Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിസ്ത്രിക്കു ടാറ്റയുടെ റ്റാറ്റ; ഇന്ന് ഒരു വർഷം

tata രത്തൻ ടാറ്റ, സൈറസ് മിസ്ത്രി, എൻ. ചന്ദ്രശേഖരൻ

പ്രമുഖ  വ്യവസായ ഗ്രൂപ്പായ ടാറ്റയുടെ തലപ്പത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയിട്ട് ഇന്ന് ഒരു വർഷം. ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാതൃ കമ്പനിയായ ടാറ്റ സൺസിന്റെ ചെയർമാൻ സ്ഥാനത്തുനിന്നു മിസ്ത്രിയെ പുറത്താക്കാൻ ടാറ്റ കുടുംബം നടത്തിയ നാടകീയനീക്കം വ്യവസായ ലോകത്തെത്തന്നെ ഞെട്ടിച്ചു. ഇടക്കാല ചെയർമാൻ ആയി രത്തൻ ടാറ്റ വീണ്ടും തലപ്പത്തെത്തി. ടാറ്റ സൺസിൽ 18.4% ഓഹരിയുള്ള മിസ്ത്രി കുടുംബം നടപടിക്കെതിരെ ഇപ്പോഴും നിയമയുദ്ധം തുടരുകയാണ്. എന്നാൽ അതിലൊന്നും കുലുങ്ങാതെ, ടാറ്റ മുന്നോട്ടുതന്നെ പോകുന്നു. ടാറ്റ കുടുംബത്തിന്റെ ട്രസ്റ്റുകൾക്ക് കമ്പനിയിൽ 66% ഓഹരിയാണുള്ളത്. ടിസിഎസ് മേധാവി എൻ.ചന്ദ്രശേഖരനെ ചെയർമാനാക്കിയതോടെ, അതിവേഗം ബിസിനസ് തീരുമാനങ്ങളെടുക്കുന്ന അവസ്ഥയിലേക്കു ടാറ്റ മാറുകയും ചെയ്തതായി വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞ  ഒരു വർഷം ടാറ്റ സാമ്രാജ്യത്തിൽ നടന്ന സുപ്രധാന ചലനങ്ങൾ:

∙ 2016 ഒക്ടോ 26  സൈറസ് മിസ്ത്രിയെ പുറത്താക്കിയതിൽ കമ്പനി ഭരണ വ്യവസ്ഥകളുടെ ലംഘനമോ സ്റ്റോക് എക്സ്ചേഞ്ച് വ്യവസ്ഥകളുടെ ലംഘനമോ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)

∙ ഒക്ടോ 26   സൈറസ് മിസ്ത്രി ടാറ്റ സൺസ് ബോർഡ് അംഗങ്ങൾക്കയച്ച ഇ–മെയിലിൽ രത്തൻ ടാറ്റയ്ക്കെതിരെ ആരോപണശരങ്ങൾ.

∙ ഒക്ടോ 27   മിസ്ത്രിയുടെ ആരോപണങ്ങൾക്കു രൂക്ഷമായ മറുപടിയുമായി ടാറ്റ സൺസ്. 

∙ ഒക്ടോ 28   ടാറ്റാ സൺസിന്റെ ചെയർമാൻ സ്ഥാനത്തുനിന്നു പുറത്തായെങ്കിലും സൈറസ് മിസ്ത്രി ഏതാനും ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ തലപ്പത്ത് തുടരുന്നത് അധാർമികമെന്നു ടാറ്റ. ഓഹരി ഉടമകളുടെ യോഗം ചേർന്നു മിസ്ത്രിയെ ഒഴിവാക്കാൻ പിന്നീട് ടാറ്റ സൺസ്, ഗ്രൂപ്പിലെ കമ്പനികൾക്കു നിർദേശം നൽകുകയും അതു നടപ്പാകുകയും ചെയ്തു.

∙ ഡിസംബർ 19  ആറു കമ്പനികളുടെ ഡയറക്ടർ സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രി സ്വയം ഒഴിഞ്ഞു. 

∙ 2017 ജനുവരി 12  ടാറ്റ വ്യവസായ സാമ്രാജ്യത്തിന്റെ തലപ്പത്തേക്ക് ടിസിഎസ് മേധാവി എൻ. ചന്ദ്രശേഖരനെ തിരഞ്ഞെടുത്തു. 54 കാരനായ ചന്ദ്രശേഖരൻ തമിഴ്നാട് നാമക്കൽ സ്വദേശി. ടിസിഎസ് മേധാവിയായി മലയാളിയായ രാജേഷ് ഗോപിനാഥനെ നിയമിക്കാനും തീരുമാനം.

∙ ഫെബ്രുവരി 28  ടെലികോം ബിസിനസിന്റെ പേരിൽ ജപ്പാനിലെ എൻടിടി ഡോകോമോയുമായുള്ള തർക്കം തീർക്കാൻ ഏതാണ്ട് 7900 കോടി രൂപ നഷ്ടപരിഹാരമായി നൽകാൻ ടാറ്റ സമ്മതിച്ചു. ഏറെ നാളായുള്ള നിയമ യുദ്ധം കോടതിക്കു പുറത്ത് ഒത്തുതീർപ്പാകാൻ വഴിയൊരുങ്ങി. മിസ്ത്രിയുടെ നിലപാട് തിരുത്തിക്കൊണ്ടായിരുന്നു പുതിയ തീരുമാനം.

∙ ജൂൺ 20  എഫ് 16 യുദ്ധ വിമാനങ്ങൾ ഇന്ത്യയിൽ നിർമിക്കാനും കയറ്റുമതി ചെയ്യാനും യുഎസ് എയ്റോസ്പേസ് കമ്പനി ലോക്ഹീഡ് മാർട്ടിനും ടാറ്റ ഗ്രൂപ്പും ധാരണയായി.

∙ സെപ്റ്റം 20   ടാറ്റ സ്റ്റീലും ജർമൻ സ്റ്റീൽ കമ്പനി തിസൻക്രുപ്പും യൂറോപ്പിലെ ബിസിനസുകൾ ലയിപ്പിക്കാൻ തീരുമാനം

.

∙ സെപ്റ്റം 21  ടാറ്റ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാതൃകമ്പനിയായ ടാറ്റ സൺസ് ലിമിറ്റഡിനെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കാനുള്ള തീരുമാനം ഓഹരിയുടമകൾ അംഗീകരിച്ചു. മിസ്ത്രിയുടെ കുടുംബത്തിന്റെ കൈവശമുള്ള ഓഹരികൾ അവർക്കിഷ്ടമുള്ളവർക്കു വി

ൽക്കുന്നതു തടയാനാണ് പ്രൈവറ്റ് ലിമിറ്റഡിലേക്കുള്ള മാറ്റം. മിസ്ത്രി വിഭാഗം കമ്പനി നിയമയുദ്ധം തുടങ്ങിയിട്ടുണ്ട്.

∙ ഒക്ടോ. 12  ടാറ്റയുടെ മൊബൈൽ ടെലികോം കമ്പനികളായ ടാറ്റ ടെലി സർവീസസ്, ടാറ്റ ടെലി സർവീസസ് മഹാരാഷ്ട്ര എന്നിവയുടെ ബിസിനസ് എയർടെലിനു കൈമാറാൻ തീരുമാനം.  ഇടപാടിൽ പണം കൈമാറ്റമില്ല.