Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യുതി ബിൽ അടയ്ക്കാം: എവിടെയും എപ്പോഴും

kseb-bill

തിരുവനന്തപുരം∙ ബാങ്കിനെ അധികാരപ്പെടുത്തിയാൽ ഇലക്ട്രോണിക് ക്ലിയറിങ് സിസ്റ്റം വഴി യഥാസമയം വൈദ്യുതി ബിൽ അടയ്ക്കുന്ന സംവിധാനം 15നു നിലവിൽ വരും. വൈദ്യുതി ബിൽ അടയ്ക്കുന്നതിനുള്ള ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനും വൈദ്യുതി ബോർഡ് 15നു പുറത്തിറക്കും.

ഇതോടെ വൈദ്യുതി ബിൽ അടയ്ക്കേണ്ട തീയതി ഇനി ഓർത്തുവയ്ക്കേണ്ടതില്ല. കൃത്യമായ തീയതിയിൽ വൈദ്യുതി നിരക്കിന് ഏതാണ്ടു തുല്യമായ തുക, ബോർഡിനു നൽകാൻ ബാങ്കിനു നിർദേശം നൽകാം. ഇലക്ട്രോണിക് ക്ലിയറിങ് സിസ്റ്റം വഴി പണം കൃത്യമായി ബോർഡിനു ലഭിക്കും. ഇതിനുള്ള ഫോം സെക്‌ഷൻ ഓഫിസിൽ പൂരിപ്പിച്ചു നൽകിയാൽ മതി. എല്ലാ ദേശസാൽകൃത ബാങ്കുകളിലൂടെയും വൈദ്യുതി ബിൽ അടയ്ക്കാൻ സൗകര്യമുണ്ടാകും. ഔദ്യോഗിക ആപ് വരുന്നതോടെ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽനിന്ന് അനായാസം ബിൽ അടയ്ക്കാം.

പ്ലേ സ്റ്റോറിൽ വൈദ്യുതി ബോർഡിന്റെ പേരും ലോഗോയും ഉള്ള വിവിധ മൊബൈൽ ആപ്ലിക്കേഷനുകൾ പ്രചരിക്കുന്നുണ്ടെങ്കിലും അതൊന്നും ഔദ്യോഗികമല്ല. ഇത്തരം മൊബൈൽ ആപ്പുകൾക്കെതിരെ നടപടി എടുക്കാനുള്ള തീരുമാനത്തിലാണു ബോർഡ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ വഴി അധിക നിരക്കു നൽകാതെ ഓൺലൈനായി ബിൽ അടയ്ക്കാം.

മറ്റു നാൽപതോളം ബാങ്കുകൾ വഴി വീസ, മാസ്റ്റർ, മാസ്ട്രോ, റുപ്പേ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴിയും വൈദ്യുതി ബിൽ അടയ്ക്കാം.  പേയ്ടിഎം, എം.പേസ എന്നീ മൊബൈൽ വോലറ്റുകൾ വഴി എപ്പോൾ വേണമെങ്കിലും അടയ്ക്കാം. കൂടുതൽ വോലറ്റുകൾ വഴി പണം അടയ്ക്കാനുള്ള സൗകര്യം ഉടൻ ഏർപ്പെടുത്തും. ഉപയോക്താവിനു കേരളത്തിലെ ഏതു സെക്‌ഷനിൽ വേണമെങ്കിലും ബിൽ അടയ്ക്കാൻ സൗകര്യമുണ്ട്. അക്ഷയ കേന്ദ്രങ്ങൾ, ഫ്രണ്ട്സ് ജനസേവന കേന്ദ്രങ്ങൾ, കേന്ദ്ര സർക്കാരിന്റെ കോമൺ സർവീസ് സെന്ററുകൾ എന്നിവിടങ്ങളിലെല്ലാം വൈദ്യുതി ചാർജ് സ്വീകരിക്കും.

പണമടയ്ക്കാൻ വെബ്സൈറ്റ്

ഉപയോക്താക്കൾക്കു പണം അടയ്ക്കുന്നത് ഉൾപ്പെടെ സേവനങ്ങൾ നൽകാൻ മാത്രമായി വെബ്സൈറ്റ് (wss.kseb.in) ഉണ്ട്. ഇതിൽ കയറി ക്വിക് പേ തിരഞ്ഞെടുത്തശേഷം സെക്‌ഷൻ ഓഫിസിന്റെ പേരും കൺസ്യൂമർ നമ്പറും നൽകി നെറ്റ് ബാങ്കിങ്, ഡെബിറ്റ്–ക്രെഡിറ്റ് കാർഡ് വഴി പണം അടയ്ക്കാം. മൊബൈൽ വോലറ്റുകൾ വഴിയും ജനസേവന കേന്ദ്രങ്ങൾ വഴിയും ബിൽ അടയ്ക്കാൻ സൗകര്യമുണ്ട്.

പരാതി പറയാൻ 1912

ഉപയോക്താവ് മൊബൈൽ നമ്പറും ഇ മെയിൽ വിലാസവും റജിസ്റ്റർ ചെയ്താൽ വൈദ്യുതി ബോർഡിന്റെ അറിയിപ്പുകൾ കൃത്യമായി ലഭിക്കും. വൈദ്യുതി സംബന്ധിച്ച പരാതികൾ 1912 എന്ന നമ്പറിൽ 24 മണിക്കൂറും സൗജന്യമായി അറിയിക്കാം. വാട്സാപ് വഴി
94960 11912 എന്ന നമ്പറിലും പരാതി നൽകാം.