Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വീകരണം, സംരക്ഷണം, പ്രചാരണം; വളരുന്നു യുവ ബിസിനസ്

event-team

കൊച്ചി ∙ ഗ്രീറ്റിങ്, ആങ്കറിങ്, ബൗൺസർ, പ്രമോട്ടർ...ഈവന്റ് മാനേജ്മെന്റുമായി ബന്ധപ്പെട്ട അനുബന്ധ സേവനങ്ങൾ കേരളത്തിൽ അതിവേഗം വളരുന്നു. ചെറുപ്പക്കാർക്കും വിദ്യാർഥികൾക്കും തൊഴിലവസരമാകുന്ന  ഇത്തരം  സേവനങ്ങൾ നൽകാനായി അനേകം ഏജൻസികൾ രൂപമെടുക്കുകയും ചെയ്യുന്നു.

മാൻപവർ സപ്ലൈ എന്നാണ് ഈ ലൈനിലുള്ള ബിസിനസിനെ വിളിക്കുന്നത്. ആഡംബര വിവാഹങ്ങൾ, ജന്മദിന, വിവാഹ വാർഷിക ആഘോഷങ്ങൾ, വലിയ സമ്മേളനങ്ങൾ, മെഗാ ഷോകൾ, സ്പോർട്സ് മൽസരങ്ങൾ, ഡിസ്കോകൾ, പ്രശസ്തരുടെ വിരുന്നുകൾ എന്നിവയ്ക്കെല്ലാം യുവതീയുവാക്കളെ വിവിധ സേവനങ്ങൾക്കായി നൽകുന്നതാണു ബിസിനസ്. വിവാഹങ്ങൾക്കും സമ്മേളനങ്ങൾക്കും അതിഥികളെ സ്വീകരിച്ചു കൊണ്ടുപോയി സീറ്റിൽ ഇരുത്തുക, സംഘാടനത്തിനു സഹായിക്കുക, പരിപാടി കോംപിയർ ചെയ്യുക, ആങ്കർ ചെയ്യുക (മാസ്റ്റർ ഓഫ് സെറിമണി–എംസി) എന്നിവയാണു പ്രധാന സേവനങ്ങൾ.

അതിൽ തന്നെ ബൗൺസർ എന്നൊരു വിഭാഗം അടുത്തിടെ പ്രചാരം നേടിയതാണ്. ജിംനേഷ്യങ്ങളിൽ നിന്നു പരിശീലനം കഴിഞ്ഞിറങ്ങുന്ന യുവതീയുവാക്കളാണ് ഇതിനു വേണ്ടത്. തണ്ടും തടിയും ബോക്സിങ്, കരാട്ടെ പോലുള്ള ആയോധന കലകളിൽ പ്രാവീണ്യവും ഉണ്ടായിരിക്കണം. സിനിമ–സ്പോർട്സ് താരങ്ങളുടെ സംരക്ഷണത്തിന് ഇവർ നിയോഗിക്കപ്പെടുന്നു. ഡിസ്കോകളിലും മെഗാഷോകളിലും കാണികളെ കൈവിട്ടു പോകാതെ നിയന്ത്രിക്കുകയും ഇവരുടെ ജോലിയാണ്. ഏജൻസിക്കും യുവതീയുവാക്കൾക്കും മികച്ച വരുമാനവും ഇത്തരം സേവനങ്ങൾ നേടിക്കൊടുക്കുന്നുണ്ട്.

പ്രമോട്ടർ എന്ന മറ്റൊരു വിഭാഗമുണ്ട്. ഇംഗ്ലിഷ് അറിയണമെന്നുണ്ട്. ഷോപ്പിങ് മേളകളിൽ കടകളിലും സ്റ്റാളുകളിലും ഉൽപന്നങ്ങൾ പ്രമോട്ട് ചെയ്യുകയാണ് ഇവരുടെ ജോലി. വൻകിട ബ്രാൻഡുകളുടെ ടീ ഷർട്ട് ധരിച്ചു നിന്ന് ഇവർ ഉപഭോക്താക്കൾക്ക് ഉൽപന്നങ്ങളെക്കുറിച്ചു ബോധവൽക്കരണം നടത്തുകയും ലഘുലേഖ വിതരണം ചെയ്യുകയും വാങ്ങാൻ പ്രേരണ ചെലുത്തുകയും ചെയ്യുന്നു. ഓണക്കാലത്താണ് ഇവർക്ക് ഏറ്റവും ഡിമാൻഡ്.

