Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാത്തലിക് സിറിയന്‍ ബാങ്ക് ഐപിഒ 2019ല്‍

കൊച്ചി∙ വിദേശ സ്ഥാപന നിക്ഷേപകരിലൂടെ 400 മുതൽ 600 കോടി വരെ സമാഹരിക്കുമെന്നും 2019 മാർച്ചിനു ശേഷം ഐപിഒ ഉണ്ടാകുമെന്നും കാത്തലിക് സിറിയൻ ബാങ്ക്. പ്രതിസന്ധികളെ അതിജീവിച്ച്  ബാങ്ക് നേട്ടത്തിന്റെ പാതയിലേക്കു കടന്നെന്നു ചെയർമാൻ സി. അനന്തരാമൻ പറഞ്ഞു. തുടർച്ചായ മൂന്നു വർഷത്തെ നേട്ടത്തിന്റെ കണക്കുകൾ വിപണിയിൽ സമർപ്പിക്കാൻ 2019 മാർച്ച് ആകുമ്പോഴേക്കും ബാങ്കിനു കഴിയുമെന്ന് അദേഹം പറഞ്ഞു.

2016 സാമ്പത്തിക വർഷം 149 കോടി നഷ്ടത്തിലായിരുന്ന ബാങ്ക് 2017 സാമ്പത്തിക വർഷത്തിന്റെ അവസാനം 1.55 കോടി രൂപയുടെ ലാഭത്തിലായിരിന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ലാഭത്തിന്റെ പ്രധാന പങ്ക് ട്രഷറി വിഭാഗത്തിൽ നിന്നായിരുന്നു. ഈ വർഷം ആദ്യ പാദത്തിൽ ഒൻപതു കോടിയുടെയും രണ്ടാം പാദത്തിൽ 34 കോടിയുടെയും മൊത്തവരുമാനം ലഭിച്ചു. ആദ്യപാദത്തിൽ 14 കോടിയുടെ നഷ്ടം നേരിട്ടെങ്കിലും രണ്ടാംപാദത്തിൽ ലാഭത്തിലായെന്നും അദേഹം പറഞ്ഞു. അർധവര്‍ഷാവസാനത്തിൽ 6.75 ശതമാനമായി നിഷ്ക്രിയാസ്തി കുറഞ്ഞു. മൂലധനപര്യാപ്തതാ അനുപാതം കഴിഞ്ഞ മാസത്തെ കണക്കുകൾ പ്രകാരം 11.09 ശതമാനമാണ്. ആർബിഐ നിഷ്കർഷിച്ചിട്ടുള്ള അനുപാതം 10.25 ശതമാനമായിരിക്കുമ്പോഴാണ് ഈ നേട്ടം.