Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റേറ്റിങ്ങിൽ മോദി മതിമറക്കരുത്: മൻമോഹൻ സിങ്

Dr. Manmohan Singh

കൊച്ചി ∙ മൂഡീസ് റേറ്റിങ്ങിൽ പ്രധാനമന്ത്രി മതിമറക്കരുതെന്നു മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്. എറണാകുളം സെന്റ് തെരേസാസ് കോളജിൽ നടന്ന സാമ്പത്തിക ശാസ്ത്ര സെമിനാറിൽ ചോദ്യങ്ങൾക്കു മറുപടി നൽകുകയായിരുന്നു അദ്ദേഹം. എട്ടു മുതൽ 10 ശതമാനം വരെ സാമ്പത്തിക വളർച്ചാ നിരക്കു വേണമെന്ന കേന്ദ്ര നിലപാട് ഇതിനു തെളിവാണ്. അസമത്വവും തൊഴിലില്ലായ്മയും രാജ്യത്തു ഗുരുതര സാഹചര്യം സൃഷ്ടിക്കും.

രാജ്യം സാമ്പത്തിക മാന്ദ്യത്തിൽ നിന്നു കരകയറാൻ ഒരു വർഷം വേണ്ടി വരും. കള്ളപ്പണം നേരിടാൻ നോട്ട് നിരോധനമല്ലായിരുന്നു മാർഗം. നികുതി സംവിധാനവും ഭൂമി റജിസ്റ്റർ ചെയ്യുന്ന നടപടികളും ലഘൂകരിക്കുകയും ഭരണ സംവിധാനം സുതാര്യമാക്കുകയുമാണു വേണ്ടിയിരുന്നത്. നോട്ട് നിരോധനം മൂലം രാജ്യത്തെ 86 ശതമാനം കറൻസിയും അസാധുവാക്കപ്പെട്ടു. ഇതിന്റെ പ്രത്യാഘാതം വലുതാണ്. വ്യവസായങ്ങൾ തകർന്നു. ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി പെരുകുന്നതു വ്യവസായിക വളർച്ച കുറയ്ക്കും. ബാങ്കുകൾ കടം നൽകാതെ വ്യവസായങ്ങൾക്കു വളരാൻ കഴിയില്ല. വേണ്ടത്ര ഗൃഹപാഠം ചെയ്യാതെ തിരക്കിട്ടാണു ജിഎസ്ടി നടപ്പാക്കിയതെന്നു ജിഎസ്ടി കൗൺസിൽ, നിരക്കു കുറച്ച സാധനങ്ങളുടെ എണ്ണം തെളിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.