Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസികളും ചെറുകിട നിക്ഷേപവും

Flight

നാട്ടിലൊരു കമ്പനിയിൽ 10 കൊല്ലത്തോളമായി ജോലിചെയ്യുന്നു. വിദേശത്ത് ഒരു ജോലിക്ക് വീസ ശരിയായിട്ടുണ്ട്. നാട്ടിൽ നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റുകൾ എടുക്കുകയും പബ്ലിക് പ്രോവിഡന്റ് ഫണ്ട് അക്കൗണ്ട് തുടങ്ങുകയും ചെയ്തിട്ടുണ്ട്. വിദേശത്തേക്കു പോകുമ്പോൾ ഈ നിക്ഷേപങ്ങൾ തുടരാൻ സാധിക്കുമോ?

ചെറുകിട സമ്പാദ്യ പദ്ധതികൾ പ്രവാസികൾക്കു തുടങ്ങാൻ അനുവാദമില്ല. പ്രവാസിയാകുന്ന ദിവസം മുതൽ നിലവിലുള്ള പബ്ലിക് പ്രോവിഡന്റ് ഫണ്ട്, നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റ് എന്നിവ ക്ലോസ് ചെയ്യണമെന്നാണ് ഇതു സംബന്ധിച്ച ഏറ്റവും പുതിയ കേന്ദ്ര സർക്കാർ ഉത്തരവു വ്യക്തമാക്കുന്നത്. പബ്ലിക് പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടുകളെ സംബന്ധിച്ച് ഈ വർഷം ഒക്ടോബറിൽ കേന്ദ്ര സർക്കാർ ഗസറ്റ് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിട്ടുണ്ട്.

നാട്ടിൽ താമസിച്ചിരുന്ന കാലയളവിൽ തുടങ്ങിയ പബ്ലിക് പ്രോവിഡന്റ് ഫണ്ട് അക്കൗണ്ട്, ഉടമ പ്രവാസിയാകുന്ന തീയതിക്കു ക്ലോസ് ചെയ്തതായി കണക്കാക്കണമെന്നതാണു വിജ്ഞാപനം. നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റിനെ സംബന്ധിച്ചിടത്തോളം, പ്രവാസിയാകുന്ന തീയതിക്ക് സർട്ടിഫിക്കറ്റ് പണമാക്കി മാറ്റിയതായി കണക്കാക്കും.

പ്രവാസിയായി കണക്കാക്കുന്നതെപ്പോൾ

ജോലി, വ്യാപാര ആവശ്യങ്ങൾ തുടങ്ങി ഇപ്പോൾ തീർച്ചപ്പെടുത്താനാവാത്ത കാലത്തേക്കു വിദേശരാജ്യങ്ങളിൽ താമസിക്കാൻ പോകുന്നവരെ, പോകുന്ന തീയതി മുതൽതന്നെ പ്രവാസി ഇന്ത്യക്കാരനായി (എൻആർഐ) കണക്കുകൂട്ടും. ഒരു സാമ്പത്തിക വർഷത്തിൽ തുടർച്ചയായോ ഇടവിട്ടുള്ള ഇടവേളകളിലോ 182 ദിവസത്തിൽ താഴെ മാത്രം ഇന്ത്യയിൽ താമസിച്ചിരുന്നവരെയും തൊട്ടടുത്ത വർഷം പ്രവാസിയായി കണക്കാക്കും. 

