Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എടിഎം തകരാർ: ഇടപാടുകാരന് ബാധ്യതയില്ല

Print

20,000 രൂപയുടെ ഒരാവശ്യത്തിനായി എടിഎമ്മിൽ നിന്ന് ആദ്യം 10,000 രൂപ പിൻവലിച്ചു. രണ്ടാമത് 10,000 രൂപ കൂടി പിൻവലിക്കാൻ ശ്രമിച്ചിട്ടു പണം കിട്ടിയില്ല. പിറ്റെ ദിവസം തന്നെ പാസ് ബുക്ക് പതിപ്പിച്ചു നോക്കി. 10,000 രൂപ മാത്രമേ കുറവു ചെയ്തിട്ടുള്ളൂ. മൂന്നു മാസത്തിനുശേഷം ബാങ്കിൽ നിന്നു ഫോൺ വന്നതു പ്രകാരം ബാങ്കിൽ ചെന്നു പാസ് ബുക്ക് പതിപ്പിച്ചപ്പോൾ പഴയ തീയതിക്ക് 10,000 രൂപ കുറവു ചെയ്തു രേഖപ്പെടുത്തി തന്നു. കിട്ടാത്ത പണം കിഴിവ് ചെയ്ത ബാങ്കിന്റെ നടപടിയെ എങ്ങനെ ചോദ്യം ചെയ്യാം? പണം നഷ്ടപ്പെടുമോ?

എടിഎമ്മുകൾ, കച്ചവട സ്ഥാപനങ്ങളിലെ പോയിന്റ് ഓഫ് സെയിൽ മെഷീനുകൾ, ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് എന്നിങ്ങനെ വിവിധ ഡിജിറ്റൽ പണമിടപാടുകളിൽ ഇടപാടുകാരന്റേതല്ലാത്ത കാരണങ്ങളാൽ ബാങ്കുകൾ അധികമായി പണം കിഴിവു ചെയ്‌തെടുത്താൽ അതു നൽകാനുള്ള ബാധ്യത ഇടപാടുകാരന് ഇല്ലായെന്ന് ഇക്കഴിഞ്ഞ ജൂലൈയിൽ റിസർവ് ബാങ്ക് ഇതു സംബന്ധിച്ചു പുറത്തിറക്കിയ സർക്കുലർ വ്യക്തമാക്കുന്നു. പണം കിഴിവു ചെയ്ത തീയതിയ്ക്കു മൂന്നു ദിവസത്തിനുള്ളിൽ ബാങ്ക് മാനേജർക്കു കത്തു നൽകി പണം തിരികെ ആവശ്യപ്പെടണം. പണം യഥാർഥത്തിൽ ഇടപാടുകാരനു കിട്ടിയിട്ടുണ്ടെന്നു ബാങ്കിനു തെളിയിക്കാൻ സാധിക്കാത്ത പക്ഷം 10 ദിവസത്തിനുള്ളിൽ അക്കൗണ്ടിൽ തിരികെ വരവു വച്ചു കിട്ടും.

ഡിജിറ്റൽ ചോർച്ച

എടിഎമ്മുകളിൽ നിന്നു പണം പിൻവലിക്കുക, കച്ചവട സ്ഥാപനങ്ങളിൽ ഡെബിറ്റ് കാർഡ് സ്വയിപ് ചെയ്തു പണം നൽകുക എന്നിങ്ങനെ ഡെബിറ്റ് കാർഡ് ഹാജരാക്കി നടത്തുന്ന ഇടപാടുകൾ, കാർഡ് നേരിട്ടു ഹാജരാക്കാതെ പണം നൽകുന്ന ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് ഇടപാടുകൾ എന്നിവയൊക്കെ ഇലക്‌ട്രോണിക് ബാങ്കിങ് ഇടപാടുകളാണ്. ഇലക്‌ട്രോണിക് ഇടപാടുകളിൽ ഉൾപ്പെടുന്ന തുകകൾ ബാങ്ക് അക്കൗണ്ടുകളിൽ നിന്നു സ്വമേധയാ കിഴിവു ചെയ്‌തെടുക്കുന്നു. നോട്ടുകൾ ഉപയോഗിക്കുന്നതു പരമാവധി നിരുൽസാഹപ്പെടുത്തി ഭൂരിഭാഗവും ഡിജിറ്റൽ ഇടപാടുകളായതോടെ, ഇടപാടുകാരൻ ഒപ്പിട്ടു നൽകിയ പണം പിൻവലിക്കാൻ സ്ലിപ്പോ ചെക്കോ ഇല്ലാതെ അക്കൗണ്ടിൽ നിന്നു സ്വമേധയാ ബാങ്കുകൾ പണം കിഴിവു ചെയ്‌തെടുത്തു തുടങ്ങി.

