Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാനയാത്ര: ഇന്ത്യ മൂന്നാം സ്ഥാനത്തെത്തും

Air-Travel-Flight-India

രാജ്യാന്തര വ്യോമഗതാഗത സംഘടന(അയാട്ട)യുടെ ഏറ്റവും പുതിയ സർവേ പ്രകാരം വ്യോമഗതാഗത രംഗത്ത് 2025ൽ ഇന്ത്യ ലോകത്ത് മൂന്നാമത്തെ വൻശക്തിയായി മാറും. 2025നു ശേഷം വ്യോമയാന മേഖലയിലെ വളർച്ചയിൽ ചൈനയും അമേരിക്കയും മാത്രമാകും ഇന്ത്യയ്ക്കു മുന്നിൽ. ബ്രിട്ടനെയും ഇന്തൊനീഷ്യയെയും പിന്തള്ളിയാണ് ഇന്ത്യ മൂന്നാം സ്ഥാനത്തേക്കെത്തുന്നത്. 

അയാട്ട പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം ചൈനയിലെ വിമാനയാത്രക്കാരുടെ എണ്ണം 55 കോടിയിൽനിന്നു 2036ൽ 140 കോടിയായി ഉയരും. അമേരിക്കയുടേത് 70 കോടിയിൽനിന്ന് 112.50 കോടിയായി ഉയരും. ഇപ്പോൾ ഏഴാം സ്ഥാനത്തുള്ള ഇന്ത്യയാണ് 20 വർഷം കൊണ്ട് വളർച്ചയിൽ മൂന്നാം സ്ഥാനത്തെത്തുക. വളർച്ചയുടെ കാര്യത്തിൽ ബ്രിട്ടനും ഇന്തോനീഷ്യക്കും പുറമെ ജപ്പാൻ, സ്പെയിൻ, ജർമനി എന്നീ രാജ്യങ്ങളെയും ഇന്ത്യ പിന്നിലാക്കും. 

ലോകത്തെമ്പാടുമായി വിമാനയാത്രക്കാരുടെ എണ്ണം 2036ൽ നിലവിലുള്ള 400 കോടി എന്നത് ഏതാണ്ട് ഇരട്ടിയായി വർധിച്ച് 780 കോടിയായി വളരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രതിവർഷം 3.6 ശതമാനം വാർഷികവളർച്ചയാണ് ഇക്കാര്യത്തിൽ ആഗോളതലത്തിൽ  പ്രതീക്ഷിക്കുന്നത്. 

ചൈന നേരത്തെ പ്രവചിച്ചതിൽ നിന്നും രണ്ടു വർഷം മുമ്പേ 2022ൽ തന്നെ അമേരിക്കയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തും. ചൈനയിലെ അതിദ്രുത വളർച്ചയും അമേരിക്കയിൽ വ്യോമയാന മേഖലയിലെ വളർച്ചയിലുണ്ടാകുന്ന കുറവുമാണ് ഇതിനു കാരണമായി സൂചിപ്പിക്കുന്നത്. 

ഇന്ത്യ 2025ലും ഇന്തൊനേഷ്യ 2030ലും ബ്രിട്ടനെ പിന്തള്ളും. തായ്‌ലാൻഡ്, തുർക്കി എന്നിവ ആദ്യ പത്തു രാജ്യങ്ങൾക്കുള്ളിലെത്തുമ്പോൾ ഫ്രാൻസും ഇറ്റലിയും 11ഉം 12ഉം സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെടും. 

അടുത്ത 20 വർഷം കൊണ്ട് പ്രമുഖ സ്ഥാനങ്ങളിലെത്തുന്ന രാജ്യങ്ങളിലെ വ്യോമഗതാഗത വളർച്ച ഇങ്ങിനെ: ചൈനയിലെ യാത്രക്കാരുടെ എണ്ണം 92.10 കോടി വർധിച്ച് 150 കോടിയായി ഉയരും. അമേരിക്കയുടേത് 40.10 കോടി വർധിച്ച് 110 കോടിയാകും. ഇന്ത്യയുടേത് 33.70 കോടി വർധിച്ച് 47.80 കോടിയാകും. ഇന്തൊനീഷ്യയുടേത് 23.50 കോടി വർധിച്ച് 35.50 കോടിയാകും. തുർക്കിയുടേത് 11.90 കോടി വർധിച്ച് 19.60 കോടിയാകും. 

വ്യോമയാന മേഖലയിലെ വളർച്ചയിൽ സമഗ്ര മാറ്റം സംഭവിക്കുന്നത് ഇന്ത്യയുൾപ്പെടുന്ന ഏഷ്യ–പസഫിക് മേഖലയിലായിരിക്കും. പുതിയ യാത്രക്കാരിൽ പകുതിയിലേറെയും ഈ മേഖലയിൽ നിന്നുള്ളവരായിരിക്കും. ഇവിടെനിന്ന് 210 കോടി പുതിയ യാത്രക്കാരാണ് 20 വർഷങ്ങൾക്കുള്ളിലുണ്ടാകുക. 

ഏഷ്യ–പസഫിക്  മേഖലയിലെ വ്യോമയാന വളർച്ചാനിരക്ക് 4.6%. വടക്കേ അമേരിക്കയിൽ വളർച്ച 2.3 ശതമാനമായിരിക്കും. യൂറോപ്യൻ മേഖലയിൽ 2.3 ശതമാനമാണ് വളർച്ചാനിരക്ക്. ലാറ്റിൻ അമേരിക്കൻ മേഖലയിൽ വളർച്ച 4.2 ശതമാനമാകും.

ലോകത്തെമ്പാടും ഇപ്പോൾ നടന്നുവരുന്ന വ്യാപാര ഉദാരവൽക്കരണ നടപടികളുടെയും വീസ നയരൂപീകരണത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവചനം. ഇതിനെന്തെങ്കിലും നിയന്ത്രണങ്ങൾ വന്നാൽ രാജ്യാന്തര വ്യോമഗതാഗത വളർച്ച 2.7 ശതമാനമായി കുറഞ്ഞേക്കാം. അതായത് യാത്രക്കാരുടെ എണ്ണം 11 കോടി കുറഞ്ഞേക്കാം.

അതേ സമയം ഉദാരവൽക്കരണ നടപടികൾ വർധിപ്പിച്ചാൽ യാത്രക്കാരുടെ എണ്ണത്തിലെ വളർച്ച രണ്ടു ശതമാനം കൂടി വർധിച്ച് എണ്ണം മൂന്നിരട്ടിയാകാനും  സാധ്യതയുണ്ടെന്നു റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.