Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സലിൽ പരേഖ് ഇൻഫി സിഇഒ; വിശാൽ സിക്കയുടെ പിൻഗാമിയും കമ്പനിക്കു പുറത്തുനിന്നു തന്നെ

Salil S. Parekh

ബെംഗളൂരു∙ ഇൻഫോസിസ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും (സിഇഒ) മാനേജിങ് ഡയറക്ടറുമായി (എംഡി) സലിൽ പരേഖ് എത്തുന്നു. ഫ്രഞ്ച് ഐടി കൺസൽറ്റിങ് കമ്പനി ക്യാപ്ജെമിനൈയുടെ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ബോർഡ് അംഗവും യൂറോപ്പ്, വടക്കേ അമേരിക്ക, ഏഷ്യ മേഖലകളിലെ ഫിനാൻഷ്യൽ സർവീസസ് സിഇഒയുമായിരുന്നു. ജനുവരി രണ്ടിനു ചുമതല ഏറ്റെടുക്കും.

അഞ്ചു വർഷമാണു കാലാവധി. ഓഗസ്റ്റിൽ വിശാൽ സിക്ക രാജിവച്ചതിനു ശേഷം മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണു പരേഖിന്റെ നിയമനം. സിക്കയെപ്പോലെ പിൻഗാമിയും കമ്പനിക്കു പുറത്തുനിന്നാണെന്നതാണു പ്രത്യേകത. ചീഫ് ഓപ്പറേറ്റിങ് ഓഫിസർ യു.ബി. പ്രവീൺ റാവു സിഇഒയുടെ അധിക ചുമതലയിൽനിന്ന് ഒഴിവാകും.

മൂന്നു പതിറ്റാണ്ടിന്റെ പരിചയസമ്പത്തുള്ള പരേഖ്, രണ്ടായിരത്തിലാണു ക്യാപ്ജെമിനൈയിൽ ചേർന്നത്. 1992–2000 കാലയളവിൽ ഏൺസ്റ്റ് ആൻഡ് യങ്ങിൽ പ്രവർത്തിച്ചിരുന്നു. ഐഐടി ബോംബെയിൽനിന്ന് എയ്‌റോനോട്ടിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും യുഎസിലെ കോർണെൽ സർവകലാശാലയിൽ നിന്നു കംപ്യൂട്ടർ സയൻസിലും മെക്കാനിക്കൽ എൻജിനീയറിങ്ങിലും ബിരുദാനന്തര ബിരുദവും നേടിയ സലിൽ പരേഖിനു ധനകാര്യ സേവന മേഖലയിലും ഐടി മേഖലയിലും ഒരേ പോലെയുള്ള പ്രാവീണ്യം മുതൽക്കൂട്ടാണ്.

ഐടി മേഖലയിലെ മാറ്റങ്ങൾക്കനുസരിച്ച് ഇൻഫോസിസിനെ നയിക്കാ‍ൻ പരേഖിന് ആകുമെന്നു ബോർഡ് ചെയർമാൻ നന്ദൻ നിലേകനി അഭിപ്രായപ്പെട്ടു. അതേസമയം, ഇൻഫോസിസ് ബോർഡും മാനേജ്മെന്റും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നത് ഉൾപ്പെടെ ഒട്ടേറെ വെല്ലുവിളികളാണ് അദ്ദേഹത്തിനു മുന്നിലുള്ളതെന്നു നിരീക്ഷകർ വിലയിരുത്തുന്നു.

ബോർഡ്–മാനേജ്മെന്റ് തർക്കത്തെ തുടർന്നാണു സിക്ക സ്ഥാനമൊഴിഞ്ഞത്. ഓട്ടമേഷൻ, ക്ലൗഡ് സാങ്കേതികവിദ്യകൾക്കു പ്രാമുഖ്യമേറുന്നതനുസരിച്ച് കമ്പനിയുടെ ഭാവിപദ്ധതികൾ രൂപപ്പെടുത്തേണ്ടതും പരേഖിനു മുന്നിലുള്ള വെല്ലുവിളിയാണ്.