Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടം കൊടുത്താൽ തിരികെ കിട്ടും

find-payday-loans-debt-relief

കൊച്ചി ∙ പാപ്പർ നിയമസംഹിത നിലവിൽ വന്നു. കടബാധ്യതാനിവാരണ ട്രൈബ്യൂണലുകൾ പ്രവർത്തനം തുടങ്ങി. പണം തിരികെ കിട്ടാനുള്ള ആർക്കും വളരെവേഗം ഫലപ്രദമായി നടപടി സ്വീകരിക്കുന്ന ഈ സംവിധാനം ബാങ്കുകളും സ്ഥാപനങ്ങളും ഉപയോഗപ്പെടുത്താനും ആരംഭിച്ചു. വാണിജ്യ ബാങ്കുകൾ കിട്ടാക്കടം വർധിച്ച് സാമ്പത്തികമായി തകർന്നതിനെ തുടർന്നാണു കേന്ദ്ര സർക്കാർ ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ് (പാപ്പർ നിയമ സംഹിത) പാർലമെന്റിൽ 2016ൽ പാസാക്കിയത്. നിലവിലുള്ള സർഫാസി നിയമം റദ്ദാക്കിയിട്ടുമില്ല. എന്നാൽ പുതിയ നിയമം ബാങ്കുകൾക്കു മാത്രമല്ല, വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കമ്പനികൾക്കുമെല്ലാം ആശ്വാസമാണ്. പണം തിരികെ ലഭിക്കാൻ ശക്തമായ നടപടികളാണ് ഈ നിയമം അനുസരിച്ചു സ്വീകരിക്കപ്പെടുക. 

വ്യക്തികൾക്കും പ്രൊപ്രൈറ്ററി, പാർട്നർഷിപ് കമ്പനികൾക്കും വേണ്ടി ഋണനിവാരണ ട്രൈബ്യൂണലുകൾ (ഡിആർടി) നിലവിൽ വന്നിട്ടുണ്ട്. കൊച്ചിയിൽ രണ്ടു ട്രൈബ്യൂണലുണ്ട്. പണം തിരികെ കിട്ടേണ്ടവർ ഇവിടെയാണു പരാതി നൽകേണ്ടത്. ഇതു സംബന്ധിച്ച ചട്ടങ്ങൾക്കുള്ള കേന്ദ്രവിജ്ഞാപനം വന്നാലുടൻ ഹർജികൾ നൽകാം. ഡിസംബറോടെ വിജ്ഞാപനം വരുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. 

എന്നാൽ കോർപറേറ്റ് കമ്പനികളുടെ കടം സംബന്ധിച്ച പരാതികൾ ചെന്നൈയിലെ നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിലാണു (എൻസിഎൽടി) നൽകേണ്ടത്. ഇതു സംബന്ധിച്ച ചട്ടങ്ങളുടെ വിജ്ഞാപനം വന്ന് ഹർജികൾക്കു തീർപ്പായി തുടങ്ങിയിട്ടുണ്ട്. 

ചെക്കുകൾ മടങ്ങിയാൽ പരിഹാരം കാണാൻ മുൻപു മൂന്നു വർഷത്തോളം വേണ്ടിയിരുന്നെങ്കിൽ ട്രൈബ്യൂണലിലൂടെ പാപ്പർ നിയമസംഹിത അനുസരിച്ച് നടപടി സ്വീകരിക്കുമ്പോൾ ആറു മാസത്തിനകം പണം കിട്ടും. മാത്രമല്ല, ട്രൈബ്യൂണലിൽ പരാതി വന്ന ഉടൻ തന്നെ കടം വാങ്ങിയവർ (അഥവാ പണം നൽകാനുള്ളവർ) പണം തിരികെ നൽകുന്നതായിട്ടാണ് അനുഭവം. നടപടികളുടെ കാഠിന്യം അത്രയ്ക്കാണ്. 

കമ്പനികളിൽ നിന്നുള്ള കിട്ടാക്കടത്തെക്കുറിച്ച് എൻസിഎൽടി പരാതി സ്വീകരിച്ചാൽ 14 ദിവസത്തിനകം ഋണനിവാരണ (ഇൻസോൾവൻസി) പ്രഫഷനലിനെ നിയോഗിക്കും. ഋണനിവാരണ ഹർജി സംബന്ധിച്ചു പൊതുവിജ്ഞാപനം പുറപ്പെടുവിക്കും. സ്ഥാപനത്തിന്റെ ഭരണം ഇൻസോൾവൻസി പ്രഫഷനലിന്റെ കൈകളിലാവും. ഇൻസോൾവൻസി പ്രഫഷനൽ ആകട്ടെ ഒരു മാസത്തിനകം കടം കൊടുത്തവരുടെ സമിതി (ക്രെഡിറ്റേഴ്സ് കമ്മിറ്റി) രൂപീകരിക്കുന്നു. കമ്പനിക്ക് എന്തുകൊണ്ടു കടം വാങ്ങിയ പണം തിരികെ നൽകാൻ കഴിയുന്നില്ല എന്നതും എങ്ങനെ പണം നൽകാൻ കഴിയും എന്നതും അവർ പരിശോധിക്കും. കമ്പനി തുടർന്നു നടത്തിക്കിട്ടുന്ന വരുമാനം കൊണ്ടു കടം തീർക്കാൻ കഴിയുമെങ്കിൽ അങ്ങനെ, അല്ല ആസ്തികൾ വിറ്റു കടം തീർക്കണമെങ്കിൽ അങ്ങനെ. രണ്ടായാലും കമ്പനിയുടെ മാനേജ്മെന്റിനു കമ്പനിയുടെ മേൽ നിയന്ത്രണം ഇല്ലാതാകും. 

