Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഹരി നിക്ഷേപം കുതിക്കുന്നു: കാർവി

സ്വർണം, ഭൂമി എന്നീ ഭൗതിക ആസ്തികളെക്കാൾ മറ്റ് സാമ്പത്തിക ആസ്തികളാണ് ജനം ഇപ്പോൾ കൂടുതലായും നിക്ഷേപങ്ങൾക്ക് പരിഗണിക്കുന്നതെന്നു കാർവി ഗ്രൂപ്പിന്റെ വെൽത്ത് മാനേജ്‌മെന്റ് വിഭാഗമായ കാർവി പ്രൈവറ്റ് വെൽത്ത് ഇന്ത്യ. ഭാവിയിലെ നിക്ഷേപങ്ങളുടെ ദിശ പ്രവചിച്ച് അവർ പുറത്തിറക്കിയ വെൽത്ത് റിപ്പോർട്ടിലാണിത്.

ഓഹരി വിപണി, സ്ഥിര നിക്ഷേപങ്ങൾ, ഇൻഷുറൻസ്, സേവിങ്സ് നിക്ഷേപങ്ങൾ എന്നിവയിലാണ് 66 ശതമാനത്തിലേറെ സ്വത്തും. ഓഹരികളിലെ നിക്ഷേപങ്ങളിലെ വളർച്ച 2017 സാമ്പത്തിക വർഷത്തിൽ 26.80  ശതമാനം ആണ്. 2016ൽ 13.84 ശതമാനം ഇടിവ് രേഖപ്പെടുത്തിയ സ്ഥാനത്താണിത്. രാജ്യത്തെ ആകെ വ്യക്തിഗത സാമ്പത്തിക ആസ്തികളിലെ 18% ഇപ്പോൾ ഓഹരികളിലെ നിക്ഷേപമാണ്.

സാമ്പത്തിക മാന്ദ്യത്തിന് ശേഷം ആഗോള സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണ്. സാമ്പത്തിക പരിഷ്‌കരണങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയും തിരിച്ചുവരവിന്റെ സൂചന നൽകുന്നുണ്ട്. നോട്ട്നിരോധനം, ജിഎസ്ടി, റെറ, ഇൻസോൾവൻസി & ബാങ്ക്‌റപ്റ്റ്‌സി കോഡ് എന്നിവ രാജ്യത്ത് ബിസിനസ് ചെയ്യുന്നതിൽ കാര്യമായ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അനൗദ്യോഗിക മേഖലകൾ മുഖ്യധാരയിലേക്ക് വരുന്നതിനും ഇതു വഴിവച്ചിട്ടുണ്ട്. അടുത്ത അഞ്ചു വർഷം ഈ പ്രവണത തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഹരി, മ്യൂച്വൽ ഫണ്ട്, സ്ഥിര നിക്ഷേപങ്ങൾ, ഇൻഷുറൻസ്, പെൻഷൻ ഫണ്ട് എന്നിവയാണ് സാമ്പത്തിക ആസ്തികളിൽ ഭൂരിഭാഗവും. റിയൽ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപങ്ങൾക്ക് വരും വർഷങ്ങളിൽ മികച്ച പ്രതികരണം ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്.