Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൂളിക്കൃഷി

farming-1

നാട്ടിലെ തരിശുഭൂമിക്കു സമാനമാണ് മെട്രോനഗരങ്ങളിലെ അപ്പാർട്മെന്റുകളിൽ വെറുതെകിടക്കുന്ന ടെറസുകളും ബാൽക്കണികളുമെല്ലാം. ബെംഗളൂരുവിൽ ആയിരക്കണക്കിനു അപ്പാർട്മെന്റുകളിലായി ലക്ഷക്കണക്കിനു ചതുരശ്രയടി സ്ഥലം ഇങ്ങനെ ‘തരിശാ’യി കിടക്കുന്നുണ്ട്. ഈ സ്ഥലം പാഴാക്കാതെ ഇവിടെ കൃഷി ഇറക്കിയാൽ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റാനാകും. പക്ഷേ, ജോലിത്തിരക്കിനിടെ കൃഷി ചെയ്യാനോ ഇവ പരിപാലിക്കാനോ സാധിക്കുന്നില്ല എന്നതാണ് സത്യം. എന്നാൽ കോഴിക്കോട് സ്വദേശി കെ.വി. നിതുനും വയനാട് സ്വദേശി തമാം മുബാരിഷും ചേർന്നു തുടക്കമിട്ട ‘വൂളി’ എന്ന സംരംഭം ഇത്തരം പ്രതിസന്ധികൾക്കു പരിഹാരമാവുകയാണ്.

അപ്പാർട്ട്മെന്റുകളിൽ കൃഷി ചെയ്യാൻ വേണ്ട എല്ലാ സൗകര്യങ്ങളും ഇവർ ചെയ്തുതരും. തീർന്നില്ല, വിളകളുടെ പരിപാലനം ഉൾപ്പെടെ മാർക്കറ്റിൽ കൊണ്ടുപോയി വിൽക്കുന്നതു വരെയുള്ള ജോലികളും ഇവർ ഏറ്റെടുക്കും. കൃഷിയുടെ എ ബി സി ഡി പോലും അറിയാത്തവർക്കും സ്വന്തം അപ്പാർട്ട്മെന്റുകളിൽ വൂളിയുടെ സഹായത്തോടെ ഹൈടെക് കൃഷി ഇറക്കാം. കോൺക്രീറ്റ് വനമായി മാറിയ മെട്രോ നഗരങ്ങളെ പച്ചപ്പിലേക്കു മടക്കുകയെന്ന നല്ല ഉദ്ദേശ്യമാണ് സംരംഭത്തെ നയിക്കുന്നത്. ഒന്നര വർഷം കൊണ്ടു ബെംഗളൂരുവിലെ മട്ടുപ്പാവ് കൃഷിക്കു നവോൻമേഷം നൽകിക്കഴിഞ്ഞു ഈ സംഘം.

Terrace

കുറഞ്ഞ ചെലവിൽ ഹൈടെക് കൃഷി

നാട്ടിൽ ഭൂമി പാട്ടത്തിനെടുത്ത് കൃഷിയിറക്കുന്നതിന്റെ പരിഷ്കൃത രൂപമാണ് വൂളി പിന്തുടരുന്നത്. ഇവർ പാട്ടത്തിനെടുക്കുന്നതു കെട്ടിടങ്ങളിലെ ബാൽക്കണികളും ടെറസുകളുമാണെന്ന വ്യത്യാസം മാത്രം. നാട്ടിൽ മണ്ണിലാണ് കൃഷിയെങ്കിൽ, ഇവിടെ വെള്ളത്തിലാണ് കൃഷി. മണ്ണ് ഉപയോഗിക്കാത്ത ഹൈടെക് ഹൈഡ്രോപോണിക്സ് കൃഷിരീതിയാണ് ബെംഗളൂരുവിലെ അപ്പാർട്ട്മെന്റുകളിൽ നടത്തിവരുന്നത്. മണ്ണിലിറക്കുന്ന കൃഷിയെക്കാൾ 15% കുറച്ചു വെള്ളം മതി ഇതിന്. വെള്ളവും ചകിരിയും ഉപയോഗിച്ചുള്ള കൃഷി കൂടുതൽ വിളവും നൽകും. ബാൽക്കണിയിലോ, മട്ടുപ്പാവിലോ 500 ചതുരശ്ര അടിയെങ്കിലും ഉള്ളവർക്കു കൃഷിയിറക്കാം. കീടങ്ങളെ അകറ്റിനിർത്താൻ വല വിരിക്കും. പുറമെനിന്നു വെള്ളം കയറാതിരിക്കാനും സംവിധാനമുണ്ടാക്കും.