കേരളത്തിൽ കൊച്ചി,തിരുവനന്തപുരം നഗരങ്ങളിലാണ് ഇത്തരം മാൻപവർ ഏജൻസികൾ കൂടുതലെങ്കിലും കാസർകോട് വരെ ഇവരുടെ സേവനം നൽകപ്പെടുന്നുണ്ട്. ഈവന്റ് മാനേജ്മെന്റ് ഏജൻസികളും കൺവൻഷൻ സെന്ററുകളും മറ്റുമാണു പ്രധാനമായും സേവനം ആവശ്യപ്പെടുന്നത്. എത്ര യുവതീയുവാക്കളെ വേണം എന്നതിനെ ആശ്രയിച്ചാണു പ്രതിഫലം. ആൺകുട്ടികൾക്ക് ഒരു ചടങ്ങിന് ആയിരം രൂപയും പെൺകുട്ടിക്ക് 2000 രൂപയും ഏജൻസി ഈടാക്കുന്നു. ബൗൺസർമാരാണെങ്കിൽ തുക കൂടുതലാണ്. അവർക്ക് എത്തിച്ചേരാനുള്ള ബസ്–ടെമ്പോ വാഹനത്തിനും ഭക്ഷണത്തിനും വേഷത്തിനും മറ്റുമുള്ള ചെലവു പുറമെ. കോസ്റ്റ്യൂം ഏതു വേണമെന്നും ആവശ്യപ്പെടാം. സാരിയോ, സെറ്റ് മുണ്ടോ വേണമെങ്കിൽ 250 രൂപ പുറമെ.

ഏജൻസികളിൽ റജിസ്റ്റേഡ് കമ്പനികളും ഫ്രീലാൻസിങ് വ്യക്തികളുമുണ്ട്. കുട്ടികൾക്ക് അതതു സേവനങ്ങളിൽ ഇവർ പരിശീലനം നൽകുന്നു. വിവാഹങ്ങൾക്കും സമ്മേളനങ്ങൾക്കും വേണ്ട ഗ്രീറ്റിങ് (അഷർ ഇൻ എന്നും പറയാറുണ്ട്.) ബോയ്സിനും ഗേൾസിനും പരിശീലനമുണ്ട്. എങ്ങനെ പെരുമാറണമെന്നും എന്തൊക്കെ ചെയ്യാം അല്ലെങ്കിൽ ചെയ്യരുത് എന്നിങ്ങനെ. കുറച്ചു തവണ കഴിയുമ്പോൾ കുട്ടികൾ പരിചയ സമ്പന്നരാവുകയും ചെയ്യും. കേറ്ററിങ് ഏജൻസികളും ഇപ്പോൾ ഇങ്ങനെ മാൻപവർ സപ്ലൈ ബിസിനസിലേക്കു കടന്നിട്ടുണ്ട്.

ആങ്കറിങ്, കോംപിയറിങ് രംഗത്തുള്ള കുട്ടികൾക്കു പലപ്പോഴും ടിവിയിലേക്കും സിനിമയിലേക്കുമുള്ള വാതിൽ കൂടിയാണ് പ്രോഗ്രാമുകൾ. ആങ്കർ മാത്രമുള്ള ഉദ്ഘാടനം പോലുള്ള ചെറിയ ചടങ്ങുകൾക്ക് 5000 രൂപയാണ് പ്രതിഫലമെങ്കിൽ വിവാഹങ്ങൾക്ക് പത്ത് ആൺകുട്ടികളും 15 പെൺകുട്ടികളും സ്വീകരണത്തിനായി കണ്ടേക്കാം. മാമാങ്കം പോലുള്ള വിവാഹച്ചടങ്ങുകൾക്ക് അവരുടെ എണ്ണം നൂറു കവിയും. അതനുസരിച്ച് ഒരു ചടങ്ങിനുള്ള പ്രതിഫലത്തുക 20000 രൂപ മുതൽ ലക്ഷങ്ങൾ വരെയാകുന്നു. ഈവന്റ് മാനേജ്മെന്റ്  ഏജൻസികളുടെ വരുമാനം വർഷം 70 കോടിയിലേറെയാണ്. അതിൽ ചെറുതല്ലാത്ത ഭാഗം മാൻപവർ ഏജൻസികൾക്കും അവയിലൂടെ ചെറുപ്പക്കാരുടെ പോക്കറ്റുകളിലേക്കും എത്തുന്നുണ്ട്. 

മുമ്പ് സംഘാടകരും കല്യാണം നടത്തുന്നവരും സ്വയം ചെറുപ്പക്കാരെ സംഘടിപ്പിച്ചിരുന്നെങ്കിൽ ഇപ്പോഴതു ബിസിനസായി മാറി. പ്രഫഷനൽ ഏജൻസികളുടെ ചുമതലയിലേക്കെത്തി. അതനുസരിച്ചു പ്രഫഷനലിസവും ഈ രംഗത്തു കടന്നു വന്നിട്ടുണ്ട്. സംഘാടകർക്കു സ്വസ്ഥമായിരിക്കാം, സേവനം കൃത്യമായി ലഭിക്കുന്നു.