Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്ര ബാങ്കിലും ട്രംപ് പിടിമുറുക്കുമോ

trump

അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ തലപ്പത്തേക്കു താൻ തിരഞ്ഞെടുക്കുന്നയാളിന്റെ പേര്  ഈ മാസം തന്നെ പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു കഴിഞ്ഞു. ലോകത്തിലെ ഏറ്റവും അധികാരമുള്ള, ശക്തിയുള്ള, നിർണായകമായ ധനകാര്യ ഉദ്യോഗസ്ഥന്റെ‌/ ഉദ്യോഗസ്ഥയുടെ സ്ഥാനത്തേക്ക് ഇനി പ്രാവിനെ വേണ്ട, കഴുകനെ മതി എന്നാണു ട്രംപിന്റെ നിലപാട്. 

ട്രംപിന്റെ 'അമേരിക്ക ഫസ്റ്റ്' എന്ന നിലപാടിനോട് യോജിച്ചുപോകുന്ന ഒരു റിപ്പബ്ലിക്കനാണ് ഫെഡറൽ റിസർവിന്റെ തലപ്പത്തെത്തുന്നതെങ്കിൽ ലോകസമ്പദ്‌വ്യവസ്ഥ തകിടം മറിയുന്ന സാഹചര്യം സൃഷ്ടിക്കപ്പെടാം. മറ്റു രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടി പരിഗണിച്ചു മാത്രം അമേരിക്കയുടെ പണ,പലിശ നയങ്ങൾ തീരുമാനിച്ചിരുന്ന ഫെഡറൽ റിസർവിന്റെ ആദ്യ വനിതാ ചെയർപഴ്സൻ കൂടിയായ ജാനറ്റ് യെലന്റെ 'കരുതൽ' ഇനി വരുന്ന ഫെഡ് മേധാവിക്കുണ്ടായില്ലെങ്കിൽ ഇന്ത്യ ഉൾപ്പടെ കരുതിയിരിക്കണം. പലിശ പരിധിക്കപ്പുറം ഉയർത്തി രാജ്യത്ത് കൂടുതൽ പണലഭ്യത ഉറപ്പാക്കാനുള്ള തീരുമാനം ട്രംപ് സ്വീകരിച്ചാൽ ഏഷ്യൻ,ആഫ്രിക്കൻ, യൂറോപ്യൻ രാജ്യങ്ങളിലുള്ള നിക്ഷേപങ്ങൾ പിൻവലിക്കപ്പെടാം. ആഗോള ഓഹരി, നാണ്യ വിപണികളിലുണ്ടാകുന്ന പ്രത്യാഘാതം ചെറുതായിരിക്കില്ല.

റിപബ്ലിക്കൻ ഗവർണർ?

ജാനെറ്റ് യെലൻ എന്ന സാമ്പത്തിക വിദഗ്ധയെ ഫെഡ് റിസർവിന്റെ തലപ്പത്തേക്കു വീണ്ടും നിയമിക്കാനുള്ള സാധ്യത കുറയ്ക്കുന്നത് അവർ ഡെമോക്രാറ്റ് ആണെന്ന കാരണമാണ്. ചുരുങ്ങിയ കാലം കൊണ്ട് ഗവൺമെന്റ് തലത്തിൽ ട്രംപ് വരുത്തിയ മാറ്റങ്ങൾ ഫെഡറൽ റിസർവിനുള്ളിലും വന്നുകൂടായ്കയില്ലെന്ന് പോൾ ക്രൂഗ്‌മാൻ ഉൾപ്പടെയുള്ള സാമ്പത്തിക വിദഗ്ധർ വിശ്വസിക്കുന്നുണ്ട്. പലിശനിരക്ക് പെട്ടെന്ന് ഉയർത്താത്ത യെലന്റെ നടപടിയെ അഭിനന്ദിച്ച ട്രംപ് പണലഭ്യത കൂട്ടാത്തതിൽ ഒരേസമയം വിമർശിക്കുന്നുമുണ്ട്. 

സാമ്പത്തിക ശാസ്ത്രം അറിയില്ലാത്ത, പണനയങ്ങൾ മനസിലാകാത്ത ട്രംപ് ഫെഡറൽ റിസർവ് മേധാവിയുടെ നിയമനത്തിൽ രാഷ്ട്രീയം കലർത്തിയാൽ പ്രത്യാഘാതം വലുതായിരിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

കെവിൻ വാർഷ് എന്ന റിപ്പബ്ലിക്കുകാരനാണ് അടുത്ത ഫെഡ് മേധാവിയായി വരുകയെന്ന് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. 47 ശതമാനം സാധ്യതയാണ് വാർഷിനുള്ളത്. വിപണികൾ തകരുമെന്ന പേടിയിൽ പലിശ നിരക്കു കൂട്ടാത്ത യെലന്റെ പണനയത്തെ ‘അടിമത്തം’ എന്നു വിശേഷിപ്പിച്ചയാളാണ് വാർഷ്. വാർഷിന്റെ കൈകളിലേക്ക് ഫെഡറൽ റിസർവിന്റെ താക്കോലെത്തിയാൽ സ്ഥിതി വഷളാകുമെന്നുറപ്പാണ്. നിക്ഷേപങ്ങൾ തിരിച്ചുകൊണ്ടുവരാൻ പലിശ ഉയർത്തുന്ന നടപടിയിലേകകായിരിക്കും വാർഷ് ആദ്യം പോകുക. ട്രംപിന്റ് അനുയായിക്കും നയങ്ങളിൽ അമേരിക്ക ഫസ്റ്റ് ചിന്താഗതിയായിരിക്കും ഉണ്ടാവുക. 

