Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംഭവം നടത്തിപ്പ് ഒരു സംഭവം തന്നെ; ഈ നടത്തിപ്പുകാരനും

event-gopakumar എൻ. ഗോപകുമാറിന്റെ കമ്പനി 1996–ൽ കണ്ണൂർ ടൗൺഹാളിൽ നടത്തിയ ഇൗവന്റ് മ‍‍ഞ്ജു വാരിയർ ഉദ്ഘാടനം ചെയ്യുന്നു. (ഫയൽ ചിത്രം)

കൊച്ചി∙ 1970കളുടെ ആരംഭത്തിൽ ഈവന്റ് മാനേജ്മെന്റ് എന്ന ഒരു ബിസിനസ് ഇല്ലെന്നു മാത്രമല്ല, ആ വാക്കുപോലും ആർക്കും അത്ര പിടിയില്ല. കാരണം അങ്ങനെ വലിയ സംഭവങ്ങളൊന്നും കേരളത്തിൽ അന്നില്ല. ഓലപ്പുരകളിൽ സാധനങ്ങൾ കൂട്ടിയിട്ടു വിൽക്കുന്ന എക്സിബിഷനുകൾ മാത്രമാണ് ഉണ്ടായിരുന്നത്. അതും ഓരോ സ്ഥാപനങ്ങളും വ്യക്തികളും നടത്തിയിരുന്നത്. 

ഈവന്റ് മാനേജ്മെന്റ് എന്ന വാക്ക് കേരളത്തിനു പരിചിതമാകാൻ 90 കളുടെ പകുതിയാകേണ്ടതായി വന്നു. വലിയ ഈവന്റ് മാനേജ്മെന്റ് കമ്പനികൾ ആരംഭിക്കുന്നതും തൊണ്ണൂറുകളിലാണ്. പക്ഷേ, മത്സരങ്ങൾക്കും പ്രദർശനങ്ങൾക്കും ഒത്തുകൂടലുകൾക്കുമുള്ള വേദിയൊരുക്കൽ ഭാവിയിലെ വലിയ ബിസിനസാകുമെന്നു മുൻകൂട്ടി കണ്ടിരുന്നു കൊച്ചി വളഞ്ഞമ്പലം സ്വദേശി എൻ. ഗോപകുമാർ, ഡിഗ്രിക്കു പഠിക്കുമ്പോൾ തന്നെ. ബിഎസ്‌സി പഠനകാലത്താണു മത്സരങ്ങൾ നടത്താനും സാമൂഹിക സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാനുമായി ഗോപകുമാർ സ്റ്റാലിയൻസ് ഇന്റർനാഷനൽ എന്ന എൻജിഒ ആരംഭിച്ചു. പരിപാടികൾ നടത്തുന്ന ഒരു സംഘടന മാത്രമായിരുന്നു അന്ന് അത്. പിന്നീട് ഇന്ത്യൻ ട്രേഡ് ഫെയർ ഫൗണ്ടേഷൻ എന്ന ഈവന്റ് മാനേജ്മെന്റ് സംഘടനയ്ക്കു രൂപം കടുത്തു. തുടർന്നാണ് എന്തിനും ഏതിനും ഈവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങൾ എന്ന സ്ഥിതി കേരളത്തിലെത്തിയത്. കല്യാണങ്ങൾ വരെ ഈവന്റ് മാനേജ്മെന്റുകാരുടെ ചുമതലയായി മാറിയപ്പോൾ കേരളത്തിൽ ആയിരക്കണക്കിനു കോടിയുടെ ബിസിനസായി വളർന്നു ഈവന്റ് മാനേജ്മെന്റ് എന്ന സംഘാടന സേവനം. 

