Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധാർ വഴി വിമാനയാത്ര; ബോഡിങ് പാസ് ഇല്ലാതെ

Aadhaar

നെടുമ്പാശേരി ∙ രാജ്യത്തു വിമാനയാതയ്ക്ക് ബോഡിങ് പാസുകൾ പഴങ്കഥയാകാൻ ഇനി അധികനാൾ കാത്തിരിക്കേണ്ട. ആധാർ കാർഡിലെ ബയോമെട്രിക് വിവരങ്ങൾ അടിസ്ഥാനമാക്കി ‘ഡിജി യാത്ര’ സാധ്യമാക്കാനുള്ള നടപടികൾ പൂർത്തിയാക്കി വരികയാണു കേന്ദ്ര വ്യോമയാന മന്ത്രാലയം. 

പരിശോധനകളും മറ്റും കുറച്ച് പരമാവധി തടസ്സങ്ങളില്ലാതാക്കി വിമാനയാത്ര പ്രോൽസാഹിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇതും. നേരത്തെ ഹാൻഡ് ബാഗേജുകൾ സ്റ്റാംപ് ചെയ്യുന്നത് ഒഴിവാക്കിയത് വിജയകരമായിരുന്നു.  പുതിയ സംവിധാനത്തിൽ വിമാനത്താവള സുരക്ഷാ സേനയുടെ ഇടപെടൽ വളരെ കുറയും. 

പദ്ധതി സംബന്ധിച്ച വിശദപഠനം നടത്തുന്നതിന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ ഗുരുപ്രസാദ് മോഹപത്ര ചെയർമാനായി പ്രത്യേക സമിതിയെ നിയോഗിച്ചു. വിവിധ വിമാനക്കമ്പനികളുടെയും വിമാനത്താവളക്കമ്പനികളുടെയും പ്രതിനിധികൾ അംഗങ്ങളാണ്. 

നിലവിൽ ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് വിമാനത്താവളങ്ങളിൽ ബയോമെട്രിക് ബോഡിങ്, ഡിബോഡിങ് നടക്കുന്നുണ്ട്. രാജ്യത്ത് മുഴുവൻ ഉപയോഗപ്രദമായ വിധത്തിൽ പൊതുസംവിധാനം ഇതിനായി കണ്ടെത്തും. തുടർന്ന് എല്ലാ വിമാനത്താവളങ്ങളിലും നടപ്പാക്കും. 

അതേസമയം ആധാർ കാർഡില്ലാത്ത വിദേശയാത്രക്കാരുടെ പരിശോധനകൾ നിലവിലുള്ള സംവിധാനം വഴി തന്നെ പൂർത്തിയാക്കേണ്ടി വരുമെന്ന പോരായ്മയും ഇതിനുണ്ട്.