ഇടപാടുകാരൻ യഥാർഥത്തിൽ നടത്തിയതല്ലാത്ത ഡിജിറ്റൽ ഇടപാടുകളുടെ പേരിൽ അക്കൗണ്ടുകളിൽ നിന്നു പണം നഷ്ടപ്പെടുന്ന പരാതികൾ വ്യാപകമായതോടെയാണ് അക്കൗണ്ടുടമകൾക്കു സംരക്ഷണം നൽകിക്കൊണ്ടു റിസർവ് ബാങ്ക് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.

ഇടപാടുകാരനു ബാധ്യതയില്ല

ഇടപാടുകാരന്റേതല്ലാത്ത കാരണങ്ങളാൽ അക്കൗണ്ടുകളിൽ നിന്നു ഡിജിറ്റൽ ചോർച്ചയിലൂടെ പണം കുറവു വന്നാൽ അതു നികത്തുന്നതിനു ബാങ്കുകൾക്കുള്ള ഉത്തരവാദിത്തം റിസർവ് ബാങ്ക് ഉറപ്പാക്കിയിരിക്കുന്നു. ബാങ്കുകളുടെ ഭാഗത്തു നിന്നുണ്ടാകുന്ന ശ്രദ്ധക്കുറവുകൾ, ന്യൂനതകൾ എന്നിങ്ങനെയുള്ള കാരണങ്ങളാൽ അക്കൗണ്ടുകളിൽ നിന്നു തെറ്റായി കുറവു ചെയ്‌തെടുക്കുന്ന പണം തിരികെ നൽകിയിരിക്കും. ഇത്തരം സന്ദർഭങ്ങളിൽ ഇടപാടുകാരൻ ബാങ്കിനെ അറിയിച്ചിരിക്കണമെന്നു നിർബന്ധമില്ല. ഇടപാടുകാരന്റെയോ ബാങ്കിന്റെയോ കുറ്റമല്ലാതെ മറ്റുള്ളവർ നടത്തുന്ന അനധികൃത പ്രവർത്തനങ്ങളാലാണു പണം നഷ്ടപ്പെട്ടതെങ്കിൽ മൂന്നു പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ ബാങ്കിനു നോട്ടിസ് നൽകിയാൽ മാത്രമേ ഇടപാടുകാരന്റെ ബാധ്യത 'സീറോ ലയബിലിറ്റി' ആകുകയുള്ളൂ.