event-gopakumar1 എൻ. ഗോപകുമാർ

∙ഉണ്ണിമേരി മുതൽ ദിവ്യ ഉണ്ണി വരെ

കുട്ടികൾക്കായുള്ള പുഞ്ചിരി മത്സരവും പ്രസംഗ മത്സരവുമായിരുന്നു ആദ്യ കാലത്ത് സ്റ്റാലിയൻസ് ഇന്റർനാഷനൽ സംഘടിപ്പിക്കുന്ന പരിപാടികൾ. പുഞ്ചിരി മത്സരത്തിന് ആദ്യമായി സമ്മാനം ലഭിച്ച കുട്ടികളിലൊരാൾ നടി ഉണ്ണിമേരിയായിരുന്നു. പിന്നീട് ഈ പുഞ്ചിരി മത്സരത്തിലെ വിജയികളിൽ ഒരുപാടു പേർ സിനിമയിലെത്തി. ദിവ്യ ഉണ്ണിയും പുഞ്ചിരി മത്സരത്തിലെ വിജയിയായിരുന്നു. അതുപോലെ സ്റ്റാലിയൻസിന്റെ പ്രസംഗ മത്സരവും പെട്ടന്നുതന്നെ ജനപ്രീതി നേടി. സിയാൽ എംഡി വി.ജെ. കുര്യനും കൊച്ചി മെട്രോയുടെ അമരക്കാരനായിരുന്ന ഏലിയാസ് ജോർജും മുൻ കലക്ടർ എം.പി. ജോസഫും  ഇപ്പോഴത്തെ മേയർ സൗമിനി ജെയിനുമൊക്കെ ആദ്യകാലത്തെ പ്രസംഗമത്സര വിജയികളായിരുന്നു. കുട്ടികൾക്കുള്ള ചിത്രരചനാ മത്സരങ്ങളും കലാപരിപാടികളുമൊക്കെയായിത്തുടങ്ങിയ ആദ്യ കാലത്തെ ഈ ‘ഈവന്റ് മാനേജ്മെന്റ്’ പരിപാടികൾ എക്സിബിഷനുകളിലേക്കും വ്യാപാരമേളകളിലേക്കും വഴിമാറുന്നത് 80 കളുടെ പകുതിയോടെ മാത്രമാണ്.

വരുന്നൂ, പ്രഫഷനൽ വ്യാപാരമേളകൾ

ഒരു വേദിയിൽ ഒരേ സ്വഭാവമുള്ള ഒന്നിലേറെ കമ്പനികളെ ഒന്നിച്ചുനിർത്തി വലിയ വ്യാപാരമേളകൾ അതുവരെ നടന്നിട്ടില്ല. പാർക്കുകളിലൊക്കെയായി ചെറിയ പ്രദർശനങ്ങൾ മാത്രമായിരുന്നു അന്നുണ്ടായിരുന്നത്. മുംബൈ, ചെന്നൈ, ഡൽഹി, ബെംഗളൂരു തുടങ്ങിയ വൻനഗരങ്ങളിൽ പോയി ഗോപകുമാർ അവിടെ നടക്കുന്ന പ്രദർശനങ്ങളെക്കുറിച്ച് പഠിച്ചു. 1988 ൽ ആദ്യത്തെ എക്സിബിഷൻ കൊച്ചിയിൽ സംഘടിപ്പിച്ചു. കേരള ഓട്ടോ ടൂവീലേഴ്സ് അസോസിയേഷന്റെ സഹകരണത്തോടെയായിരുന്നു അത്. 94 വരെ എല്ലാ വർഷവും ഈ എക്സിബിഷൻ നടത്തി.  അന്നത്തെ പ്രമുഖ ബ്രാൻഡുകളെ ഒന്നിച്ചു ചേർത്ത പ്രദർശനമായിരുന്നു ഓട്ടോ ഷോ.

∙ഈവന്റുകൾ വരുന്നു.

