Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടകളിൽ കാർഡ് ഇടപാടിന് ഫീസ് കുറയും

swipe-machine

മുംബൈ ∙ വ്യാപാരശാലകളിൽ ക്രെഡിറ്റ് – ഡെബിറ്റ് കാർഡ് പണമിടപാടിന് സൗകര്യം ചെയ്തുകൊടുക്കുന്നതിന് ബാങ്കുകൾ വ്യാപാരികളിൽനിന്ന് ഈടാക്കുന്ന ഫീസ് കുറയ്ക്കാൻ റിസർവ് ബാങ്ക് തീരുമാനം. കറൻസി ക്ഷാമം മാറിയതോടെ ജനം കാർഡ് ഇടപാടുകളിൽനിന്ന് പിന്നാക്കം പോയ സാഹചര്യത്തിലാണ്, കാർഡ് ഇടപാട് പ്രോൽസാഹിപ്പിക്കാൻ റിസർവ് ബാങ്ക് നടപടി.

മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് എന്ന എംഡിആർ നിലവിൽ ഇടപാട് തുകയുടെ നിശ്ചിത ശതമാനം എന്ന രീതിയിലാണ്. ഇത് വ്യാപാരിയുടെ വാർഷിക വിറ്റുവരവിന്റെ അടിസ്ഥാനത്തിൽ പല തട്ടുകളാക്കും. എത്ര ചെറിയ വ്യാപാരിയും എത്ര ചെറിയ ഇടപാടിനും എംഡിആർ നൽകേണ്ടി വരുന്നെന്ന പ്രശ്നം പരിഹരിക്കുകയാണ് ലക്ഷ്യം. ചെറുകിട വ്യാപാരികളെ കറൻസിരഹിത ഇടപാടുകളിലേക്ക് നയിക്കാൻ ഇതു സഹായിക്കും.

കാർഡ് സ്വൈപ് ചെയ്ത് ഇടപാട് നടത്തുന്ന പോയിന്റ് ഓഫ് സെയിൽസ് (പിഒഎസ്) ടെർമിനലുകളുടെ ഉപയോഗം 2016–17 ലെ നിലയിൽത്തന്നെയാണ് ഇപ്പോഴും. കാർഡ് ഉപയോഗം വർധിക്കണമെങ്കിൽ എംഡിആർ പരിഷ്കരണം ആവശ്യമാണെന്ന് റിസർവ് ബാങ്ക് വിലയിരുത്തി.

ജനുവരി ഒന്നു മുതൽ പുതിയ നിരക്കുകൾ

20 ലക്ഷം രൂപ വരെ വാർഷിക വിറ്റുവരവുള്ള വ്യാപാരികൾ:
∙ പിഒഎസ് മെഷീൻ/ഓൺലൈൻ ഇടപാടുകൾക്ക്– ഇടപാടിന്റെ 0.40%.
ഒരു  ഇടപാടിൻമേൽ പരമാവധി എംഡിആർ 200 രൂപ.
∙ ക്യുആർ (QR)  കോഡ് വഴിയുള്ള ഇടപാടുകൾക്ക്– 0.30%. പരമാവധി 200 രൂപ.
20 ലക്ഷം രൂപയ്ക്കു മേൽ വിറ്റുവരവുള്ളവർ:
∙ പിഒഎസ് മെഷീൻ/ഓൺലൈൻ ഇടപാടുകൾക്ക്–ഇടപാടിന്റെ 0.90%.പരമാവധി 1000 രൂപ.
∙ ക്യുആർ കോഡ് ഇടപാടിന്– 0.80%. പരമാവധി 1000 രൂപ.

നോട്ട് അസാധുവാക്കലിനു ശേഷം കഴിഞ്ഞ ഡിസംബർ മുതൽ നിലവിലുള്ള നിരക്ക്:

∙ 1000 രൂപ വരെയുള്ള ഇടപാടിന് 0.25%.
∙ 1000–2000 രൂപയാണ് ഇടപാടെങ്കിൽ 0.5%.
∙ 2000 രൂപയ്ക്കു മുകളിലുള്ള ഇടപാടിന് 1%.