Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെറും ലോക്കല്‍സ് അല്ല ഗൂഗിൾ ഗൈഡുകള്‍

Metro-Google-team ബെംഗളൂരുവിലെ കബൺപാർക്കിൽ നടന്ന ഗൂഗിൽ ലോക്കൽ ഗൈഡ് സംഗമത്തിൽനിന്ന്.

ഹോബികൾ പലതുണ്ടെങ്കിലും ലോകത്തെ കോടിക്കണക്കിന് ആളുകളെ ‘നേർവഴി’ നടത്തുന്ന ഹോബിയാണു ഗൂഗിൾ ലോക്കൽ ഗൈഡുകളുടേത്. ഗ്രാമങ്ങളും പട്ടണങ്ങളും ഉൾപ്പെടെ ഓരോ പ്രദേശത്തെക്കുറിച്ചും ഹോട്ടൽ, ബസ് സ്റ്റേഷനുകൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവയെക്കുറിച്ചും വിവരങ്ങൾ ശേഖരിച്ചു ഗൂഗിൾ മാപ്പിൽ പങ്കുവയ്ക്കുന്നവരാണു ഗൂഗിൾ ലോക്കൽ ഗൈഡുകൾ. യാതൊരു പ്രതിഫലവും വാങ്ങാതെ ഇവർ നൽകുന്ന വിവരങ്ങളാണ് ഏതു നാട്ടിൽ ചെന്നാലും ‘വഴി തെറ്റാതെ’ നമ്മെ മുന്നോട്ടുനയിക്കുന്നത്. വിദ്യാർഥികൾ മുതൽ ഉന്നത ബിസിനസ് മേധാവികൾവരെ ഉൾപ്പെടുന്ന ഗൂഗിൾ ലോക്കൽ ഗൈഡുകൾ ബെംഗളൂരുവിലും സജീവമാണ്. ഈയിടെ ഇവരുടെ സംഗമത്തിനും ബെംഗളൂരു വേദിയായി.

വരൂ, ലോക്കൽ ഗൈഡാകാം

ജി–മെയിൽ അക്കൗണ്ട് ഉള്ള ആർക്കും ഗൂഗിൾ ലോക്കൽ ഗൈഡാകാം. കംപ്യൂട്ടറിലോ, ആൻഡ്രോയിഡ് ഫോണിലോ ഗൂഗിൾ മാപ്പിൽ ഗൂഗിൾ അക്കൗണ്ട് തുറക്കുക. തുടർന്ന് ഏതെങ്കിലും സ്ഥാപനത്തെയോ, സ്ഥലത്തെയോ കുറിച്ച് നിരൂപണം (റിവ്യു) നൽകുന്നതോടെ ഗൂഗിൾ ലോക്കൽ ഗൈഡായി. ഗൈഡ് ആയ വിവരം പലരും തിരിച്ചറിയാറില്ലെന്നു ബെംഗളൂരുവിൽ ഗൂഗിൾ ലോക്കൽ ഗൈഡുകളുടെ സംഗമത്തിനു നേതൃത്വം നൽകിയ കണ്ണൂർ കൊട്ടിയൂർ സ്വദേശി അനിൽ നായർ പറയുന്നു. 

ഗൂഗിൾ മാപ്പിന്റെ ഇടതുവശത്തുള്ള ‘മെനു’ ബാറിൽ ‘മൈ കോൺട്രിബ്യൂഷൻ’ ക്ലിക്ക് ചെയ്‌താൽ അവരവരുടെ ഗൂഗിൾ ലോക്കൽ ഗൈഡ് ലെവൽ, മാപ്പിൽ ചേർത്ത സ്ഥലങ്ങൾ, ചിത്രങ്ങൾ, നിരൂപണം, സ്ഥാപനങ്ങൾക്കു കൊടുത്ത റേറ്റിങ്, വിഡിയോ തുടങ്ങിയ വിശദാംശങ്ങൾ അറിയാം. സാമ്പത്തിക നേട്ടമൊന്നും ഇല്ലെങ്കിലും ലോക്കൽ ഗൈഡുകളുടെ സേവനത്തിന് ഒരോന്നിനും നിശ്ചിത പോയിന്റ് ലഭിക്കും. റേറ്റിങ് (ഒരു പോയിന്റ്), റിവ്യൂ (5), ചിത്രം (5), വീഡിയോ (6), പുതിയ സ്ഥലങ്ങൾ ചേർക്കൽ (15), ഉത്തരം നൽകൽ (3) എന്നിങ്ങനെ കൂടുതൽ പോയിന്റ് നേടുന്നവർക്കു പുതിയ ലെവലിൽ എത്തിച്ചേരാം. ആദ്യ റിവ്യൂ ആദ്യ ലെവൽ ആയി. 15 പോയിന്റ് കഴിഞ്ഞാൽ രണ്ടാമത്തെ ലെവൽ. 75 പോയിന്റ് എടുത്തു മൂന്നാം ലെവലിൽ എത്തുന്നതോടെ ഗൂഗിൾ ഡ്രൈവ് പരിധിയില്ലാതെ ഉപയോഗിക്കാനാവും. ഇങ്ങനെ പടിപടിയായി മുന്നോട്ട്. ഒരു ലക്ഷം പോയിന്റ് നേടുന്ന പത്താം ലെവൽ ആണ് അവസാനത്തേത്. 