കൂടുതൽ പ്രഫഷനലായി ഈവന്റ് മാനേജ്മെന്റ് എന്ന രീതിയിലേക്ക് സംഘടന ചുവടു മാറ്റേണ്ട സമയമായെന്നു ചിന്തിക്കുന്നത് 90 കളിലാണ്. ആ സമയത്ത് രാജ്യത്തെ മെട്രോ നഗരങ്ങളിൽ ഇത്തരം സംഘടനകൾ പ്രവർത്തിച്ചു തുടങ്ങിയിരുന്നു. 93 ൽ ഇന്ത്യൻ ട്രേ‍ഡ് ഫെയർ ഫൗണ്ടേഷൻ എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനി ആരംഭിച്ചു. 93 ൽ തന്നെ ടിഡിഎം ഹാളിൽ കൺസൂമർ വ്യാപാരമേള സംഘടിപ്പിച്ചു. തൊട്ടു പിന്നാലെ തിരുവനന്തപുരത്ത് ശ്രീമൂലം ക്ലബ്ബിലും ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലും കൊല്ലത്ത് സോപാനം ഓഡിറ്റോറിയത്തിലും തൃശൂർ കാസിനോ ഓഡിറ്റോറിയത്തിലും പാലക്കാട് പാർവതി കല്യാണമണ്ഡപത്തിലും കാസർകോട് മുരളീമുകുന്ദിലും മേള നടത്തി. തുടർന്ന് മേള 14 ജില്ലകളിലേക്കും മേളകൾ വ്യാപിപ്പിച്ചു. 

പ്രവേശന ഫീസില്ലാതെ നടത്തിയ മേളകളിൽ കൊച്ചിയിലും തിരുവനന്തപുരത്തും മൂന്നു ലക്ഷത്തോളം പേർ പങ്കെടുത്തെന്ന് ഗോപകുമാർ പറയുന്നു. വ്യാപാരികൾക്കു കുറഞ്ഞ ചെലവിലായിരുന്നു സ്റ്റാളുകൾ നൽകിയിരുന്നത്. ഒട്ടേറെ സ്ഥാപനങ്ങളും വ്യക്തികളും പങ്കെടുത്തപ്പോൾ മത്സരം വന്നു. ഉൽപന്നങ്ങളുടെ വില കുറഞ്ഞു.  ഉപയോക്താവിനും മേളകൾ ലാഭമായി. അങ്ങനെ വ്യാപാരമേളകൾ കേരളത്തിൽ വൻ ഹിറ്റായി മാറി. 17 നഗരങ്ങളിൽ 18 വിഷയങ്ങളിലായി വ്യാപാരമേളകൾ സംഘടിപ്പിച്ചു. തൊടുപുഴയിലും വയാനാട്ടിലും  വരെ ആളുകൾ കൂടി. വളരെ വൃത്തിയുള്ള പ്രഫഷനലായ വ്യാപാരമേളകളിൽ ഉപയോക്താക്കൾ ആകൃഷ്ടരായി.

∙ കോർപറേറ്റ് കമ്പനികൾ വരുന്നു.

ഇതിനിടെ പല ഈവന്റ് മാനേജ്മെന്റ് കമ്പനികളും കൊച്ചിയിൽ ആരംഭിച്ചു. കോർപറേറ്റ് കമ്പനികളോടു ചേർന്നുള്ള ഈവന്റുകളുടെ കാലമായിരുന്നു പിന്നീടെന്ന് ഗോപകുമാർ പറയുന്നു. റോട്ടറി ക്ലബ്, ലയൺസ് ക്ലബ്  തുടങ്ങിയ സംഘടനകളുമായി ചേർന്നുള്ള പരിപാടികളും വന്നു. ഈവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങളുടെ പേര് സംഘാടകർ എന്ന പിന്നണിയിലേക്കു പോയതും ഈ കാലഘട്ടത്തിലായിരുന്നു. ഇതിനിടെ ഇവന്റ് മാനേജ്മെന്റ് കമ്പനികൾ കല്യാണം നടത്തിപ്പിലേക്കു കൂടി കടന്നു. ഒട്ടേറെ വമ്പൻ കല്യാണങ്ങളും ഐടിഎഫ്എഫ് ചെയ്തിട്ടുണ്ടെന്ന് ഗോപകുമാർ പറയുന്നു.

