Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്മാർട് സിറ്റിയെ നയിക്കാൻ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ

manoj-nair

കൊച്ചി ∙ മെല്ലെപ്പോക്കിലായ സ്മാർട് സിറ്റി കൊച്ചി ഐടി പദ്ധതിയെ നയിക്കാൻ ചീഫ് ഓപ്പറേറ്റിങ് ഓഫിസറെ (സിഒഒ) നിയമിക്കാൻ പ്രമോട്ടർമാരായ ദുബായ് ഹോൾഡിങ് തീരുമാനം. 

ദുബായ് ഹോൾഡിങ്ങിനു കീഴിലുള്ള ദുബായ് പ്രോപ്പർട്ടീസ് ഗ്രൂപ്പ് മുൻ സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ മനോജ് നായരെ സിഒഒ ആയി നിയമിക്കാനാണു തീരുമാനം. സ്മാർട് സിറ്റി ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിനു ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം. സ്മാർട് സിറ്റിയുടെ ദൈനംദിന ചുമതലകൾ നിർവഹിക്കാൻ സിഒഒയെ നിയോഗിക്കുന്നത് ആദ്യം. കോഴിക്കോട് കുടുംബവേരുകളുള്ള മനോജ് നായർ പുണെയിലാണു ജനിച്ചതും വളർന്നതും. സ്മാർട് സിറ്റിയിൽ പ്രവർത്തിക്കുന്ന കമ്പനികളുമായുള്ള ആശയവിനിമയം, പുതിയ കമ്പനികളെ ആകർഷിക്കൽ തുടങ്ങിയ ചുമതലകളാകും അദ്ദേഹത്തിനു നിർവഹിക്കേണ്ടിവരുക.

നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുകയാണു പ്രധാന വെല്ലുവിളി. ദുബായ് ഹോൾഡിങ് ചെയർമാൻ അബ്ദുല്ല അഹമ്മദ് അൽ ഹബ്ബായ്, കൊച്ചി സ്മാർട് സിറ്റി സിഇഒയുടെ ചുമതല വഹിക്കുന്ന ദുബായ് ഹോൾഡിങ്സ്‌ ചീഫ് റിയൽ എസ്റ്റേറ്റ് ഓഫിസർ ഖാലിദ് അൽ മാലിക് എന്നിവർ ഉൾപ്പെടെയുള്ള പ്രതിനിധി സംഘം മുഖ്യമന്ത്രിയുമായുള്ള ചർച്ചകൾക്കായി ഏറെ വൈകാതെ കേരളത്തിലെത്തും.  ദുബായ് ഹോൾഡിങ്സ് കൊറിയയിലെയും നൈജീരിയയിലെയും സ്മാർട് സിറ്റി പദ്ധതികൾ ഉപേക്ഷിക്കാൻ തീരുമാനിച്ചുവെങ്കിലും കൊച്ചി പദ്ധതിയുമായി മുന്നോട്ടുപോകുമെന്നാണു സർക്കാരിനെ അറിയിച്ചിട്ടുള്ളത്.

അതേസമയം, പദ്ധതിയിലെ ആദ്യ ഐടി മന്ദിരത്തിന്റെ പ്രോജക്ട് മാനേജ്മെന്റ് കൺസൽറ്റന്റ് ആയിരുന്ന സിനർജി പ്രോപ്പർടി ഡവലപ്മെന്റ് സർവീസസുമായുള്ള സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിച്ചതായാണു സൂചന. കൺസൽറ്റൻസി ഫീസ് സംബന്ധിച്ച പ്രശ്നത്തിൽ സിനർജി നിയമനടപടികൾക്കു തുടക്കമിട്ടിരുന്നു. നഷ്ടപരിഹാരം നൽകിയാണു പ്രശ്നം പരിഹരിച്ചതെന്നാണു സൂചനയെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല.