Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയ്ക്കു പുറത്തേക്ക് പറക്കാനൊരുങ്ങി വിസ്താര

Vistara-Airbus

ടാറ്റ–സിംഗപ്പൂർ എയർലൈൻസ് സംയുക്ത സംരംഭമായ ഇന്ത്യൻ ഫുൾ സർവീസ് വിമാനക്കമ്പനി വിസ്താര രാജ്യാന്തര സർവീസുകൾ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കി. ഓർഡർ ചെയ്ത വിമാനങ്ങൾ മുൻനിശ്ചയിച്ചതിനെക്കാൾ മുൻപെത്തിക്കാൻ ശ്രമം തുടങ്ങി. അടുത്ത മാർച്ചോടെ രാജ്യാന്തര സർവീസുകൾ ആരംഭിക്കുകയാണു ലക്ഷ്യം.

നിലവിൽ 16 വിമാനങ്ങളാണു വിസ്താരയ്ക്കുള്ളത്. ഇന്ത്യയിലെ നിയമപ്രകാരം, രാജ്യാന്തര സർവീസ് ആരംഭിക്കുന്നതിനുമുൻപ് ഒരു വിമാനക്കമ്പനിക്കു കുറഞ്ഞത് 20 വിമാനങ്ങൾ സ്വന്തമായുണ്ടായിരിക്കണം. ഇവ ഉപയോഗിച്ച് ആഭ്യന്തര സർവീസുകൾ നടത്തണം. 21–ാമത്തെ വിമാനം മുതൽ രാജ്യാന്തര സർവീസുകൾക്കായുപയോഗിക്കാം.

വിസ്താരയുടെ വിമാനം വാങ്ങൽ പദ്ധതി പ്രകാരം ഇരുപതാമത്തെ വിമാനമെത്തേണ്ടത് അടുത്ത ജൂണിലായിരുന്നു. അത് മാർച്ചോടെയെത്തിക്കാനാണു പദ്ധതി. മേയ്, ജൂൺ മാസങ്ങളിൽ രണ്ടു വിമാനങ്ങൾ കൂടി വാങ്ങി രാജ്യാന്തര സർവീസുകൾ ആരംഭിക്കുകയാണു ലക്ഷ്യം. സിംഗപ്പൂർ എയർലൈൻസിൽനിന്നു വിമാനങ്ങൾ പാട്ടത്തിനെടുക്കാനും സാധിക്കും.

ഗൾഫ്, തെക്കു കിഴക്കേഷ്യൻ രാജ്യങ്ങളിലേക്കായിരിക്കും ആദ്യ വിദേശ സർവീസുകൾ. ജപ്പാനിലേക്കും യുഎസ് യൂറോപ്യൻ രാജ്യങ്ങളിലേക്കും നോൺ സ്റ്റോപ് ദീർഘദൂര സർവീസുകളും വിസ്താര ലക്ഷ്യമിടുന്നുണ്ട്.

ടാറ്റ സൺസിന് 51 ശതമാനവും സിഗംപ്പൂർ എയർലൈൻസിന് 49 ശതമാനവും ഓഹരി പങ്കാളിത്തമാണു വിസ്താരയിലുള്ളത്. 2013ൽ ആരംഭിച്ച കമ്പനി 2015 ജനുവരിയിലാണ് ആദ്യ സർവീസ് ആരംഭിച്ചത്. എയർബസിന്റെ 13 എ 320–200 വിമാനങ്ങളും മൂന്ന് എ 320 നിയോ വിമാനങ്ങളുമാണ് ഇപ്പോൾ സ്വന്തമായുള്ളത്. നാലു നിയോ വിമാനങ്ങൾക്കു കൂടി ഓർഡർ നൽകിയതു ലഭിക്കാനുണ്ട്.