∙ഈവന്റ് മാനേജ്മെന്റ് അഥവാ റിസ്ക്

ആയിരം കാര്യങ്ങൾ ഒരേ സമയം ഓർത്തിരിക്കാനും ആയിരമിടത്തേക്ക് ഒരുമിച്ച് കണ്ണും മനസും എത്തിക്കാനുമുള്ള കഴിവുണ്ടെങ്കിലേ ഈവന്റ് മാനേജർ ആകാൻ കഴിയൂ എന്നാണ് ഗോപകുമാർ പറയുന്നത്. റിസ്ക് ഏറ്റവും കൂടുതലുള്ള ജോലിയാണിതെന്നു പറയാം. ഒരു തവണ പരാജയപ്പെട്ടാൽ വിപണിയിൽനിന്ന് ഔട്ട് ആകും. കൃത്യമായ സാമ്പത്തിക ആസൂത്രണം വേണം. കൂണുകൾ പോലെ കമ്പനികൾ പൊങ്ങിവന്നെങ്കിലും എല്ലാറ്റിനും തുടരാനാകാത്തതിന്റെ കാരണം സാമ്പത്തിക പ്ലാനിങ് കൃത്യമല്ലാത്തതാണ്. കൃത്യമായ ആസൂത്രണത്തോടെ മുന്നോട്ടുപോയാൽ ചെറുപ്പക്കാർക്ക് ഏറ്റവും തിളങ്ങാൻ കഴിയുന്ന മേഖലയാണിതെന്നും അദേഹം പറയുന്നു. 

∙ 5000 ഇവന്റുകളും 350 എക്സിഷനുകളും നടത്തിക്കഴിഞ്ഞ എൻ. ഗോപകുമാർ ഈവന്റ് മാനേജ്മെന്റിൽ 46 വർഷം പിന്നിടുന്നു.

ബിരുദ പഠനത്തിനിടെ ഈവന്റുകൾ സംഘടിപ്പിച്ചുതുടങ്ങിയെങ്കിലും  ബിരുദാനന്തര ബിരുദം കഴിഞ്ഞപ്പോൾ ഫോബ്സ് കാംബെൽ ആൻഡ് കമ്പനി ലിമിറ്റഡിന്റെ കേരളത്തിലെ മാർക്കറ്റിങ് വിഭാഗം മേധാവിയായി ജോലിക്കു ചേർന്നു. പിന്നീട് യുബി ഗ്രൂപ്പിലേക്കു മാറി. നർത്തകി, മാലതി മേനോന്റെ പാർവണേന്ദു സ്കൂളിനുവേണ്ടി 2014 ൽ 3200 നർത്തകികളെ ചേർത്തു നടത്തിയ മഹാതിരുവാതിരയും, കലാക്ഷേത്ര വിലാസിനിക്കു വേണ്ടി 750 നർത്തകികളെ ഒരുമിച്ചു ചേർത്തു നടത്തിയ ഭരതനാട്യവും 110 പേർ ചേർന്നുള്ള വീണയും ഗോപകുമാർ സംഘാടനം നിർവഹിച്ച പരിപാടികളാണ്. വിദ്യാർഥികൾക്കു വേണ്ടി ഈവന്റ് മാനേജ്മെന്റ് പരിശീലനവും ഇപ്പോൾ ഐടിഎഫ്എഫ് നൽകുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ നടക്കുന്ന വ്യാപാരമേളകളുടെ നടത്തിപ്പിനെക്കുറിച്ചു പഠിക്കാൻ 66–ാം വയസിന്റെ ചെറുപ്പത്തിൽ രാജ്യങ്ങൾ തോറും ഓടി നടക്കുകയാണ് ഗോപകുമാർ.