Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാറ്റ സൺസ് ലിമിറ്റഡിനെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കാനുള്ള തീരുമാനം എതിർക്കുമെന്ന് മിസ്ത്രി

Cyrus Mistry

കൊച്ചി∙ ടാറ്റ സൺസ് ലിമിറ്റഡിനെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കാനുള്ള തീരുമാനം നിയമ പ്രശ്നത്തിൽ. ടാറ്റ ഗ്രൂപ്പ്–സൈറസ് മിസ്ത്രി യുദ്ധത്തിൽ മിസ്ത്രിക്ക് നേരിയ മുൻതൂക്കം. മിസ്ത്രിയുടെ രക്ഷയ്ക്ക് എത്തിയത് ദേശീയ കമ്പനി നിയമ അപ്‌ലറ്റ് ട്രൈബ്യൂണലിന്റെ (എൻസിഎൽഎടി)  ഉത്തരവ്.

ട്രൈബ്യൂണലിൽ പരാതി നൽകണമെങ്കിൽ ഒരു സ്ഥാപനത്തിന് അല്ലെങ്കിൽ വ്യക്തിക്ക് അതേ കമ്പനിയിൽ കുറഞ്ഞത് 10% ഓഹരി പങ്കാളിത്തം വേണം. മിസ്ത്രിയുടെ ഷപൂർജി പല്ലോൻജി ഗ്രൂപ്പിന്  ടാറ്റ സൺസിൽ 18.4% പങ്കാളിത്തം ഉണ്ട്. എന്നാൽ മുൻഗണനാ ഓഹരികൾ ( പ്രിഫറൻഷ്യൽ ഒാഹരികൾ) ഒഴിവാക്കിയാൽ ഓഹരി പങ്കാളിത്തം മൂന്നു ശതമാനത്തിൽ താഴെയാണ്. ഇത്തരത്തിൽ കണക്കാക്കിയാൽ മിസ്ത്രിയുടെ പങ്കാളിത്തം 10 ശതമാനത്തിൽ താഴെ മാത്രമാണ്. ഈ നിബന്ധനയിലാണ് ട്രൈബ്യൂണൽ ഇളവ് അനുവദിച്ചത്.

മിസ്ത്രി കുടുംബത്തിന് 2.17% ഓഹരി മാത്രമാണ് ഉള്ളതെന്നും അതിനാൽ ടാറ്റ സൺസ് ലിമിറ്റഡിനെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കാനുള്ള തീരുമാനത്തെ ട്രൈബ്യൂണലിൽ ചോദ്യം ചെയ്യാൻ മിസ്ത്രിക്ക് അവകാശമില്ലെന്നും ടാറ്റ സൺസ് വാദിച്ചിരുന്നു. ഇതിനിടയിലാണു മിസ്ത്രിക്ക് ആശ്വാസമായി അപ് ലറ്റ്  ട്രൈബ്യൂണലിന്റെ തീരുമാനം. എന്നാൽ ഏപ്രിലിൽ ദേശീയ കമ്പനി നിയമ  ട്രൈബ്യൂണൽ (എൻസിഎൽടി) മിസ്ത്രിയുടെ ഇത്തരത്തിലുള്ള ആവശ്യം നിരാകരിച്ചിരുന്നു. മിസ്ത്രിയുടെ പരാതിയിൽ മൂന്നുമാസത്തിനുള്ളിൽ  തീരുമാനം ഉണ്ടാക്കണമെന്നും എൻസിഎൽഎടി നിർദേശിച്ചു. ന്യൂനപക്ഷ ഓഹരി ഉടമകളുടെ താൽപര്യങ്ങളെ സംരക്ഷിക്കുന്നതിൽ ടാറ്റ സൺസ് ഗുരുതരമായ വീഴ്ച വരുത്തുന്നതായി മിസ്ത്രി കുടുംബത്തിന്റെ സ്ഥാപനങ്ങളായ സൈറസ് ഇൻവെസ്റ്റ്മെന്റ്സ്, സ്റ്റെർലിങ് ഇൻവെസ്റ്റ്മെന്റ്സ് എന്നിവ ആരോപിച്ചു.