ഫെഡറൽ റിസർവ് ഉന്നത ഉദ്യോഗസ്ഥാനായ ജെറോം പവലാണ് സാധ്യതാപട്ടികയിൽ രണ്ടാമതുള്ളത്. 

തഴുകിത്തലോടിയ യെലൻ

ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റിയുടെ തീരുമാനങ്ങൾ പ്രഖ്യാപിക്കാൻ ജാനെറ്റ് യെലൻ മൈക്കിനു മുന്നിലെത്തിയ നിമിഷങ്ങളിലെല്ലാം ലോകവിപണികൾക്ക്  ആശങ്കയുണ്ടായിരുന്നു. പക്ഷേ, 2015 മുതൽ പലിശ നിരക്ക് കാൽ ശതമാനം വീതം ഉയർത്തിയെങ്കിലും യെലൻ ഒരിക്കലും വിപണികളെ പിടിച്ചുലച്ചില്ല. ഓരോ തവണ പലിശ ഉയർത്താനുള്ള തീരുമാനം പ്രഖ്യാപിക്കുമ്പോഴും ഉരുകുന്ന ഗ്രീസിനെയും സൈപ്രസിനെയും ബ്രസീലിനെയും ചൈനയെയും മറ്റ് ആഫ്രിക്കൻ രാജ്യങ്ങളെയുമെല്ലാം ഉദാഹരണങ്ങളാക്കി യെലൻ മറ്റു രാജ്യങ്ങളുടെ സാമ്പത്തിക പ്രതിസന്ധി അമേരിക്ക പരിഗണിക്കുന്നു എന്നു വ്യക്തമാക്കിയിരുന്നു. അതായത് 2008 ലെ മാന്ദ്യത്തെത്തുടർന്ന് അമേരിക്ക മറ്റു രാജ്യങ്ങളിൽ നടത്തിയ, ഉത്തേജക പാക്കേജുകൾ എന്നു വിളിക്കുന്ന നിക്ഷേപങ്ങൾ ഒറ്റയടിക്കു പിൻവലിക്കാനുള്ള സാഹചര്യം ഉണ്ടാക്കില്ലെന്ന ഉറപ്പ് നൽകിയിരുന്നു. 

കൂടുതൽ പലിശ അമേരിക്കയിൽ ലഭിച്ചാൽ ഏഷ്യയിലും ആഫ്രിക്കയിലുമെല്ലാമുള്ള നിക്ഷേപം ഒറ്റയടിക്കു പിൻവലിക്കപ്പെടും. ഇത് ആ രാജ്യങ്ങളുടെ കറൻസിയുടെ മൂല്യമിടിക്കും. കറൻസിയുടെ മൂല്യമിടിഞ്ഞാൽ വിലക്കയറ്റം കൂടും. ഇറക്കുമതിയെ ബാധിക്കും. നാണ്യവിപണിയിലെ പ്രതിസന്ധി ഓഹരി വിപണിയെയും ബാധിക്കും.അങ്ങനെ സാമ്പത്തിക പ്രതിസന്ധിയുണ്ടാകും. ഈ സാഹചര്യം മനസിലാക്കി പടിപടിയായി മാത്രമാണ് യെലൻ പണനയങ്ങൾ തീരുമാനിച്ചത്. 

അരശതമാനം പലിശ ഉയർത്തുമെന്ന് ലോകമാധ്യമങ്ങൾ ഒന്നടങ്കം പ്രവചിച്ചപ്പോഴും പലിശനിരക്കിൽ മാറ്റം വരുത്താതെയോ , കാൽ ശതമാനം മാത്രം കൂട്ടിയോ യെലൻ മറ്റുരാജ്യങ്ങൾക്കു കരുതൽ നൽകി. 2015 മുതൽ 1.25 ശതമാനമാണ് പലിശ നിരക്ക് ഇതുവരെ ഉയർത്തിയത്. മാന്ദ്യം മാറിയെന്നും വളർച്ചുടെ പാതയിലേക്കു തിരിച്ചുവന്നെന്നും പറയുമ്പോഴും ഉയർന്ന  തൊഴിലില്ലായ്മാ നിരക്കും വിലപ്പെരുപ്പവും  ചൂണ്ടിക്കാട്ടി കടുത്ത തീരുമാനങ്ങളിലേക്കു പോകാതിരുന്നു, യെലൻ എന്ന സാമ്പത്തിക വിദഗ്ധ.

മാന്ദ്യം പണ്ടേ പ്രവചിച്ച ബെൻ ബെർണാങ്ക് എന്ന മുൻ ഗവർണർക്കും സമാന ചിന്താഗതിയുണ്ടായിരുന്നു. എന്നാൽ ഇനി വരുന്നയാൾ ചിന്താഗതിയിൽ ട്രംപിന്റെ പിൻഗാമിയാണെങ്കിൽ ഓരോ രാജ്യവും കരുതിയിരിക്കണം. രണ്ടാഴ്ചയ്ക്കു ശേഷം ട്രംപ് നടത്തുന്ന പ്രഖ്യാപനത്തിനായി ആശങ്കയോടെ കാത്തിരിക്കുകയാണു സാമ്പത്തികലോകം.