Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കറന്റ് ബില്ലിന്റെ പാതി രവി*ച്ചേട്ടൻ കൊടുക്കും

solar-power

സിയാലിനു പിന്നാലെ ചെറുകിട സ്ഥാപനങ്ങളും സോളർ വഴിയിലേക്കു തിരിയുകയാണ്. ഏറ്റവും ഒടുവിൽ സമ്പൂർണ സോളർ മുഖമായി മാറിയിക്കുന്നത് കൊച്ചിയിലെ ഒരു പെട്രോൾ പമ്പ്. പ്രതിമാസം കൊടുത്തിരുന്ന വൈദ്യുതി ബിൽത്തുക പാതിയായി കുറഞ്ഞതായി പമ്പുടമകൾ പറയുന്നു. ഇടപ്പള്ളി കൂനംതൈയിലെ ഇന്ത്യൻ ഓയിൽ ഡീലറായ ശ്രീനാരായണ സെയിൽസ്‌ എന്ന പെട്രോൾ-ഡീസൽ പമ്പിന്റെ വൈദ്യുതിബിൽ അടുത്ത കാലം വരെ മാസം തോറും ശരാശരി 38,000 രൂപയായിരുന്നു. പെട്രോളും ഡീസലും വിൽക്കാൻ ജലവൈദ്യുതിയുടെ ചെലവ്‌. 

ശ്രീനാരായണ സോളറിലേക്കു തിരിഞ്ഞത്‌ ആദ്യം പത്തു കിലോവാട്ട്‌ ശേഷിയുള്ള സോളർ പാനലുകൾ ഉറപ്പിച്ചായിരുന്നു. ഇതു വിജയിച്ചതോടെ സോളർ ശേഷി ഇരട്ടിയാക്കി. ഇപ്പോഴത്തെ കറന്റ് ബിൽ 17,000 രൂപയ്‌ക്കടുത്തു മാത്രം. തങ്ങളുടെ പോക്കറ്റിനും ആഗോളപരിസ്ഥിതിയ്‌ക്കും ഈ മാറ്റം എന്തുകൊണ്ടും ഗുണമായെന്ന് പാർട്‌നർ ബിനോദ്‌ പറയുന്നു. ഏതാണ്ട്‌ 14 ലക്ഷം രൂപയാണ്‌ 20 കിലോവാട്ട്‌ പ്ലാന്റ്‌ സ്ഥാപിക്കാൻ ചെലവായത്‌. നാലു നാലര വർഷം കൊണ്ട്‌ മുടക്കുമുതൽ തിരിച്ചു പിടിക്കാനാവും. 

വൻകിട കമ്പനികൾ ഇന്ത്യയിൽ സോളർ പാനലുകളുടെ നിർമാണം ആരംഭിച്ചതോടെ വീടുകളിലും ചെറുകിട സ്ഥാപനങ്ങളിലും സോളർ ഉപയോഗം വ്യാപകമായതായി കൊച്ചിയിലെ കിർലോസ്കർ സോളർ പാനൽ വിതരണക്കാരനായ ജാക്‌സൺ മാത്യു പറയുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ സോളർ സ്ഥാപിക്കുന്നതിന്റെ  പ്രാരംഭച്ചെലവിൽ  30% കുറവുണ്ടായിട്ടുണ്ട്. അടുത്ത കാലം വരെ സോളർ പാനലുകൾ ഇറക്കുമതി ചെയ്യുകയായിരുന്നു. ചൈനയിൽ നിന്നും മറ്റുമുള്ള പാനലുകളുടെ നിലവാരവും ഗുണമേന്മയും പലപ്പോഴും തലവേദനയായിരുന്നു. 

കറന്റ് ചാർജ്‌ ലാഭിക്കുന്നത് അപ്പപ്പോൾ അറിയാനുള്ള ഒരു ആപ്പും നിലവിൽ വന്നിട്ടുണ്ട്. സ്ഥാപനങ്ങൾ മാത്രമല്ല വീടുകളും ഇപ്പോൾ സോളർ വഴിയിലാണ് സഞ്ചരിക്കുന്നത്. സോളർ പരീക്ഷിക്കാൻ വീടുകൾക്ക്‌ ഒരെളുപ്പവഴിയുണ്ട്‌. ഇപ്പോൾ മിക്കവാറും വീടുകളിൽ കറന്റുപോകുമ്പോൾ വൈദ്യുതി നൽകുന്നത് ഇൻവെർട്ടറുകളാണല്ലോ. കറന്റുള്ളപ്പോൾ കെഎസ്‌ഇബിയുടെ വൈദ്യുതി ശേഖരിച്ചാണ്‌ ഇവയുടെ ഉപയോഗം. എന്നാൽ ഇതിനു പകരം സോളാർ വൈദ്യുതി ശേഖരിച്ചും ഉപയോഗിക്കാം. സോളർ വൈദ്യുതി ഡയറക്ട്‌ കറന്റാണ് (ഡിസി). നമ്മുടെ കെഎസ്‌ഇബി കറന്റ്‌ എസിയും. ഡിസിയായ സോളർ വൈദ്യുതി എസി ആക്കിയാലേ ഉപയോഗിക്കാൻ പറ്റൂ. ഇതിന്‌ ഇൻവെർട്ടറും ബാറ്ററിയും വേണം.

സാധാരണ വീടുകളിലെ ആവശ്യം 250 വാട്ടിന്റെ പാനൽ കൊണ്ടു സാധിക്കാം. സോളർ പാനലുകൾക്ക്‌ ഇപ്പോൾ 25 വർഷം വരെ ഗ്യാരന്റി ലഭിക്കുന്നുണ്ട്. ഏതാണ്ട്‌ 23,500 രൂപ അധികച്ചെലവിൽ ഒരു വീ

ട്ടിലെ ഇൻവെർട്ടറിനെ കൺവെർട്ട്‌ ചെയ്‌ത്‌ സോളറാക്കാമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ജിഎസ്‌എൽ എനർജിയുടെ ഡയറക്ടർ സാജൻ ഗീവർഗീസ്‌ പറയുന്നു. 250 വാട്ട്‌ സോളർ പാനലിലൂടെ ശരാശരി ദിവസം ഒരു യൂണിറ്റ്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകും. 100 വാട്ട്‌ ബൾബ്‌ 10 മണിക്കൂർ പ്രകാശിപ്പിക്കാനുള്ള വൈദ്യുതിയാണിത്. സാധാരണ ട്യൂബ്‌ ലൈറ്റ്‌ 40 വാട്ടും പുതിയ ഇനം എനർജി സേവിങ് എൽഇഡി ബൾബുകൾ 7, 5 വാട്ടും ഫാൻ 60 വാട്ടുമാണെന്നോർക്കണം. അതായത്‌ ഒരു വീട്ടിലേയ്‌ക്കാവശ്യമുള്ളതുകഴിഞ്ഞും സോളാർ വൈദ്യുതി ബാക്കിയുണ്ടാവും.

(* രവി-സൂര്യന്റെ പര്യായം)