വളരെ കുറഞ്ഞ ചെലവിലാണ് കൃഷിയിറക്കുന്നത്. തക്കാളി, കാബേജ്, ലെട്യൂസ് തുടങ്ങി എന്തും ഇത്തരത്തിൽ വിളയിച്ചെടുക്കാം. ബെംഗളൂരുവിൽ ലെട്യൂസ് ആണു പ്രധാന വിള. അതേസമയം, മറ്റു കൃഷികളുടേതുപോലെ കാലാവസ്ഥാ വ്യതിയാനം ഹൈഡ്രോപോണിക്സിനും ഭീഷണിയാണ്. എന്നാൽ അൽപം പണം കൂടുതൽ മുടക്കി ഗ്രീൻഹൗസ് ഉണ്ടാക്കിയാൽ കാലാവസ്ഥാ വ്യതിയാനം ഒരു പരിധിവരെ ചെറുക്കാം. 

Nithun

വിളകൾക്കു കിട്ടും നല്ല വില

ടെറസിൽ വിളയുന്ന പച്ചക്കറികൾ ഓൺലൈൻ സ്റ്റോറുകൾ, ഹോട്ടലുകൾ, ഓർഗാനിക് ഷോപ്പുകൾ എന്നിവയുമായി സഹകരിച്ചാണ് വിറ്റഴിക്കുന്നത്. പ്രമുഖ ഓൺലൈൻ സ്റ്റോറുകളും ഹോട്ടലുകളുമായി വൂളി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. വിഷമില്ലാത്ത പച്ചക്കറികൾക്ക് ആവശ്യക്കാർ ഏറെയുള്ളതിനാൽ നല്ല വില ലഭിക്കും. 500 ചതുരശ്രയടി കൃഷിയിടത്തിൽ നിന്നു പ്രതിവർഷം ശരാശരി 60,000–70,000 രൂപ വരുമാനം ലഭിക്കും. കൃഷിക്കിറക്കിയ നിക്ഷേപം അനുസരിച്ച് ഈ തുക സ്ഥലമുടമയും കമ്പനിയും പങ്കുവയ്ക്കും.

ബെംഗളൂരുവിൽ എച്ച്എസ്ആർ ലേഔട്ട്, ബെന്നാർഘട്ടെ റോഡ്, ഹെബ്ബാൾ, വൈറ്റ്ഫീൽഡ്, ഇന്ദിരാനഗർ, മാറത്തഹള്ളി എന്നിവിടങ്ങളിലായി എണ്ണായിരം ചതുര്രശ അടിയിൽ ഇപ്പോൾ കൃഷി ചെയ്യുന്നതായി നിതുൻ പറഞ്ഞു. അമ്പതിനായിരത്തോളം ചതുരശ്രയടി സ്ഥലത്തു കൂടി കൃഷി ഇറക്കാനുള്ള തയാറെടുപ്പിലാണ്. സ്ഥലം വാഗ്ദാനം ചെയ്ത് ഇതിനകം ഒട്ടേറെപ്പേർ സമീപിച്ചിട്ടുമുണ്ട്. പുതുച്ചേരി, ഹൈദരാബാദ് എന്നിവിടങ്ങളിലും ‘വൂളി’ ഇത്തരം കൃഷി ചെയ്യുന്നുണ്ട്. രാജ്യത്തെ എല്ലാ മെട്രോനഗരങ്ങളിലേക്കും ഹൈടെക് കൃഷി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. 

farming

കൃഷി ചെയ്യാം കൂട്ടായി

നാട്ടിലായാലും നഗരത്തിലായാലും കൃഷി സമഗ്രമാകണമെങ്കിൽ കൂട്ടായ്മ ഉണ്ടാകണം. ഒരു സംഘത്തിനു കീഴിൽ പലവിധം കൃഷികൾ ഒരുമിച്ചു ചെയ്താൽ അതു കൂടുതൽ ഗുണകരമാകും. അതിനാൽ ഇത്തരം കൂട്ടായ്മകൾ ഉണ്ടാക്കുകയെന്നതാണ് പ്രധാന ലക്ഷ്യമെന്നു നിതുൻ പറയുന്നു. കേരളത്തിൽ കുടുംബശ്രീകൾ വഴി കമ്യൂണിറ്റി ഫാമിങ് പ്രോൽസാഹിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഇക്കാര്യത്തിൽ സാങ്കേതിക വിദ്യയല്ല, സേവന മനോഭാവം വളർത്തുകയാണ് പ്രധാനം. നഴ്സറി വേണം, അവിടെ നിന്ന് എല്ലായിടത്തേക്കും തൈകൾ കൃത്യമായി വിതരണം ചെയ്യണം. കുടുംബശ്രീ അംഗങ്ങൾക്ക് ഇതു സംബന്ധിച്ച എല്ലാ നിർദേശങ്ങളും നൽകും. ഇതിനായി മൊബൈൽ ആപ്പ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പ്രയോജനപ്പെടുത്തും. ഓരോ സ്ഥലത്തെയും ഭൂപ്രകൃതി അനുസരിച്ചായിരിക്കും ഏതു കൃഷി വേണമെന്നു പദ്ധതി തയാറാക്കുക. 