പരമാവധി നഷ്ടം

ഇടപാടുകാരന്റെ അശ്രദ്ധമൂലമുണ്ടാകുന്ന നഷ്ടങ്ങൾക്കു ബാങ്കുകൾക്കു ബാധ്യതയുണ്ടാകില്ല. ബാങ്കിന്റെയോ ഇടപാടുകാരന്റെയോ തെറ്റു കൊണ്ടല്ലാതെയുണ്ടാകുന്ന അനധികൃത ഇടപാടുകളിൽ നാലു മുതൽ ഏഴു ദിവസത്തിനുള്ളിൽ ബാങ്കിനെ വിവരം ധരിപ്പിച്ചാൽ അടിസ്ഥാന സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിൽ പരമാവധി നഷ്ടം 5,000 രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു. മറ്റു സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ, അഞ്ചു ലക്ഷം വരെ പരിധിയുള്ള ക്രെഡിറ്റ് കാർഡുകൾ, ചെറുകിട സംരംഭങ്ങളുടെ കറന്റ് അക്കൗണ്ടുകൾ തുടങ്ങിയവയിൽ ഇത്തരത്തിൽ പരമാവധി വരാവുന്ന നഷ്ടം 10,000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. വലിയ കറന്റ് അക്കൗണ്ടുകൾ, ഉയർന്ന പരിധിയുള്ള ക്രെഡിറ്റ് കാർഡുകൾ എന്നിവകളിൽ പോലും പരമാവധി വരാവുന്ന നഷ്ടം 25,000 രൂപയായിരിക്കും. നഷ്ടം ബാങ്കിനെ അറിയിക്കുന്നതിൽ ഏഴ് ദിവസത്തിനു മുകളിൽ വരുത്തുന്ന കാലതാമസം ഏതു രീതിയിൽ കൈകാര്യം ചെയ്യണമെന്ന് ഓരോ ബാങ്കുകൾക്കും തീരുമാനമെടുക്കാം.

ഇടപാടുകാരൻ അറിയണം

എല്ലാ ബാങ്ക് അക്കൗണ്ടുകളിലും മൊബൈൽ നമ്പർ നിർബന്ധമായും റജിസ്റ്റർ ചെയ്യേണ്ടതാണ്. അക്കൗണ്ടിൽ നടക്കുന്ന ഇടപാടുകളെ സംബന്ധിച്ച വിവരങ്ങൾ അപ്പപ്പോൾ ഹ്രസ്വ സന്ദേശങ്ങളായി ലഭിക്കുന്നതിനും അനധികൃത ഇടപാടുകൾ തിരിച്ചറിയുന്നതിനും ഇത് അത്യാവശ്യമാണ്. അനധികൃത ഇടപാടുകളെ സംബന്ധിച്ചു ലഭിക്കുന്ന സന്ദേശങ്ങൾക്ക് അപ്പോൾ തന്നെ മറുപടി നൽകേണ്ടതും തർക്കം ഉന്നയിക്കേണ്ടതുമാണ്. ഇ-മെയിൽ സന്ദേശങ്ങളായോ കത്തു മുഖേനയോ ബാങ്കുകളെ അറിയിക്കാം. പല ബാങ്കുകളും പാസ് ബുക്ക് നൽകുന്നതു നിർത്തി വച്ചിരിക്കുന്ന സന്ദർഭങ്ങളിൽ ഇടപാടുകാരൻ ശ്രദ്ധിച്ചാൽ മാത്രമേ പണനഷ്ടം തടയാനാകൂ.

തെളിവു നൽകേണ്ടതില്ല

തന്റെ കുറ്റം കൊണ്ടല്ല പണം നഷ്ടമായതെന്നു തെളിയിക്കാനുള്ള ചുമതല ഇടപാടുകാരനില്ല. അനധികൃത ഇലക്‌ട്രോണിക് ബാങ്ക് ഇടപാടുകളിൽ ഉണ്ടായ കഷ്ടനഷ്ടങ്ങളുടെ ചുമതല ഇടപാടുകാരനാണെന്നു സ്ഥാപിക്കാനുള്ള തെളിവുകൾ ശേഖരിക്കേണ്ടതു ബാങ്കുകളാണ്. ബാങ്കുകൾക്കു നോട്ടിസ് നൽകി പത്തു ദിവസത്തിനുള്ളിൽ അനധികൃതമായി കിഴിവു ചെയ്‌തെടുത്ത പണം തിരികെ നൽകിയിരിക്കണമെന്നും റിസർവ് ബാങ്ക് അനുശാസിക്കുന്നു. ഇടപാടുകാരന്റെ ശ്രദ്ധക്കുറവുമൂലം ഉണ്ടാകുന്ന ഡിജിറ്റൽ ഇടപാടുകളിലെ ബാധ്യതകളിൽ നിന്നു കൂടി ഇടപാടുകാരനു പരിരക്ഷ നൽകുന്നതിനുള്ള സംവിധാനങ്ങൾ സൃഷ്ടിക്കണമെന്നു ബാങ്കുകളോട് റിസർവ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.