Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ടു പഠിക്കൂ; ആന്ധ്ര വാരിയത് 50,000 കോടി യുഎഇ നിക്ഷേപം

N Chandrababu Naidu ചന്ദ്രബാബു നായിഡു

ദുബായ് ∙ പദ്ധതികളൊന്നും ചുവപ്പുനാടയിൽ കുരുങ്ങില്ലെന്ന് ഉറപ്പുനൽകിയ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു യുഎഇയിൽനിന്നു വാരിയെടുത്തത് 50,000 കോടി രൂപയിലേറെ നിക്ഷേപം. ഗൾഫ് മേഖലയുമായി ഏറെ ബന്ധമുള്ള കേരളം യുഎഇയിലേതടക്കമുള്ള നിക്ഷേപസാധ്യതകളിൽ മെല്ലെപ്പോക്ക് തുടരുമ്പോഴാണ് ആന്ധ്രയുടെ ‘അതിവേഗ’ നീക്കം.

തുറമുഖങ്ങൾ, വിമാനത്താവളം, വിനോദസഞ്ചാരം, റോഡുകൾ, ജലഗതാഗതം തുടങ്ങിയ മേഖലകളിൽ നിക്ഷേപം ക്ഷണിച്ച് അബുദാബിയിൽ നായി‍‍ഡു നടത്തിയ നിക്ഷേപ സംഗമം വൻ വിജയമായി. ലോകോത്തരനിലവാരത്തിൽ തയാറാക്കുന്ന തലസ്ഥാനനഗരിയിലെ വിവിധ പദ്ധതികൾക്കാണ് അദ്ദേഹം നിക്ഷേപം തേടിയത്.

അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, മുബാദ് ല, ബിൻ സായിദ് ഗ്രൂപ്പ്, ലുലു ഗ്രൂപ്പ്, എൻഎംസി ഉൾപ്പെടെ, പൊതു, സ്വകാര്യ മേഖലയിലെ വമ്പൻ കമ്പനികളാണു മുതൽമുടക്കുക. യുഎഇ സഹകരണത്തോടെ, എയ്റോ സിറ്റി ഹബ്, വിജയവാഡ മെട്രോ റെയിൽ, ഭോഗപുരം വിമാനത്താവളം, രാമായപട്ടണം തുറമുഖം, റിങ് റോഡ്, ബീച്ച് റോഡുകൾ, ഏവിയേഷൻ അക്കാദമി തുടങ്ങി ഒട്ടേറെ പദ്ധതികൾ ആന്ധ്രയിൽ ചിറകുവിരിക്കുകയാണ്. വിശാഖപട്ടണം, വിജയവാഡ, തിരുപ്പതി തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിച്ചു ദുബായിൽനിന്നു വിമാനസർവീസും ആലോചനയിലുണ്ട്.

പുതിയ തലസ്ഥാനമായ അമരാവതിയിൽ ബി.ആർ.ഷെട്ടിയുടെ എൻഎംസി ഗ്രൂപ്പിന്റെ ബിആർഎസ് വെഞ്ച്വേഴ്സ് മെഡിസിറ്റിയും കൺവൻഷൻ സെന്ററും നിർമിക്കാൻ പദ്ധതിയിടുന്നു.

വിശാഖപട്ടണത്ത് ലുലു മാൾ

20 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലുള്ള ലുലുമാൾ, മാരിയറ്റ് ഹോട്ടൽ, കൺവൻഷൻ സെന്റർ എന്നിവയടങ്ങിയ സമുച്ചയമാണ് ലുലു ഗ്രൂപ്പ് വിശാഖപട്ടണത്തു നിർമിക്കുന്നത്. സ്ഥലമടക്കമുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും സർക്കാർ ഒരുക്കി നൽകും. നിർമാണം പൂർത്തിയാകുന്നതോടെ 5000 പേർക്കു നേരിട്ടും 10,000 പേർക്കു പരോക്ഷമായും തൊഴിൽ ലഭിക്കും.

പദ്ധതിക്ക് 25 ദിവസത്തിനകം ആന്ധ്ര സർക്കാരിന്റെ അനുമതി പത്രം ലഭിച്ചത് അത്ഭുതപ്പെടുത്തിയെന്നു ലുലുഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. 30 മാസത്തിനകം നിർമാണം പൂർത്തിയാകും. കൊച്ചി ലുലു മാളിന്റെ പ്രവർത്തനം നേരിട്ടു കാണുന്നതിനായി ചന്ദ്രബാബു നായിഡുവും സംഘവും അടുത്തമാസം കൊച്ചിയിലെത്തും.