ടാറ്റ സൺസ് ലിമിറ്റഡിനെ പ്രൈവറ്റ് ലിമിറ്റഡ് ആക്കാനുള്ള തീരുമാനത്തെ വ്യാഴാഴ്ച ചേർന്ന വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകൾ അംഗീകരിച്ചുവെങ്കിലും ലാഭവിഹിതം സംബന്ധിച്ച നിർദേശം ഒഴികെ മറ്റെല്ലാ തീരുമാനത്തെയും മിസ്ത്രി കുടുംബം എതിർക്കുകയാണു ചെയ്തത്.

പ്രൈവറ്റ് ലിമിറ്റഡ് ആകുന്നതോടെ ടാറ്റ സൺസിന് നേട്ടങ്ങൾ ഏറെയാണ്. ഒന്ന്: ലിമിറ്റഡ് കമ്പനികൾ നടത്തുന്ന രീതിയിലുള്ള പ്രഖ്യാപനങ്ങളും, വെളിപ്പെടുത്തലുകളും പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നടത്തേണ്ടതില്ല. രണ്ട്: ലാഭവിഹിതം നൽകുന്നതിൽ രണ്ടോ, മൂന്നോ വർഷം വീഴ്ച വരുത്തിയാൽ മുൻഗണനാ ഓഹരി ഉടമകൾക്ക് വോട്ട് ചെയ്യാൻ കൂടുതൽ അവസരം ലഭിക്കും. 2016 ഡിസംബറിലെ കണക്ക് പ്രകാരം ഈ വിഭാഗത്തിൽ രത്തൻ ടാറ്റയുടെ പങ്കാളിത്തം 35.6%. വ്യക്തിഗത ഓഹരി ഉടമകളിലും മുന്നിൽ രത്തൻ ടാറ്റ തന്നെ. മൂന്ന്: പബ്ലിക് ലിമിറ്റഡ് കമ്പനിയിലെ ഓഹരി ഉടമയ്ക്ക് ഓഹരി ആർക്ക് വേണമെങ്കിലും വിൽക്കാം. പ്രൈവറ്റ് ലിമിറ്റഡ് ആയാൽ ഇതിന് കഴിയില്ല.

ഇതുതന്നെയാണു ടാറ്റ സൺസ് ലക്ഷ്യമിടുന്നത്. മിസ്ത്രി കുടുംബത്തിന്റെ കൈവശമുള്ള ഓഹരികൾ മറ്റാർക്കും വിൽക്കാതിരിക്കുക. ടാറ്റ ട്രസ്റ്റിനും, ടാറ്റ ഗ്രൂപ്പ് കമ്പനികൾക്കും ടാറ്റ സൺസിൽ 79% ഓഹരി പങ്കാളിത്തം ഉണ്ട്. ടാറ്റ സൺസ് ഓഹരികൾ ‘റെയ്ഡ്’ ചെയ്ത് ആ‍ർക്കും കൈവശപ്പെടുത്താൻ കഴിയില്ല. ക്രോസ് ഹോൾഡിങ് എന്നു വിളിക്കുന്ന വളരെ സങ്കീർണവും പരസ്പര ബന്ധിതവുമായ ഓഹരി ഉമടസ്ഥതയാണ് ടാറ്റാ ട്രസ്റ്റുകൾക്കുള്ളത്. ടാറ്റ സൺസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആയതുകൊണ്ട് ടാറ്റ സാമ്രാജ്യത്തിലെ കമ്പനികളുടെ ബിസിനസ് നടത്തിപ്പിലോ വായ്പയെടുക്കുന്നതിനോ യാതൊരു വ്യത്യാസവും ഉണ്ടാവുകയുമില്ല. രത്തൻ ടാറ്റയുമായുള്ള കടുത്ത ഭിന്നതകളെത്തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബർ 24ന് ആണ്  സൈറസ് മിസ്ത്രിയെ ടാറ്റ സൺസിന്റെ ചെയർമാൻ സ്ഥാനത്തു നിന്നു പുറത്താക്കിയത്. 

