Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശമ്പളവും പെൻഷനും മുടങ്ങില്ല; ട്രഷറി നിയന്ത്രണം തുടരും

Issac-no-money

തിരുവനന്തപുരം∙ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും നാളെ വിതരണം തുടങ്ങേണ്ട ശമ്പളവും പെൻഷനും മുടങ്ങില്ല. ഒരു മാസമായി തുടരുന്ന ട്രഷറി നിയന്ത്രണം വഴി മിച്ചം പിടിച്ച രണ്ടായിരം കോടി രൂപ ഇപ്പോൾ ബാക്കിയുണ്ട്. കൂടാതെ, ദേശീയ സമ്പാദ്യ പദ്ധതിയിൽനിന്ന് 533 കോടി രൂപ കടമെടുക്കുകയും ചെയ്തു. ബവ്റിജസ് കോർപറേഷനിൽനിന്നു ലഭിക്കുന്ന 700 കോടിയും മറ്റു വരവുകളും ചേർത്ത് ഇക്കുറി കടന്നുകൂടാൻ കഴിയുമെന്നാണു പ്രതീക്ഷ.

ശമ്പളവും പെൻഷനും വിതരണം ചെയ്യാനുള്ള 5000 കോടി രൂപ ഉറപ്പാക്കിയിട്ടുണ്ടെന്നു ധനവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം, ഡിസംബറിൽ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്നാണു സർക്കാർ വിലയിരുത്തൽ. മൂന്നു മാസത്തെ കുടിശികയടക്കം ക്ഷേമ പെൻഷൻ‌ വിതരണം 16ന് ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 16നു സഹകരണ സംഘങ്ങൾ വഴിയും 18നു ബാങ്കുകൾ വഴിയും പെൻ‌ഷൻ എത്തും. ഇതിന് 1488 കോടി രൂപ വേണ്ടിവരും. കൂടാതെ, ക്രിസ്മസിനു മുന്നോടിയായി മുൻകൂർ ശമ്പളവും പെൻഷനും നൽകേണ്ടി വരുന്നതോടെ ഡിസംബറിൽ സർക്കാരിന് ഇരട്ടിച്ചെലവാണ്. നികുതി വിഹിതമായി കേന്ദ്രത്തിൽനിന്ന് 1250 കോടിയും നികുതിയുടെ നഷ്ടപരിഹാരമായി 900 കോടി രൂപയോളവും പ്രതീക്ഷിക്കുന്നു. ഇവ ഡിസംബർ പകുതിയോടെ ലഭിച്ചില്ലെങ്കിൽ മുൻകൂർ ശമ്പള വിതരണത്തെ ബാധിക്കും.

കെഎസ്എഫ്ഇയിൽനിന്ന് ആയിരം കോടിയോളം രൂപ വായ്പയെടുക്കാൻ തീരുമാനമുണ്ടെങ്കിലും ഇതുകൊണ്ടും പ്രതിസന്ധി പരിഹരിക്കാൻ കഴിയില്ല. അതേസമയം, രൂക്ഷമായ പ്രതിസന്ധിയിലും ട്രഷറി നിയന്ത്രണം ഒഴികെയുള്ള ചെലവു ചുരുക്കൽ നടപടികളിലേക്കു സർക്കാർ ഇതുവരെ കടന്നിട്ടില്ല.

related stories