ചോദ്യങ്ങൾക്കെല്ലാം ഉത്തരമുണ്ട്

ഗൂഗിൾ മാപ്പിൽ നമ്മൾ തിരയുന്ന പലതിനും ഉത്തരം നൽകുന്നതു ലോക്കൽ ഗൈഡുകളാണ്. ഓരോനിമിഷവും ലോകത്ത് ലക്ഷക്കണക്കിനു ഗൈഡുകൾ ഗൂഗിൾ മാപ്പിന്റെ ചോദ്യങ്ങൾക്കു രാപകൽ വ്യത്യാസമില്ലാതെ ഉത്തരങ്ങൾ നൽകിക്കൊണ്ടേയിരിക്കുന്നു. ഏതെങ്കിലും പുതിയ സ്ഥലത്തെത്തി മൊബൈലിൽ ഗൂഗിൾമാപ്പിന്റെ ആപ് ഓപ്പൺ ചെയ്യുന്നതോടെ ഗൂഗിളിന്റെ ആദ്യ ചോദ്യം എത്തുകയായി. നിങ്ങൾ ഈ സ്ഥലത്താണോ എന്ന്? അതെയെന്ന് ഉത്തരം നൽകുന്നതോടെ ഗൂഗിൾ ചോദ്യങ്ങളുടെ ശരവർഷം ആരംഭിക്കും. നമ്മൾ നിൽക്കുന്ന സ്ഥലങ്ങളിലെ ഓരോ സ്ഥാപനത്തെക്കുറിച്ചും പത്തും ഇരുപതും ചോദ്യങ്ങൾ. വീൽ ചെയർ ഉപയോഗിക്കാനാകുമോ? പാർക്കിങ്ങിൽനിന്നു പ്രവേശന കവാടത്തിലേക്കു വീൽചെയർ കൊണ്ടുപോകാമോ? വിശ്രമമുറി ഉണ്ടോ? പാർക്കിങ് ഉണ്ടോ? സൗജന്യമാണോ? ഇടുങ്ങിയ റോഡാണോ? വൺ‌വേ ആണോ? റോഡിൽനിന്നു വളരെ പെട്ടെന്നു കാണാനാവുമോ? പണം മാത്രമേ സ്വീകരിക്കുകയുള്ളോ? കാർഡ് സ്വീകരിക്കുമോ? ഇങ്ങനെ പോകും ചോദ്യങ്ങൾ. ഇവയ്ക്കെല്ലാം ഗൂഗിൾ ലോക്കൽ ഗൈഡുകൾ ഉത്തരം നൽകും. 

നേട്ടം വിനോദ സഞ്ചാര മേഖലയ്ക്കും

വിനോദ സഞ്ചാരമേഖലയ്ക്കും വലിയ സംഭാവനയാണു ഗൂഗിൾ ലോക്കൽ ഗൈഡുകൾ നൽകുന്നത്. ഏതെങ്കിലും ഒരു സ്ഥലത്തെക്കുറിച്ചും ഹോട്ടൽ ഉൾപ്പെടെയുള്ള സൗകര്യങ്ങളെക്കുറിച്ചും മികച്ച റിവ്യൂ നൽകിയാൽ ഇന്റർനെറ്റിൽ അവയുടെ പ്രാധാന്യവും കൂടും. പക്ഷേ കേരളത്തിൽ വിനോദസഞ്ചാരത്തിനു പ്രാധാന്യമുള്ള ഒട്ടേറെ സ്ഥലങ്ങൾ ഗൂഗിൾ മാപ്പിൽ അടയാളപ്പെടുത്താതെ കിടക്കുന്നുണ്ടെന്ന് അനിൽ പറയുന്നു. ഇവ കണ്ടെത്തി മാപ്പിൽ അടയാളപ്പെടുത്താൻ ലോക്കൽ ഗൈഡുകൾ‌ തയാറായാൽ കേരളത്തിലെ ഗ്രാമീണ ടൂറിസത്തിനു ഗുണകരമാകും. സ്ഥലങ്ങളോടു ചേർന്നുള്ള ഹോട്ടൽ സൗകര്യങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങളും ഉൾപ്പെടുത്തുന്നതു വിദേശ വിനോദ സഞ്ചാരികളെയും ആകർഷിക്കും. ഗൂഗിൾ ഗൈഡുകൾ അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കും ലക്ഷക്കണക്കിനു കാഴ്ചക്കാര്‍ ഉണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ ലോകവാർത്തകളിൽ ഗൂഗിൾ സ്ട്രീറ്റ് വ്യൂവും ഗൂഗിൾ മാപ്പുമാണു താരം. ഗൂഗിൾ മാപ്പിൽ പ്രസിദ്ധീകരിച്ച ചില ഗൂഗിൾ സ്ട്രീറ്റ് വ്യൂ ചിത്രങ്ങളാണു സോഷ്യൽ മീഡിയകളിലും പ്രചരിക്കുന്നത്.