പ്രൈവറ്റ് ലിമിറ്റഡ്

∙ പൊതു വിപണിയിൽ ഓഹരി ക്രയവിക്രയം ഇല്ലാത്ത കമ്പനി

∙ പേരിനൊപ്പം പ്രൈവറ്റ് ലിമിറ്റഡ്

∙ ഏറ്റവും കുറഞ്ഞ അടച്ചുതീർത്ത മൂലധനം: ഒരു ലക്ഷം രൂപ

∙ ഓഹരി കൈമാറ്റത്തിന് പൂർണ നിയന്ത്രണം

∙ ഏറ്റവും കുറഞ്ഞ ഓഹരി ഉടമകളുടെ എണ്ണം 2

∙ സ്റ്റോക് എക്സ്ചേഞ്ചുമായി ബന്ധമില്ല

∙  മാനേജ്മെന്റിന്റെ ശമ്പളം: നിയന്ത്രണമില്ല

പബ്ലിക് ലിമിറ്റഡ്

∙ കമ്പനിയുടെ ഓഹരികൾ പൊതു വിപണിയിൽ ക്രയവിക്രയം നടക്കുന്നു.

∙ പബ്ലിക് ലിമിറ്റഡ് എന്നു പേരിനൊപ്പം

∙ മിനിമം അടച്ചുതീർന്ന മൂലധനം 5 ലക്ഷം രൂപ.

∙ ഓഹരി കൈമാറ്റത്തിന് നിയന്ത്രണമില്ല

∙ ഏറ്റവും കുറഞ്ഞ ഓഹരി ഉടമകളുടെ എണ്ണം 7

∙ ഓഹരികൾ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യണം.

∙ മാനേജ്മെന്റിന്റെ ശമ്പളം ലാഭത്തിന്റെ 11% എന്നു നിയന്ത്രണമുണ്ട്.

ടാറ്റ സൺസ്

66% ഓഹരിയും ടാറ്റ കുടുംബത്തിന്റെ ട്രസ്റ്റുകളുടെ കയ്യിൽ. ഇതിൽ ഏറ്റവും വലുത് സർ ദൊറാബ് ജി ടാറ്റ ട്രസ്റ്റും സർ രത്തൻ ടാറ്റ ട്രസ്റ്റും. സൈറസ് മിസ്ത്രിയുടെ കുടുംബത്തിന്റെ രണ്ടു നിക്ഷേപക സ്ഥാപനങ്ങൾക്കും ഷപൂർജി മിസ്ത്രിക്ക് വ്യക്തിപരമായുള്ളത് 18.4% ഓഹരികൾ. 1930–കളിൽ ജെആർഡി ടാറ്റ ചെയർമാനായപ്പോൾ പിണങ്ങിയ സഹോദരൻ ദൊറാബ് കൈമാറിയതാണ് മിസ്ത്രി കുടുംബത്തിനു കിട്ടിയ ഓഹരികൾ എന്നു പറയപ്പെടുന്നു. 1913ലെ കമ്പനി നിയമപ്രകാരം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായിരുന്ന ടാറ്റ സൺസ് പിന്നീട് 1975ൽ 1956ലെ കമ്പനി നിയമത്തിലെ ചില വ്യവസ്ഥകൾ പ്രകാരം ‘ഡീംഡ് പബ്ലിക് ലിമിറ്റഡ്’ കമ്പനിയാവുകയായിരുന്നു. എന്നാൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സ്വഭാവത്തിൽത്തന്നെയായിരുന്നു പ്രവർത്തനം.