേശിച്ച ശമ്പളമാണ് ലഭിക്കുന്നത്.  റാവുവിന് കമ്പനിയിൽ 5,55,520 ഓഹരികളുമുണ്ട്.

നന്ദൻ നിലേകനിയുടെയും പ്രവീൺ റാവുവിന്റെയും നിയമനങ്ങളടക്കമുള്ള കാര്യങ്ങളിൽ ഓഹരിയുടമകളുടെ അംഗീകാരം നേടുന്നതിനുള്ള വോട്ടിങ് നടപടി ആരംഭിച്ചതായും ഇൻഫോസിസ് അറിയിച്ചിട്ടുണ്ട്. ഓഹരികൾ തിരികെ വാങ്ങുന്ന നടപടി, സ്വതന്ത്ര ഡയറക്ടറായി ഡി. സുന്ദരത്തിന്റെ നിയമനം എന്നിവയ്ക്കും നിക്ഷേപകർ അംഗീകാരം നൽകേണ്ടതുണ്ട്. ഇതിനുള്ള ഇ വോട്ടിങ്ങും പോസ്റ്റൽ ബാലറ്റും ഈമാസം എട്ടിന് ആരംഭിക്കും. ഒക്ടോബർ ഏഴിന് സമാപിക്കും.