Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിന്നുന്നതെല്ലാം സോളർ അല്ല

Solar-stamping

മലപ്പുറം ∙ പാരമ്പര്യേതര ഊർജരംഗത്ത് ഉപയോഗിക്കുന്ന ഉപകരണങ്ങൾക്കു രാജ്യാന്തര ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനു സംവിധാനമൊരുങ്ങുന്നു. കേന്ദ്ര റിന്യൂവബ്‌ൾ എനർജി മന്ത്രാലയത്തിനു കീഴിലെ നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സോളർ എനർജി (എൻഐഎസ്‌ഇ)യുടെ മുദ്രയില്ലാത്ത സൗരോർജ ഉപകരണങ്ങളോ അനുബന്ധ സാമഗ്രികളോ രാജ്യത്തു വിൽക്കാനോ ഉപയോഗിക്കാനോ ആവില്ല. ഇതു സംബന്ധിച്ച ലാബ് നയത്തിന് അംഗീകാരമായി.

ഇറക്കുമതി ചെയ്യപ്പെടുന്ന ഉപകരണങ്ങൾക്കും ഗുണനിലവാര പരിശോധന കർശനമാക്കുകയാണ്. ഉപകരണങ്ങൾക്കു ഗുണനിലവാരമില്ലാത്തതിനാൽ സൗരോർജ ഉപയോഗ രംഗത്തേക്കു വരാൻ പലരും മടിച്ചു നിൽക്കുന്ന സാഹചര്യം ഒഴിവാക്കുകയും കുറഞ്ഞ ചെലവിൽ ഉപകരണങ്ങൾ ലഭിക്കാനുള്ള അവസരം ഒരുക്കുകയുമാണു ലക്ഷ്യം. ഇന്റർ‌നാഷനൽ ഇലക്‌ട്രോ ടെക്‌നിക്കൽ കമ്മിഷ(ഇഐഇസി)ന്റെ അംഗീകാരത്തിനു വിധേയമായാണ് നിലവിൽ സൗരോർജ ഉപകരണങ്ങൾ വിൽക്കുന്നത്.

ഇഐഇസി സൗരോർജ ഉപകരണങ്ങളുടെ മാത്രം സർട്ടിഫയിങ് ഏജൻസിയല്ല. എൻഐഎസ്‌ഇ സൗരോർജ ഉപകരണങ്ങളുടെ ഗുണനിലവാര പരിശോധനയ്‌ക്കും സർട്ടിഫിക്കേഷനും മാത്രമുള്ളതാണ്. സൗരോർജ ഉപകരണങ്ങളുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്താനുള്ള ലാബ് ഹരിയാനയിലെ ഗുരുഗ്രാമിലാണ്. ഇതിനു പുറമേ രാജ്യത്തെ അഞ്ച് ലാബുകളിൽ പാരമ്പര്യേതര ഊർജ രംഗത്തെ മറ്റ് ഉപകരണങ്ങളുടെ പരിശോധനയ്‌ക്കും സൗകര്യമുണ്ടാകും. ജൈവോർജം, കാറ്റിൽ നിന്നുള്ള ഊർജം, താപോർജം എന്നീ മേഖലകളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പരിശോധനയ്‌ക്കും സർട്ടിഫിക്കേഷനുമാണു സൗകര്യമുള്ളത്.

സൗരോർജത്തിൽ പ്രവർത്തിക്കുന്ന വിളക്കുകൾ, ബാറ്ററികൾ, വാട്ടർ ഹീറ്ററുകൾ, പമ്പ്‌സെറ്റുകൾ, മേൽക്കൂര പാനലുകൾ, ഇൻവർട്ടറുകൾ തുടങ്ങി ഉപകരണങ്ങൾക്കും അനുബന്ധ സാമഗ്രികൾക്കും ഗുണപരിശോധന സർട്ടിഫിക്കറ്റ് ഉറപ്പാക്കും. സൗരോർജ ഉപകരണങ്ങളുടെ മിതമായ ഉൽപാദനമെ രാജ്യത്തു നടക്കുന്നുള്ളൂ. 2022 ആകുമ്പോഴേക്കും പാരമ്പര്യേതര ഊർജ ഉൽപാദനം 175 ജിഗാവാട്ട് ആക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നത്. നിലവിൽ 60 ജിഗാവാട്ടാണ് പാരമ്പര്യേതര ഊർജ ഉൽപാദനം. സൗരോർജ ഉപകരണങ്ങളുടെ വിൽപന വ്യാപകമാകുമ്പോഴേക്കും രാജ്യാന്തര ഗുണനിലവാരം പുലർത്തുന്ന ഉപകരണങ്ങൾ മാത്രമേ വിപണിയിൽ ഉണ്ടാകൂ എന്ന് ഉറപ്പുവരുത്തുകയാണ് പുതിയ നയത്തിന്റെ ലക്ഷ്യം.