Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്ഥാനത്തു മണൽ ക്ഷാമം തീർക്കാൻ പൊന്നാനി മോഡൽ

Ponnani-Fishing-Harbour

കൊച്ചി ∙ തുറമുഖങ്ങളുടെ ആഴം കൂട്ടാനായി ഡ്രജ് ചെയ്യുന്ന മണൽ ശുദ്ധീകരിച്ച് കെട്ടിട നിർമാണത്തിന് ഉപയോഗിക്കുന്ന പൊന്നാനി മോഡൽ മറ്റു തുറമുഖങ്ങളിലേക്കും. നഗരസഭയുടെ നേതൃത്വത്തിൽ തുറമുഖം ഡ്രജ് ചെയ്യും, അങ്ങനെ കിട്ടുന്ന ചെളി കലർന്ന മണൽ സ്വകാര്യ കമ്പനി ശുദ്ധീകരിക്കും, സർക്കാർ ഓൺലൈൻ വഴി ആവശ്യക്കാർക്കു വിൽക്കും– അതാണു പൊന്നാനി മോഡൽ.

ഒരു ടൺ മണലിന് 1900 രൂപയാണു സർക്കാർ വില നിശ്ചയിച്ചിരിക്കുന്നത്. 5% ജിഎസ്ടിയും ചേർത്ത് 1995 രൂപ. അതിനർഥം അഞ്ചു ടൺ വരുന്ന ഒരു ലോറി മണലിനു വില 10000 രൂപയിൽ താഴെ മാത്രമാണെന്നാണ്. അനധികൃതമായി നദികളിൽനിന്നു വാരുന്ന മണലിനു വിപണിയിൽ 20000 രൂപയിലേറെ വിലയുള്ളപ്പോഴാണ് സർക്കാർ പകുതി വിലയ്ക്കു മണൽ ലഭ്യമാക്കുന്നത്.

കൊച്ചി ഉൾപ്പെടെ തുറമുഖങ്ങൾ ഡ്രജ് ചെയ്യുമ്പോൾ ലഭിക്കുന്ന മണലും ചെളിയും ഉപ്പും കക്കയും മറ്റും ചേർന്ന മിശ്രിതം പുറംകടലിൽ തള്ളുകയാണു പതിവ്. നദിയിലൂടെ ഒഴുകിയെത്തുന്ന വിലപ്പെട്ട മണ്ണ് അങ്ങനെ പാഴാക്കപ്പെടുന്നു. നദിയുടെ മേൽ ഭാഗങ്ങളിൽ നിന്ന് അമിതമായി മണൽ വാരി നദിയുടെ തന്നെ നാശത്തിനു വഴി വയ്ക്കുകയും ചെയ്യുമ്പോഴാണ് ഈ പാഴാക്കൽ. പൊന്നാനിയിൽ ഭാരതപ്പുഴ കടലിൽ ചേരുന്ന ഭാഗത്ത് ഉപ്പുകലർന്ന മണൽ ശുദ്ധീകരിച്ചു വിൽപന ആരംഭിച്ചപ്പോൾ അതിനെതിരെ ചില കേന്ദ്രങ്ങളിൽ നിന്നു വന്ന കേസും സ്റ്റേയും മറ്റും ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയതോടെയാണ് മറ്റു തുറമുഖങ്ങളിലേക്കും ഇതേ മോഡൽ വ്യാപിപ്പിക്കാൻ തുറമുഖ വകുപ്പ് തീരുമാനിച്ചത്.

