Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർ ഓഫിസാക്കാം; ക്രിയാത്മകമാകട്ടെ ഗതാഗതക്കുരുക്ക്

Benz-roland റോളണ്ട് ഫോൾഗർ

തൃശൂർ ∙ നഗരങ്ങളിലെ ഗതാഗതം തട്ടുതട്ടായി ഉയരങ്ങളിലേക്കു കൊണ്ടുപോകണമെന്നും  ജിഎസ്ടിയിലൂടെ കിട്ടുന്ന ഉയർന്ന നികുതി വരുമാനത്തിലെ വലിയ പങ്ക് അതിലേക്കു തിരിച്ചുവിടണമെന്നും  മെഴ്സിഡീസ് ബെൻസ് ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒ യുമായ  റോളണ്ട് ഫോൾഗർ. ‘മനോരമ’യോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നര പതിറ്റാണ്ടായി മെഴ്സിഡീസിൽ ജോലി ചെയ്യുന്ന റോളണ്ട് രണ്ടു വർഷമായി ഇന്ത്യയിലുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ:

∙ ഇന്ത്യയെ സംബന്ധിച്ചിടത്തോളം 2017 രണ്ടു നാഴികക്കല്ലുകൾ നാട്ടിയ കൊല്ലമാണ്. നോട്ട് നിരോധനവും ജിഎസ്ടിയും. ഇന്ത്യ പൂർണമായും  സാമ്പത്തിക സുരക്ഷയിലാണെന്നു പറയാൻ കഴിവുള്ള സാമ്പത്തിക വൈദഗ്ധ്യം എനിക്കില്ല. എന്നാൽ വരും കാലങ്ങളിൽ ഇന്ത്യയുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ ഈ രണ്ടു നാഴികക്കല്ലുകൾക്കു കഴിയും. 

∙ ലക്‌ഷുറി കാറുകൾക്ക് 28% ജിഎസ്ടിയും 25% സെസും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിലെ സെസ് പിൻവലിക്കണമെന്നു ഞാൻ സർ‌ക്കാരുമായുള്ള ചർച്ചയിൽ പറഞ്ഞിരുന്നു. സെസ് പിൻവലിക്കുന്നതോടെ കാറുകളുടെ വിൽപന കൂടും. 25 % നികുതി നഷ്ടപ്പെടുന്നതിലും ഇരട്ടിത്തുക വിൽപന കൂടുന്നതോടെ സർക്കാരിനു ലഭിക്കും. ഇതു ജോലി സാധ്യതയും വർധിപ്പിക്കും. എന്നാൽ എന്തുകൊണ്ടോ ഇതു സർക്കാർ ചെയ്യുന്നില്ല. ജിഎസ്ടിക്കു ശേഷം കാറുകൾക്കു 10 ശതമാനം വരെ വില കുറഞ്ഞപ്പോൾ ഞങ്ങളുടെ കാറുകൾക്കുള്ള അന്വേഷണം പെട്ടെന്നു കൂടി. ഇതു കാണിക്കുന്നതു വില കുറയുമ്പോൾ‌ വിൽപന കൂടാനും അതുവഴി നികുതി കൂടുതൽ കിട്ടാനുള്ള സാധ്യത കൂടുമെന്നുമാണ്. 

car-office

 ഇന്ത്യയിലെ ഗതാഗതത്തിരക്കിൽ ലക്‌ഷുറി കാറുകളുടെ പ്രസക്തി കൂടുകയാണ്. രാജ്യത്തെ പ്രമുഖ നഗരങ്ങളിലുള്ളവർ ദിവസേന നാലു മണിക്കൂർവരെ കാറിൽ ചെലവഴിക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. സ്വന്തം വീട്ടിലെ വിലകൂടിയ സോഫയിൽപ്പോലും ഇത്ര സമയം ഒരാൾക്കു ദിവസേന ചെലവഴിക്കാനാകുന്നില്ല. വില കൂടിയ മ്യൂസിക് സിസ്റ്റം വാങ്ങിവച്ചിട്ട് ഇതിന്റെ പകുതി സമയംപോലും അത് ആസ്വദിക്കാനാകുന്നില്ല.  സാമ്പത്തിക ശേഷിയുള്ളവർ മെഴ്സിഡീസ് പോലുള്ള കാറുകളിലേക്കു തിരിയണം. ഗതാഗതക്കുരുക്കിനിടയിലും അവർക്കു ബിസിനസ് ക്ലാസിലെന്നപോലെ ഇരിക്കുകയും ഓഫിസ് ജോലികൾ ചെയ്യുകയും ചെയ്യാം. മലിനീകരണമില്ലാത്ത വായു ശ്വസിക്കാം. പിരിമുറുക്കം കളയാനായി അത്യാധുനിക മ്യൂസിക് സിസ്റ്റത്തിന്റെ സാധ്യത ഉപയോഗിക്കാം. ഗതാഗതക്കുരുക്ക് ക്രിയാത്മകമായി മാറ്റണം. വീട്ടിൽ വിലകൂടിയ സോഫ വാങ്ങി വെറുതെ ഇടുന്നതിനു പകരം കാറുകളിൽ അതിലും മികച്ച സൗകര്യം ഉണ്ടാക്കുന്നതിനെക്കുറിച്ചു ചിന്തിക്കണം. 

