Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശാസ്ത്രനേട്ടം കർഷകർക്ക് കിട്ടണം: ഉപരാഷ്ട്രപതി

vice-president കൊച്ചിയിൽ ഇന്ത്യൻ ഫിഷറീസ് ആൻഡ് അക്വാകൾചർ ഫോറം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യുന്നു. മന്ത്രിമാരായ കെ.ടി. ജലീൽ, ജെ. മേഴ്സിക്കുട്ടിയമ്മ, ഗവർണർ പി. സദാശിവം, എഎഫ്എസ്ഐബി ചെയർമാൻ ഡോ. ജെ.കെ. ജെന, കെ.വി. തോമസ് എംപി എന്നിവർ സമീപം. ചിത്രം. മനോരമ

കൊച്ചി ∙ ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും നേട്ടങ്ങൾ കർഷകരിലേക്ക് എത്തിക്കാൻ ശാസ്ത്രസമൂഹത്തിനു ബാധ്യതയുണ്ടെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. കാർഷികവൃത്തിയെ ആശ്രയിച്ചു കഴിയുന്നവരാണ് രാജ്യത്തെ ഭൂരിഭാഗം പേരും. ഉപജീവനത്തിനായി കഷ്ടപ്പെടുന്ന മൽസ്യത്തൊഴിലാളികളടക്കം സാധാരണക്കാരിലേക്കു ശാസ്ത്രപുരോഗതിയുടെ സദ്ഫലങ്ങൾ എത്തിക്കാൻ കഴിയണം. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയും (സിഐഎഫ്ടി)യും ഏഷ്യൻ ഫിഷറീസ് സൊസൈറ്റി ഇന്ത്യൻ ബ്രാഞ്ചും (എഎഫ്എസ്ഐബി)യും സംഘടിപ്പിക്കുന്ന നാലു ദിവസത്തെ ഇന്ത്യൻ ഫിഷറീസ് ആൻഡ് അക്വാകൾചർ ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

നവീന സാങ്കേതിക വിദ്യകളിലൂടെയും ഉൽപന്നങ്ങളുടെ വൈവിധ്യവൽക്കരണത്തിലൂടെയും മൽസ്യ ലഭ്യത ഉറപ്പു വരുത്തണം. കൂടുതൽ മൂല്യവർധിത ഉൽപന്നങ്ങൾ ലഭ്യമാക്കണം. കടലിൽ മാത്രം ശ്രദ്ധിക്കാതെ, അവഗണിക്കപ്പെട്ടു കിടക്കുന്ന മൽസ്യ സ്രോതസുകൾ കണ്ടെത്തി ഉപയോഗപ്പെടുത്താൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. മൂന്നു പതിറ്റാണ്ടുകളായി ശുദ്ധജല മൽസ്യക്കൃഷി ആറു മുതൽ ഏഴു ശതമാനം വരെ വാർഷിക വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. ഈ മേഖലയിൽ ഇനിയും വൈവിധ്യവൽക്കരണം കൊണ്ടുവരണം.

നിലവിൽ മൽസ്യ മേഖലയിൽനിന്നു കർഷകർക്കു കാര്യമായ സാമ്പത്തിക നേട്ടമില്ല. കൂടുതൽ വരുമാനം ലഭിക്കുന്ന തരത്തിൽ കൃഷിയിലും മൽസ്യബന്ധന രീതിയിലും മാറ്റമുണ്ടാകണം. വിള ഇൻഷുറൻസ്, ക്രെഡിറ്റ് സൗകര്യം, ഇടനിലക്കാരുടെ ഇടപെടൽ ഒഴിവാക്കൽ, ശീതീകരണ ശൃംഖലകൾ, മികച്ച വിപണിസാധ്യത, മികച്ച സ്റ്റോറേജ് സൗകര്യം തുടങ്ങിയ മാർഗങ്ങളിലൂടെ ഇത് സാധ്യമാക്കണം. ഗവേഷക സ്ഥാപനങ്ങളും എൻജിഒകളും ഏജൻസികളും മൽസ്യരംഗത്തു പ്രവർത്തിക്കുന്നുണ്ടെങ്കിലും ബോധവൽക്കരണത്തിനും കർഷകരെ സഹായിക്കാനും കൂടുതൽ ശ്രമങ്ങൾ ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു.

ഗവർണർ പി. സദാശിവം അധ്യക്ഷനായി. മന്ത്രിമാരായ ജെ. മേഴ്‌സിക്കുട്ടിയമ്മ, കെ.ടി. ജലീൽ, കെ.വി. തോമസ് എം.പി, എഎഫ്എസ്ഐബി ചെയർമാൻ ഡോ. ജെ.കെ. ജെന, കേന്ദ്ര കൃഷി ഗവേഷണ, വിദ്യാഭ്യാസ സെക്രട്ടറി ഡോ. ടി. മഹാപാത്ര, സിഫ്റ്റ് ഡയറക്ടർ ഡോ. സി.എൻ. രവിശങ്കർ എന്നിവർ പ്രസംഗിച്ചു.