Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെളിച്ചെണ്ണ ദുഃഖമാണുണ്ണീ

coconut-oil

കൊച്ചി ∙ ഉൽപാദനത്തിലെ ഇടിവു മൂലം വെളിച്ചെണ്ണ വിലയിൽ വൻ വർധന. വില ലീറ്ററിന് 200 – 225 രൂപ വരെയെത്തി. രണ്ടു വർഷത്തിനിടിയിലെ ഏറ്റവും കൂടിയ നിരക്കാണിത്. ജനുവരി വരെ ഉൽപാദനം മോശമായിരിക്കുമെന്നതിനാൽ വില ഇനിയും ഉയർന്നേക്കുമെന്നാണു വിപണിയുമായി ബന്ധപ്പെട്ടവർ നൽകുന്ന സൂചന. ഓണത്തോടനുബന്ധിച്ചാണു വിലയിൽ വലിയ മുന്നേറ്റമുണ്ടായത്. തുടർന്നിങ്ങോട്ടു വിപണി കൂടുതൽ കരുത്താർജിക്കുകയായിരുന്നു. ദീപാവലി മുഹൂർത്ത വ്യാപാരത്തിൽ അഞ്ചു രൂപയുടെ കയറ്റമാണു കണ്ടത്.

കഴിഞ്ഞ വർഷം ഇതേ സമയത്തു വില 120 – 130 രൂപ മാത്രമായിരുന്നു. വെളിച്ചെണ്ണയുടേതുപോലുള്ള വില വർധന ഒരു വർഷത്തിനിടയിൽ  മറ്റു ഭക്ഷ്യഎണ്ണകൾക്കൊന്നുമുണ്ടായിട്ടില്ല. മഴ തുടരുന്നതാണ് ഉൽപാദനത്തിലെ ഇടിവിനു പ്രധാന കാരണം. അടുത്ത മാസം ശബരിമല തീർഥാടനം ആരംഭിക്കുന്നതോടെ ആവശ്യം വീണ്ടും വർധിക്കും. ഇതാണു വിലക്കയറ്റം തുടരുമെന്ന വ്യാപാരികളുടെ അനുമാനത്തിന് അടിസ്‌ഥാനം.

തേങ്ങയുടെ കയറ്റുമതിയിൽ കണ്ടുവരുന്ന വർധനയും ആഭ്യന്തര വിപണിയെ ബാധിക്കുന്നതായി സംശയിക്കുന്നു. ചില വിദേശരാജ്യങ്ങൾക്ക് ഇന്ത്യയിൽനിന്നു വെളിച്ചെണ്ണയ്‌ക്കു പകരം തേങ്ങ തന്നെ ഇറക്കുമതി ചെയ്യാനാണ് ഇപ്പോൾ താൽപര്യം. ഇന്ത്യയിൽനിന്നുള്ള വെളിച്ചെണ്ണയിലെ മായമാണു കാരണം. തേങ്ങാപ്പാലും മറ്റും നിർമിക്കുന്ന അന്യസംസ്‌ഥാന ഫാക്‌ടറികളിലേക്കു കേരളത്തിൽനിന്നും തമിഴ്‌നാട്ടിൽനിന്നും തേങ്ങ വർധിച്ച തോതിൽ പോകുന്നുണ്ടെന്നതും സംസ്‌ഥാനത്തു ദൗർലഭ്യത്തിനും വിലക്കയറ്റത്തിനും കാരണമായിട്ടുണ്ട്. കേരളത്തിന്റെ ആവശ്യം വലിയൊരളവിൽ നിറവേറ്റുന്ന തമിഴ്‌നാട്ടിലും ഉൽപാദനത്തിൽ വലിയ ഇടിവാണ്. സംസ്‌ഥാനത്തെ മില്ലുകളിൽ നല്ല പങ്കും തമിഴ്‌നാട്ടിൽനിന്നുള്ള കൊപ്രയെ ആശ്രയിക്കുന്നവയാണുതാനും.

അന്നും ഇന്നും

വെളിച്ചെണ്ണ വില സംബന്ധിച്ചു 100 വർഷം മുമ്പ്, 1917 ഏപ്രിൽ 21ന്, മനോരമയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട്:

വില സ്വൽപം കൂടി

ആലപ്പുഴ: കൊപ്രാ, വെളിച്ചെണ്ണ ഈ സാധനങ്ങൾ കൊണ്ടുപോകുന്നതിനു കഴിഞ്ഞ ഒരു മാസക്കാലത്തോളം ആയി ഒരു കപ്പലും വരാഞ്ഞതുകൊണ്ട് ഈ സാധനങ്ങൾക്കു ബജാറിൽ പ്രതിദിനം വില കുറഞ്ഞുവരികയായിരുന്നു. എന്നാൽ, താമസിയാതെ ശീമയിൽ നിന്ന് ഒന്നുരണ്ടു കപ്പലുകൾ വരുമെന്നു ഒരു കിംവദന്തി ഉള്ളതുകൊണ്ട് ഈ സാധനങ്ങൾക്കു ബജാറിൽ ഇപ്പോൾ സ്വൽപം വിലക്കൂടുതലുണ്ട്. കൊച്ചിയിലെ ചില യൂറോപ്യൻ വ്യവസായശാലാ ഉടമസ്‌ഥൻമാരായ മെസ്സേഴ്‌സ് വാൾക്കാട്ട് ബ്രദേഴ്‌സ്, പീയേഴ്‌സ് ലസ്ലി മുതലായ കമ്പനിക്കാർ കൊപ്രാ, വെളിച്ചെണ്ണ ഈ സാധനങ്ങൾക്ക് ഇപ്പോൾ അപ്രതീക്ഷിതമായും ക്രമാതീതമായും ആവശ്യപ്പെടുന്നതിനാലാണ് കപ്പൽ ഉണ്ട് എന്നും മറ്റുമുള്ള സംസാരത്തിനു കാരണം.