tomato

മടങ്ങാം നാടിന്റെ നന്മയിലേക്ക്

നാട്ടിൽ 20 വർഷം മുൻപു പച്ചക്കറികൾ കടയിൽനിന്നു വാങ്ങുന്ന പതിവില്ലായിരുന്നു. നമ്മുടെ വയലുകളിൽ ഇവ സുലഭമായിരുന്നു. ആ കാലത്തേക്കു തിരിച്ചുപോവുക, അതിനാവശ്യമായ സഹായം മറ്റുള്ളവർക്കു നൽകുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നതെന്നു നിതുൻ പറയുന്നു. ഒൻപതു വർഷമായി ടെക്നോപാർക്കിലെ ജീവനക്കാരനായിരുന്ന നിതുൻ ജോലി രാജിവച്ചാണ് തമാമിനൊപ്പം വൂളിക്കു തുടക്കമിട്ടത്. കമ്പനിക്ക് ഈ പേരിട്ടതിനു പിന്നിലുമുണ്ട് ഒരു സന്ദേശം. സഹസ്രാബ്ദങ്ങൾക്കു മുൻപ് ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായ ജീവിയാണ് വൂളി മാമത്ത് (ഹിമയുഗത്തിൽ (ഐസ് ഏജ്) ഉണ്ടായിരുന്നത്).

ഭൂമിയിൽ പല മേഖലകളിലും മനുഷ്യരുടെ കടന്നുകയറ്റം ഒട്ടേറെ ജീവികളുടെ വംശനാശത്തിനു കാരണമാകുന്നുണ്ട്. മനുഷ്യരെപ്പോലെ എല്ലാ ജീവജാലങ്ങൾക്കും ഭൂമിയിൽ ജീവിക്കാൻ അവകാശം ഉണ്ടെന്നതാണ് പേരുകൊണ്ട് ഉദ്ദേശിക്കുന്നത്. കീടനാശിനി ഉപയോഗിച്ചുള്ള കൃഷിരീതിയാണ് ജലാശയങ്ങൾ വിഷമയമാകാനുള്ള പ്രധാന കാരണം. എല്ലാ ജീവികൾക്കും അവകാശപ്പെട്ട ഭൂമിയാണ് ഇത്തരത്തിൽ നശിക്കുന്നത്. വിഷം നിറച്ച പച്ചക്കറികൾ കഴിച്ച് ലക്ഷക്കണക്കിന് ആളുകളും മരണമടയുന്നുണ്ട്. അർബുദം ഉൾപ്പെടെ ഒട്ടേറെ മാരക രോഗങ്ങൾക്കും ഇതു കാരണമാകുന്നു. ഫ്രഷ് ആയ പച്ചക്കറി നമ്മൾ തന്നെ വിളയിച്ചെടുത്തു കഴിച്ചാൽ പകുതി ആരോഗ്യം തനിയെ ഉണ്ടാകും.

farm

വികസനത്തിന്റെ പേരിൽ പച്ചപ്പു നഷ്ടമായി കോൺക്രീറ്റ് വനങ്ങൾ പെരുകുന്ന ബെംഗളൂരുവിൽ കുറച്ചു വർഷങ്ങൾകൂടി കഴിഞ്ഞാൽ ജീവിതം ദുഷ്കരമാകുമെന്നാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് നടത്തിയ പഠനം പറയുന്നത്. അതിനാൽ വിഷം പ്രയോഗിക്കാത്ത പച്ചക്കറി കൃഷി പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബെംഗളൂരു പോലുള്ള മെട്രോ നഗരങ്ങൾ വൂളി കൃഷിക്കായി തിരഞ്ഞെടുത്തതെന്നു നിതുൻ പറയുന്നു. ഇവിടെ എല്ലാവർക്കും പ്രശ്നങ്ങളറിയാം. കൃഷിയുടെ പുറകെ നടക്കാൻ സമയം കിട്ടുന്നില്ലെന്നതാണ് പ്രധാന പ്രശ്നം. കൃഷിചെയ്യാൻ നമ്മൾ സഹായിക്കുമെന്ന ഘട്ടം വന്നതാണ് വൂളിക്ക് ഇത്ര സ്വീകാര്യത ലഭിക്കാൻ കാരണം. ആളുകളെ കൃഷി ചെയ്യാനും വിളകൾ വിൽക്കാനും സഹായിക്കുക എന്നതാണ് പ്രധാന ഉദ്ദേശ്യം. ബെംഗളൂരു പോലുള്ള എല്ലാ നഗരങ്ങളിലും മൾട്ടിപ്പിൾ മോഡൽ (ടെറസ്, ബാൽക്കണി) വിജയകരമാക്കാൻ കഴിയുമെന്ന് ഇവരുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ തെളിയിക്കുന്നു. 

കൂടുതൽ വിവരങ്ങൾക്ക്: woolly.io