ഋണനിവാരണ പ്രഫഷനൽ തയാറാക്കുന്ന കടം തിരിച്ചടവു പദ്ധതി (റസല്യൂഷൻ പ്ലാൻ) കടം കൊടുത്തവരുടെ സമിതി അംഗീകരിച്ചാൽ നടപടികൾക്കു വേഗം കൂടും. എല്ലാറ്റിനും കൂടി 180 ദിവസം (ആറു മാസം) മാത്രമാണു നിയമപ്രകാരം നൽകിയിട്ടുള്ള സമയപരിധി. കമ്പനി ഡയറക്ടർമാരെ പാപ്പരായി പ്രഖ്യാപിക്കും. അവർക്കു പിന്നെ സാമ്പത്തിക ഇടപാടുകളൊന്നും നടത്താൻ കഴിയില്ല. ഇതുകൊണ്ടാണ് എങ്ങനെയും പണം കണ്ടെത്തി ബാധ്യത തീർത്ത് കോടതിക്കു പുറത്തുവച്ച് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നതിനു കാരണം. 

സാധാരണക്കാർ നേരിടുന്ന അനേകം പ്രശ്നങ്ങളിൽ പരാതി നൽകാൻ കഴിയും. 1. ശമ്പളം നൽകാതെ കുടിശികയാക്കിയാൽ. 2. സാധനം വാങ്ങിയതിനോ സേവനം നൽകിയതിനോ പണം നൽകാതിരുന്നാൽ. 3. വീടിന്റേയോ കെട്ടിടത്തിന്റേയോ വാടക കൊടുക്കാതിരുന്നാൽ. 4. കരാർപ്രകാരം ഭൂമിയോ വീടോ ഫ്ലാറ്റോ വാങ്ങാൻ അഡ്വാൻസ് വാങ്ങിയശേഷം അവ റജിസ്റ്റർ ചെയ്തു നൽകിയതുമില്ല, അഡ്വാൻസ് തുക തിരികെ കൊടുത്തതുമില്ല. ഇത്തരം ആവലാതികൾക്കെല്ലാം പരിഹാരമാണു പാപ്പർ നിയമം. പണം നൽകാത്തവരുടെ ആസ്തികൾ ലേലം ചെയ്തു വിൽക്കാനും പരാതിക്കാരനു കിട്ടാനുള്ള പണം കൊടുക്കാനും ഇൻസോൾവൻസി പ്രഫഷനലിനെ ട്രൈബ്യൂണൽ അധികാരപ്പെടുത്തും. പണം നൽകാത്തവരെ പാപ്പരായി പ്രഖ്യാപിച്ചാൽ പിന്നെ അവർക്കു സാമ്പത്തിക ഇടപാടുകളും ബാങ്കിടപാടുകളും നടത്താൻ കഴിയില്ല. വേഗം പണം മടക്കിക്കൊടുക്കുകയല്ലാതെ മാർഗമില്ല. 

പുതിയ കരിയർ 

ഇൻസോൾവൻസി റസല്യൂഷൻ പ്രഫഷനൽ (ഐആർപി) പാപ്പർ നിയമസംഹിത സംബന്ധിച്ച പരീക്ഷ പാസായ വ്യക്തിയായിരിക്കും. ചാർട്ടേഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി, കോസ്റ്റ് അക്കൗണ്ടന്റ്, അഭിഭാഷകൻ തുടങ്ങിയവർക്കു 10 വർഷം പ്രാക്ടീസ് ചെയ്ത പരിചയം ഉണ്ടെങ്കിൽ മാത്രമേ പരീക്ഷ എഴുതാൻ കഴിയൂ. ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി ബോർഡ് ഓഫ് ഇന്ത്യയാണു പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് നൽകുന്നത്. യുവാക്കൾക്കു പുതിയൊരു കരിയർ സാധ്യതയുമാണിതെന്ന് ഇൻസോൾവൻസി പ്രഫഷനലായ കെ. ഈശ്വരൻപിള്ള ചൂണ്ടിക്കാട്ടി. ഇന്ത്യയിലാകെ ഇതുവരെ ആയിരത്തോളം പേർ മാത്രമാണു പരീക്ഷ പാസായിട്ടുള്ളത്. കേരളത്തിൽ നിന്നു വിരലിലെണ്ണാവുന്നവർ. 

ഋണനിവാരണ ട്രൈബ്യൂണലുകളിൽ കടം കൊടുത്തവർക്കും ട്രൈബ്യൂണലിനും ഇടയിലുള്ള കോർട്ട് ഓഫിസർ പോലുള്ള ചുമതല വഹിക്കുന്നത് ഇവരാണ്. രാജ്യമാകെ 38 ഡിആർടികളും 10 എൻസിഎൽടികളുമുണ്ട്. അഞ്ച് അപ്പലേറ്റ് ട്രൈബ്യൂണലുകളുമുണ്ട്. കേരളത്തിന്റെ അപ്പലേറ്റ് ട്രൈബ്യൂണൽ (ഡിആർഎടി) ചെന്നൈയിലാണ്.