Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഎസ്ടി വരുമാനത്തിൽ കേരളത്തിനു തിരിച്ചടി

gst

തിരുവനന്തപുരം∙ ജിഎസ്ടി നടപ്പാക്കിയശേഷമുള്ള ആദ്യ മാസത്തെ നികുതി വരുമാനത്തിൽ സംസ്ഥാനത്തിനു കനത്ത തിരിച്ചടി. വ്യാപാരികൾ സമർപ്പിച്ച റിട്ടേൺ പ്രകാരം സംസ്ഥാനത്തിനു ലഭിച്ച ജൂലൈയിലെ ജിഎസ്ടി 721 കോടി രൂപ. ഇതിനു പുറമെ കേന്ദ്രം പിരിച്ച ഐജിഎസ്ടിയിൽനിന്നുള്ള വിഹിതം 450 കോടി രൂപയായിരിക്കുമെന്നും ഇത് ഉടൻ കൈമാറുമെന്നും കേന്ദ്രത്തിൽനിന്ന് അറിയിപ്പും ലഭിച്ചു. രണ്ടുംകൂടി ചേർത്താൽ ജൂലൈയിലെ ആകെ ജിഎസ്ടി വരുമാനം 1171 കോടി രൂപ മാത്രം. മുൻപു വാറ്റ് നികുതിയിനത്തിൽ പ്രതിമാസം 1200 കോടി രൂപ സംസ്ഥാന സർക്കാരിനു ലഭിച്ചിരുന്നിടത്താണ് ഇൗ കുറവ്.

ജിഎസ്ടി വരുന്നതോടെ നികുതി വരുമാനത്തിൽ കാര്യമായ വർധനയുണ്ടാകുമെന്നും ഉപഭോക്തൃ സംസ്ഥാനമെന്ന പ്രത്യേകത കാരണം ഏറ്റവും കൂടുതൽ ഗുണം കേരളത്തിനായിരിക്കുമെന്നുമുള്ള പ്രതീക്ഷയ്ക്കു മങ്ങലേൽപിക്കുന്നതാണു പുതിയ കണക്ക്. കേന്ദ്ര വിഹിതമായി മാത്രം 800 കോടി രൂപ പ്രതീക്ഷിച്ചിരുന്നിടത്താണു 450 കോടി രൂപയാണു തരാൻ പോകുന്നതെന്ന അറിയിപ്പ് കേന്ദ്രത്തിൽനിന്നു വന്നത്.

ഇതര സംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്കു ചരക്ക് എത്തിക്കുമ്പോൾ കൃത്യമായി ബിൽ തയാറാക്കാത്തതാണ് നികുതി ഇടിവിനു കാരണമെന്നാണു സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ പ്രാഥമിക കണക്കുകൂട്ടൽ. ചരക്ക് ഇവിടേക്കാണെന്ന് ഇൻവോയ്സിൽ രേഖപ്പെടുത്തിയില്ലെങ്കിൽ നികുതി കേരളത്തിനു നഷ്ടപ്പെടും. ജിഎസ്ടിക്കു കീഴിൽ ഫലപ്രദമായ ചരക്കു കടത്ത് ഉറപ്പാക്കുന്ന ഇ-വേ ബിൽ സോഫ്റ്റ്‌വെയറാകട്ടെ ഇതുവരെ തയാറായിട്ടുമില്ല.

ജിഎസ്ടി പ്രകാരം ഇതര സംസ്ഥാനങ്ങളിൽനിന്ന് ഇവിടേക്കെത്തുന്ന ചരക്കിനു നികുതി ലഭിക്കുക കേരളത്തിനാണ്. ഇൗ നികുതി പിരിച്ചെടുത്തു കേരളത്തിനു നൽകേണ്ടതാകട്ടെ കേന്ദ്രവും. ഇത്തരത്തിൽ പിരിച്ചെടുത്ത നികുതിയുടെ വിഹിതമായാണു 450 കോടി രൂപ കൈമാറുന്നതെന്നാണു കേന്ദ്രം അറിയിച്ചിരിക്കുന്നത്. ജിഎസ്ടി വന്നതോടെ സംസ്ഥാനത്തിന് ആദ്യമായി സേവന നികുതി ലഭിക്കുന്നതിനാൽ കേന്ദ്രത്തിൽനിന്ന് ഇത്ര കിട്ടിയാൽ പോരെന്നാണു സംസ്ഥാന ധനവകുപ്പിന്റെ നിലപാട്.

കേന്ദ്രം നൽകുന്ന 450 കോടി രൂപ ഏതൊക്കെ ഇനത്തിലാണെന്നു വ്യക്തമായാൽ മാത്രമേ നികുതി വരുമാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ടോ എന്നു വിലയിരുത്താൻ കഴിയൂവെന്നും ധനവകുപ്പു വ്യക്തമാക്കി.