Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഹരി വിപണിയിൽ ഇന്ന് ഗുജറാത്തും ഹിമാചലും

Bombay-Stock-Exchange

കൊച്ചി ∙ ഓഹരി വിപണിക്ക് ഇന്നു നിർണായക ദിനം. വിപണിയുടെ ഇന്നത്തെ മാത്രമല്ല സമീപഭാവിയിലെ ചലനങ്ങൾക്കും അടിസ്‌ഥാനമാകാൻപോകുന്നതു ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പിന്റെ ഇന്നു പുറത്തുവരുന്ന ഫലപ്രഖ്യാപനമായിരിക്കും. യഥാർഥ ഫലങ്ങൾ എക്‌സിറ്റ് പോൾ ഫലങ്ങളിൽനിന്ന് എത്രമാത്രം വ്യത്യസ്‌തമായിരിക്കും എന്നതിനെ ആശ്രയിച്ചാവും വിപണിയിലെ ഇന്നത്തെ ചലനങ്ങൾ എന്നാണു നിരീക്ഷകരുടെ അനുമാനം.

എക്‌സിറ്റ് പോൾ ഫലങ്ങളുടെ ആവർത്തനമാണ് ഇന്നുണ്ടാകുന്നതെങ്കിൽ അതു വിപണിയിൽ കാര്യമായ സ്വാധീനമുണ്ടാക്കില്ല. കാരണം, അതിന്റെ പ്രതികരണം വിപണി  പ്രകടിപ്പിച്ചുകഴിഞ്ഞതാണ്. അതേസമയം, ഗുജറാത്തിൽ ബിജെപി വൻ വിജയമാണു നേടുന്നതെങ്കിൽ വില സൂചികകളിലും വൻ കുതിപ്പ് ഉറപ്പാക്കാം. ബിജെപിക്കു നേരിടേണ്ടിവരുന്നതു ഭരണനഷ്‌ടമോ സീറ്റുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവോ ആണെങ്കിൽ വില സൂചികകളിലുണ്ടാകുന്ന നഷ്‌ടം ഭീമമായിരിക്കും.

കഴിഞ്ഞ ആഴ്‌ച വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്‌സ് 33,462.97 പോയിന്റിലും നിഫ്‌റ്റി 10,333.25 പോയിന്റിലുമായിരുന്നു. തിരഞ്ഞെടുപ്പു ഫലം ബിജെപിക്കാണ് അനുകൂലമെങ്കിൽ വില സൂചികകൾ റെക്കോർഡ്  ഭേദിക്കുന്നതു കാണാൻ അധികം കാത്തിരിക്കേണ്ടതില്ല. ഡൽഹി, രാജസ്‌ഥാൻ, മധ്യ പ്രദേശ്, ഛത്തീസ്‌ഗഡ് നിയമസഭകളിലേക്കു 2013 ഡിസംബറിൽ നടന്ന തിരഞ്ഞെടുപ്പിലും 2014 മേയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപി നേടിയ വിജയങ്ങൾ ഓഹരി വില സൂചികകളെ റെക്കോർഡിലേക്ക് ഉയർത്തിയിരുന്നു. ഇക്കഴിഞ്ഞ മാർച്ചിൽ യുപിയിലെയും മറ്റും ബിജെപി വിജയവും വിലസൂചികകൾക്കു സമ്മാനിച്ചതു സർവകാല ഉയർച്ചയാണ്.

വിദേശത്തുനിന്നുള്ള നിക്ഷേപകർക്കും കമ്പനികൾക്കും ഇന്ത്യയിൽ പണം മുടക്കാൻ ഇവിടത്തെ രാഷ്‌ട്രീയ സ്‌ഥിരത സഹായകമാകുമെന്നതാണു ബിജെപി വിജയത്തിൽ വിപണിയുടെ പ്രധാന പ്രതീക്ഷ. വിപണിയിലേക്കുള്ള നിക്ഷേപ (എഫ്‌പിഐ) ത്തിലും വ്യവസായങ്ങളിലേക്കുള്ള പ്രത്യക്ഷ നിക്ഷേപ (എഫ്‌ഡിഐ) ത്തിലും ഗണ്യമായ വർധനയുണ്ടാകാം. സമ്പദ്‌വ്യവസ്‌ഥയെ സ്വാധീനിക്കുന്ന പരിഷ്‌കാരങ്ങളാണു മറ്റൊരു പ്രതീക്ഷ.

അതേസമയം, രാഷ്‌ട്രീയ വിജയത്തിനപ്പുറത്തു പ്രതീക്ഷകളുടെ നിറംകെടുത്തുന്നതാണു സാമ്പത്തിക സാഹചര്യങ്ങളെന്നു നിരീക്ഷകർ കരുതുന്നു. മൊത്ത വില സൂചികയെയും ഉപഭോക്‌തൃ വില സൂചികയെയും അടിസ്‌ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പ നിരക്കുകൾ ഉയർച്ചയുടെ പാതയിലാണ്. ഈ സാഹചര്യം നിലനിൽക്കുന്നിടത്തോളം വായ്‌പ നിരക്കുകളിൽ കുറവുണ്ടാകില്ല. വ്യവസായോൽപാദന നിരക്കാകട്ടെ നിരാശാജനകമായ നിലവാരത്തിൽ തുടരുന്നു. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില വർധിക്കുന്നതും ഇന്ത്യൻ സമ്പദ്‌വ്യവസ്‌ഥയെ ദുർബലമാക്കും. യുഎസിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ നിരക്കു വർധനകൾ വിദേശ നിക്ഷേപകർക്ക് ഇന്ത്യയിലുള്ള താൽപര്യം കെടുത്തിയേക്കുമെന്നും ആശങ്കയുണ്ട്.