∙ ഇന്ത്യയിലെക്കാൾ മോശം ട്രാഫിക് സംവിധാനം ഉണ്ടായിരുന്ന സ്ഥലമാണു ജക്കാർത്തയും ഹോങ്കോങ്ങുമെല്ലാം. ജനസാന്ദ്രതയും ഇതിലും കൂടുതലാണു പല നഗരങ്ങളിലും. അവർ അടുത്ത കാലത്തായി ഇതെല്ലാം എങ്ങനെ നേരിട്ടുവെന്നു കണ്ടുപഠിക്കണം. ട്രാഫിക് കുരുക്കു പരിഹരിക്കാൻ ഗതാഗതം തട്ടുകളിലായി മാറ്റുക മാത്രമേ ഇപ്പോഴത്തെ സാഹചര്യത്തിൽ നടക്കൂ. ഹോങ്കോങ് പോലുള്ള രാജ്യങ്ങൾ ഇതിനെ എങ്ങനെ സമർഥമായി നേരിട്ടിട്ടുണ്ട്.  ആദ്യം പ്രശ്നം കണ്ടെത്തണം. അതിനു ശേഷം പരിഹാരം ആലോചിക്കണം. ഇന്ത്യയിലെ നഗര വികസനത്തിൽ പ്രശ്നം കണ്ടെത്തൽ നടക്കുന്നില്ല. പരിഹാരം ആലോചിക്കുകയും ചെയ്യുന്നു.

∙ മെട്രോ ട്രെയിനുകൾ ഒരു പരിധിവരെ പരിഹാരമാണ്. എന്നാൽ ഇതിലേക്കും ഹൈപ്പർ ലൂപ്പിലേക്കും വൻതോതിൽ നിക്ഷേപം നടത്തുന്നതിനു മുൻപു ഇന്ത്യ ചെയ്യേണ്ടതു രാജ്യത്തെ നിലവിലുള്ള റെയിൽവെ സംവിധാനം മെച്ചപ്പെടുത്തുകയാണ്. നാൾ കഴിയുന്തോറും അതു മോശമായി വരികയാണ്. ഇതിനെ അവഗണിച്ചാൽ വലിയൊരു പൊതുഗതാഗത സംവിധാനം തളരും. ഹോങ്കോങ് അവരുടെ റോഡുകൾക്കു മുകളിലാണു മെട്രോയും പുതിയ റോഡുകളും കൊണ്ടുവന്നത്. ഇന്ത്യയിലും ഇതേ സാഹചര്യമാണ്. സർക്കാർ തീരുമാനിച്ചാൽ ഉടൻ എന്തും നടപ്പാക്കാൻ കഴിയുന്ന ചൈനയെയല്ല ഇന്ത്യ മാതൃകയാക്കേണ്ടത്. ജനാധിപത്യ രാജ്യങ്ങളിൽ നടപ്പാക്കിയ പരിഷ്കാരങ്ങളെയാണ്. 

∙ സർക്കാരിന്റെ നികുതി കൂടുകയും വ്യക്തികളുടെ വരുമാനം മെച്ചപ്പെടുകയും  ചെയ്യുമ്പോൾ ജീവിത നിലവാരം മെച്ചപ്പെടും. ഇതോടെ ഇരുചക്രവാഹനത്തിൽനിന്നു ലക്ഷക്കണക്കിനാളുകൾ കാറുകളിലേക്കു മാറും. ഇവരോടു നഗരത്തിലേക്കു കടക്കരുതെന്നു പറയാനാകില്ലല്ലോ. ഇന്ത്യ നേരിടാൻ പോകുന്ന വലിയ പ്രശ്നങ്ങളിൽ ഒന്നാണിത്.

∙ വികസനമെന്നതു നഗരം അടുത്ത നഗരത്തിലേക്കു വളരുന്നതല്ല. ബെംഗളൂരുവിൽനിന്നു ധാരാളം പേർ മൈസൂരുവിലേക്കും ഇതിനു രണ്ടിനും ഇടയിലുള്ള ചെറിയ നഗരങ്ങളിലേക്കും മാറിക്കൊണ്ടിരിക്കുകയാണ്. ഇതു ബെംഗളൂരുവിനു നല്ലതല്ല. അവിടെ ബിസിനസ് കുറയുകയും നികുതി വരുമാനം കുറയുകയും ചെയ്യും. അതോടെ ആ നഗരത്തിന്റെ വളർച്ച മന്ദഗതിയിലാകും. നഗരത്തിനകത്തുതന്നെ സൗകര്യം ഉണ്ടാക്കുന്നതാണു നഗര വളർച്ച. അല്ലാതെ നഗരം മറ്റു നഗരങ്ങൾക്കിടയിലേക്കു ചേക്കേറുന്നതല്ല. െമച്ചപ്പെട്ട സൗകര്യമുള്ള വലിയ നഗരങ്ങൾക്കേ വികസനിക്കാനാകൂ.