പ്രവാസി ബാങ്ക് അക്കൗണ്ടുകൾ 

വിദേശത്തുനിന്ന് ഇന്ത്യയിലെ അക്കൗണ്ടിലേക്കു പണം അടയ്ക്കുന്നതിന് നോൺ റസിഡന്റ് എക്‌സ്റ്റേണൽ അഥവാ എൻആർഇ അക്കൗണ്ടുകൾ തുടങ്ങണം. ഇന്ത്യൻ രൂപയും നിലനിർത്തുന്ന ഇത്തരം അക്കൗണ്ടിൽ വിദേശത്തുനിന്ന് അയയ്ക്കുകയും ഇന്ത്യയിലെത്തുമ്പോൾ വിദേശ കറൻസിയായും ട്രാവലേഴ്‌സ്ചെക്കായും കൈയ്യിൽ കൊണ്ടുവരുന്ന തുക നിക്ഷേപിക്കുകയുമാകാം. വിദേശത്തേയ്ക്കു താമസംമാറ്റുന്നതിനു മുൻപ് ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന ബാങ്ക് അക്കൗണ്ടുകൾ നോൺ റസിഡന്റ് ഓർഡിനറി അഥവാ എൻആർഒ അക്കൗണ്ടുകൾ എന്നറിയപ്പെടുന്ന അക്കൗണ്ടുകളായിമാറ്റി തുടരാം. സേവിങ്സ് അക്കൗണ്ടായും സ്ഥിരനിക്ഷേപമായും തുടങ്ങാവുന്ന എൻആർഒ അക്കൗണ്ടുകളിൽ ഇന്ത്യൻരൂപയിൽ ഇന്ത്യയിൽനിന്നു ലഭിക്കുന്ന പണം അടയ്ക്കാവുന്നതാണ്. 

ചെറുകിട നിക്ഷേപത്തുക

2016 ഏപ്രിൽ മുതൽ, ഓരോ മാസത്തേക്കും വിപണിയുമായി ബന്ധപ്പെടുത്തിയാണ് ചെറുകിട നിക്ഷേപങ്ങൾക്കു പലിശനിരക്ക് നിശ്ചയിക്കുക. ഇപ്പോൾ 7.8% വാർഷികപലിശനിരക്ക് ലഭിക്കുന്ന പബ്ലിക് പ്രോവിഡന്റ് ഫണ്ട്, നാഷനൽ സേവിങ്സ്‌ സർട്ടിഫിക്കറ്റ് നിക്ഷേപങ്ങൾ എന്നിവയ്ക്ക്, ദേശവാസി എന്ന പദവിമാറി പ്രവാസിയാകുന്നതോടെ, സാധാരണ പോസ്റ്റ് ഓഫിസ് സേവിങ്സ് ബാങ്ക്അക്കൗണ്ടിൽ ലഭിക്കുന്ന 4% വാർഷികപലിശ മാത്രമേ ലഭിക്കുകയുള്ളൂ. അക്കൗണ്ടുകളിൽ ബാക്കിനിൽക്കുന്ന തുക നാട്ടിലുളള എൻആർഒ അക്കൗണ്ടിലേക്ക് മാറ്റുകയോ പണമായി പിൻവലിക്കുകയോ ചെയ്യാം. 

പെൻഷൻ സ്‌കീം തുടരാം

ചെറുകിടനിക്ഷേപങ്ങൾക്ക് അർഹതയില്ലെങ്കിലും, നാട്ടിലുണ്ടായിരുന്നപ്പോൾ തുടങ്ങിയ നാഷനൽ പെൻഷൻസ്‌കീം പ്രവാസിയായാലും തുടരാവുന്നതാണ്. മാത്രമല്ല, പ്രവാസിയായ വ്യക്തികൾക്ക് പുതുതായി നാഷനൽ പെൻഷൻ അക്കൗണ്ട് തുറക്കുന്നതിനും തടസ്സങ്ങൾ ഇല്ല. ബാങ്കുകൾ, പോസ്റ്റ് ഓഫിസുകൾ എന്നിവകളിൽ തുടങ്ങാവുന്ന നാഷനൽ പെൻഷൻ സ്കീമിൽ പൊതുജനങ്ങൾക്ക് തുടങ്ങാവുന്ന ടിയർ-1 അക്കൗണ്ടിൽ മെച്ചപ്പെട്ട വരുമാനമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. അഞ്ചു വർഷ കാലാവധിക്ക് ഓഹരി ഫണ്ടുകളിൽ വളർച്ചാനിരക്ക് രണ്ടക്കത്തിലാണ്. കടപ്പത്രങ്ങളിൽ പ്രധാനമായും നിക്ഷേപിക്കുന്ന ഫണ്ടുകളിൽപ്പോലും ഒൻപതു ശതമാനത്തിനടുത്ത്‌ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.