Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാർ അനങ്ങുന്നില്ല; ‘നീര’പ്രതീക്ഷ വറ്റുന്നു

Neera

കൊച്ചി ∙ മാർക്കറ്റിങ് പരാജയങ്ങളിൽ അടിപതറി നീര. രാജ്യാന്തരതലത്തിൽ ആവശ്യക്കാർ ഏറെയെങ്കിലും ഊർജ പാനീയങ്ങളിറക്കുന്ന രാജ്യാന്തര ബ്രാൻഡുകളോടു മൽസരിക്കുന്നതിനു നീരയെ പ്രാപ്തമാക്കാൻ ശ്രമമില്ല. ഒറ്റ ബ്രാൻഡിൽ നീരയ്ക്കായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കണമെന്നും വിദേശ വിപണിക്കു പ്രിയങ്കരമായ രീതിയിൽ പായ്ക്ക് ചെയ്യാൻ ടെട്രാ പാക്ക് യൂണിറ്റ് ആരംഭിക്കണമെന്നുമുള്ള ആവശ്യങ്ങൾ സർക്കാർ ഇതുവരെ പരിഗണിച്ചിട്ടില്ല. നീര ടെക്നീഷ്യൻമാർക്കു പരിശീലനം നൽകാൻ കഴിഞ്ഞ സർക്കാർ നീക്കിവച്ച 12 കോടി രൂപ ഇനിയും ഉപയോഗിച്ചിട്ടില്ല. പരിശീലന പരിപാടി മുടങ്ങിയതോടെ, നീര ടെക്നീഷ്യൻമാരാകാൻ ഇറങ്ങിത്തിരിച്ചവർ മറ്റു തൊഴിൽ മേഖലകളിലേക്കു ചേക്കേറി.

കഴിഞ്ഞ സർക്കാർ നീരയുൽപാദനത്തിനായി 32 കോടി രൂപയാണു വകയിരുത്തിയത്. രണ്ടു കോടി രൂപ മൂലധനമുള്ള നാളികേരോൽപാദന കമ്പനികൾക്ക് 50 ലക്ഷം രൂപ എന്ന നിരക്കിൽ മൂലധന സബ്സിഡി നൽകാനായിരുന്നു 20 കോടി. ഇതിൽ 15 കോടിയോളം രൂപ ഇതുവരെ ഉപയോഗിച്ചു. നാളികേര വികസന ബോർഡ് സ്വന്തം നിലയ്ക്കു പരിശീലനം നൽകുന്നതല്ലാതെ, ടെക്നീഷ്യൻമാർക്കു പരിശീലനം നൽകാൻ സർക്കാർ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.

നീര ആവശ്യപ്പെട്ടു വിദേശ കമ്പനികളടക്കം സമീപിച്ചെങ്കിലും നീര കുപ്പിയിൽ പായ്ക്ക് ചെയ്യുന്നതായതിനാൽ ഇവർ പിൻമാറി. ലക്ഷക്കണക്കിനു രൂപയുടെ കയറ്റുമതിയാണു നടക്കാതെ പോയത്. ടെട്രാ പായ്ക്ക് അല്ലെങ്കിൽ അലുമിനിയം പായ്ക്ക് ആയി നീര നൽകണമെന്നായിരുന്നു അവരുടെ ആവശ്യം. ടെട്രാ പായ്ക്ക് യൂണിറ്റ് ഒന്നിനു കുറഞ്ഞതു മൂന്നരക്കോടി രൂപയാകും. രണ്ടു കേന്ദ്രങ്ങളിലെങ്കിലും ടെട്രാ പായ്ക്ക് യൂണിറ്റ് തുടങ്ങണമെന്നും ഇതിനായി നാളികേര വികസന കോർപറേഷനെ ഉപയോഗിക്കാമെന്നും കമ്പനികൾ നിർദേശം വച്ചിരുന്നു. ഏഴു നാളികേരോൽപാദന കമ്പനികളാണു നീരയുൽപാദിപ്പിക്കുന്നത്. നീരയുൽപാദനത്തിനു പൊതു സാങ്കേതിക വിദ്യ തയാറാക്കാൻ കാർഷിക സർവകലാശാലയെ ഏൽപിച്ചതു മാത്രമാണ് ഈ സർക്കാർ സ്വീകരിച്ച നടപടി.