നിസ്സാരക്കാരല്ല, ലോക്കൽ ഗൈഡുകൾ

പ്രതിഫലം ലഭിക്കുന്നില്ലെങ്കിലും പല സ്ഥാപനങ്ങളുടെ വളർച്ചയിലും വീഴ്ചയിലും ലോക്കൽ ഗൈഡുകൾക്കു നല്ല പങ്കുണ്ടെന്ന് അനിൽ ചൂണ്ടിക്കാട്ടുന്നു. മോശം സേവനം നൽകുന്ന സ്ഥാപനങ്ങളെ ഗൈഡുകൾ വെറുതെവിടാറില്ല. നല്ല സേവനങ്ങളെ പുകഴ്ത്താറുമുണ്ട്. സ്വതന്ത്ര പത്രപ്രവർത്തകരെപ്പോലെയാണു ഗൈഡുകളുടെ പ്രവർത്തനം. സാമ്പത്തിക നേട്ടമില്ലെങ്കിലും ലക്ഷക്കണക്കിനാളുകൾ ഈ ഹോബി തുടരാൻ കാരണമിതാണ്. ഈ ഹോബികൊണ്ടു നേട്ടംകൊയ്യുന്നതു ഗൂഗിളാണ്. എന്നാൽ യാതൊരു സഹായവും തിരികെ നൽകുന്നുമില്ല. ഇക്കാര്യത്തിൽ ഗൂഗിൾ വിചിന്തനം നടത്തേണ്ടതുണ്ടെന്നാണു ഗൈഡുകളുടെ അഭിപ്രായം. സേവനം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചു ചർച്ച ചെയ്യാൻ ഗൂഗിൾ ഗൈഡുകൾ നടത്തുന്ന സംഗമങ്ങൾക്കുള്ള (ലോക്കൽ ഗൈഡ് മീറ്റ് അപ്പ്) ചെലവും ഇവർ വഹിക്കണം. ജനങ്ങൾക്കു നൽകുന്ന സേവനം ഓർത്താണു പലരും ഹോബി തുടരുന്നത്. ഗൂഗിൾ ലോക്കൽ ഗൈഡുകളുടെ സേവനം കൂടുതൽ ആഭ്യന്തര, വിദേശ സഞ്ചാരികളെ ആകർഷിക്കാൻ സഹായിക്കുമെന്നതിനാൽ ചില വിദേശ രാജ്യങ്ങളിലെ സർക്കാരും സ്ഥാപനങ്ങളും സംഘടനകളും ഇവരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇന്ത്യയും ഈ മാതൃക പിന്തുടരേണ്ടതുണ്ടെന്നു ലോക്കൽ ഗൈഡുകൾ ചൂണ്ടിക്കാട്ടുന്നു. 

ലോക്കൽ ഗൈഡുകൾ സേവനം കാര്യക്ഷമമാക്കാൻ നടത്തുന്ന ചില പരിപാടികളാണു മീറ്റ്അപ്പ് (സംഗമങ്ങൾ), ജിയോവാക്ക് (ഒരു പ്രദേശത്തെ കണ്ടെത്താനുള്ള യാത്ര), ഫു‍ഡ്ക്രോൾ (ഹോട്ടലുകളിലെ ഭക്ഷണം വിലയിരുത്തി ചിത്രങ്ങളും വിവരണങ്ങളും നൽകൽ), ഫോട്ടോവാക്ക് (വിനോദസഞ്ചാര ഇടങ്ങളുടെ ചിത്രങ്ങൾ നൽകാനുള്ള യാത്ര) തുടങ്ങിയവ. ഈ മേഖലയിലേക്കു വരാൻ താൽപര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സൗജന്യമായി ക്ലാസ് എടുക്കാനും ഒട്ടേറെ ഗൂഗിൾ ലോക്കൽ ഗൈഡുകൾ രംഗത്തുണ്ട്. ബെംഗളൂരു റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയ അനിൽ നായർ വർഷങ്ങളായി ഗൂഗിൾ ഗൈഡായി രംഗത്തുണ്ട്.