പൊന്നാനി തുറമുഖത്ത് മാസം ഡ്രജ് ചെയ്യേണ്ടത് ഏകദേശം 50000–55000 ടൺ മണലാണ്. 300 തൊഴിലാളികൾ വള്ളങ്ങളിൽ മണൽ വാരി ഡ്രജിങ് ജട്ടികൾ വഴി ലോറികളിൽ കയറ്റി 21 കി.മി. അകലെ കുറ്റിപ്പുറത്തുള്ള കിൻഫ്ര പാർക്കിലെത്തിക്കുകയാണ്. രാജധാനി മിനറൽസിനാണ് മണൽ ശുദ്ധീകരണ ചുമതല. രാസ വസ്തുക്കൾ ചേർക്കാതെ ഐറിഷ് സാങ്കേതികവിദ്യയിലൂടെ ശുദ്ധീകരിച്ച മണൽ ഓൺലൈനിലൂടെ വിൽപന നടത്തുന്നത് തുറമുഖ വകുപ്പു തന്നെ. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലേക്കാണ് ഈ മണൽ പ്രധാനമായും പോകുന്നത്.

വില കുറവായതിനാലും ബിഎസ്812 ഗുണനിലവാരം ഉള്ളതിനാലും വൻ ഡിമാൻഡാണ് സർക്കാർ മണലിന്. മണൽ വാങ്ങാനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചുവെന്ന് തുറമുഖ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ പറഞ്ഞു. സർക്കാർ പദ്ധതി ഏറ്റെടുത്തിട്ടുള്ള ഗവ. കരാറുകാർക്ക് എക്സിക്യൂട്ടീവ് എൻജിനീയറുടെ കത്ത് ഉൾപ്പെടെ ഓൺലൈനിൽ അപേക്ഷിച്ചാൽ ഈ മണൽ ലഭിക്കും.

ശുദ്ധീകരണ പ്ലാന്റിനു വേണ്ടി വന്ന 11.5 കോടി ഉൾപ്പെടെ 18 കോടിയുടെ നിക്ഷേപം പദ്ധതിയിലുണ്ടെന്ന് രാജധാനി മിനറൽസിന്റെ സംരംഭകൻ പി.എ.ലത്തീഫ് ചൂണ്ടിക്കാട്ടി. മണൽ വിൽക്കുമ്പോൾ കിട്ടുന്ന തുക കരാറനുസരിച്ച് 35% സർക്കാരിനും 65% കമ്പനിക്കുമാണ്. കണ്ണൂരിലെ അഴീക്കൽ തുറമുഖത്ത് ഇതേ മോഡലിൽ മണൽ ശുദ്ധീകരിച്ചു വിൽപന നടത്താൻ സർക്കാർ ടെൻഡർ പുറപ്പെടുവിച്ചിട്ടുണ്ട്. അവിടെ മാസം ഒരു ലക്ഷം ടൺ മണൽ വരെ ഡ്രജ് ചെയ്യേണ്ടതുണ്ട്. കാസർകോട്, വടകര, തലശേരി, ബേപ്പൂർ, കൊടുങ്ങല്ലൂർ തുറമുഖങ്ങളിലേക്കും പൊന്നാനി മോഡൽ വ്യാപിപ്പിച്ചാൽ കൂടുതൽ സംരംഭകർക്ക് അവസരമാണത്.

മലപ്പുറം ജില്ലയ്ക്കു മാത്രം മാസം അരലക്ഷം ടൺ മുതൽ ഒരു ലക്ഷം ടൺ വരെ മണൽ ആവശ്യമാണ്. നിലവിൽ പൊന്നാനിയിൽ മാസം 8000 ടൺ മണൽ മാത്രമാണ് ശുദ്ധീകരണം. ദിവസം 2000 ടൺ മണൽ ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ലാന്റാണു സ്ഥാപിച്ചിരിക്കുന്നത്. പൂർണശേഷിയിൽ മാസം അരലക്ഷം ടൺ മണൽ ശുദ്ധീകരിച്ചു വിറ്റാൽ സർക്കാരിന് മാസം മൂന്നു കോടിയും പൊന്നാനി മുനിസിപ്പാലിറ്റിക്ക് മാസം 50 ലക്ഷവും വരുമാനം നേടാൻ കഴിയും. ജിയോളജി വകുപ്പിനു റോയൽറ്റിയും മണൽ വാരാൻ ആയിരത്തോളം തൊഴിലാളികൾക്കു തൊഴിലും ലഭിക്കും.