Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യവസായ സൗഹൃദ നയങ്ങളുമായി സർക്കാർ

welcome-pinarayi

കൊച്ചി∙ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ ൈലസൻസുകളുടെ കാര്യത്തിൽ 15 ദിവസത്തിനകം തീർപ്പുണ്ടായില്ലെങ്കിൽ അവ നൽകിയതായി പരിഗണിക്കുന്നത് ഉൾപ്പെടെയുള്ള വ്യവസായ സൗഹൃദ നടപടികളുമായി സംസ്ഥാന സർക്കാർ. വേഗത്തിൽ അനുമതികൾ ലഭ്യമാക്കുന്നതിനായി ഓൺലൈൻ സിംഗിൾ വിൻഡോ ക്ലിയറൻസ് മെക്കാനിസവും (സ്വിഫ്റ്റ്) അപേക്ഷകൾക്കായി പൊതു ഓൺലൈൻ ആപ്ലിക്കേഷൻ ഫോമും (സിഎഎഫ്) നടപ്പാക്കും.

ലൈസൻസ് കാലാവധി ഒന്നിനു പകരം അഞ്ചു വർഷമായി ദീർഘിപ്പിക്കും.

വ്യവസായ സൗഹൃദ ഓർഡിനൻസ്

കേരളത്തെ വ്യവസായ സൗഹൃദമാക്കുന്നതിനായി ഒക്ടോബറിൽ കേരള ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ഓർഡിനൻസ് പാസാക്കിയിരുന്നു. പ്രധാനപ്പെട്ട ഏഴു നിയമങ്ങൾ ഭേദഗതി ചെയ്തു. ഒട്ടേറെ ചട്ടങ്ങൾ ലഘൂകരിക്കുകയും ചെയ്തു. അനുമതികൾ നൽകാനുള്ള ചുമതല കേരള സിംഗിൾ വിൻഡോ ക്ലിയറൻസ്‌ ബോർഡിനു കീഴിലുള്ള ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ സെല്ലിനായിരിക്കുമെന്നു വ്യവസായ അഡീഷനൽ ചീഫ് സെക്രട്ടറി പോൾ ആന്റണിയും കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ എം. ബീനയും പറഞ്ഞു. 

വിവിധ വകുപ്പുകളിൽ നിന്നുള്ള അനുമതികൾ നൽകാൻ സെല്ലിന് അധികാരമുണ്ടായിരിക്കും. നിർദിഷ്ട സമയ പരിധിയായ 30 ദിവസം കഴിഞ്ഞാൽ ബന്ധപ്പെട്ട ബോർഡുകൾ ഡീംഡ് ലൈസൻസുകൾ നൽകും. വ്യവസായ സൗഹൃദ മാറ്റങ്ങൾക്കായി കേരള പഞ്ചായത്തീരാജ് നിയമം, കേരളാ മുനിസിപ്പാലിറ്റി നിയമം, ബന്ധപ്പെട്ട നിർമാണ ചട്ടങ്ങൾ, അനുമതികൾ നൽകുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും എന്നിവയെല്ലാം ഭേദഗതി ചെയ്തു.

സ്റ്റോപ് മെമോ വിദഗ്ധ റിപ്പോർട്ടിനു ശേഷം മാത്രം

ആരെങ്കിലും പരാതി നൽകിയാൽ ഉടൻ വ്യവസായ സംരംഭങ്ങൾക്കു സ്റ്റോപ് മെമോ നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരമുണ്ടാകില്ല. പരാതിയുണ്ടായാൽ ബന്ധപ്പെട്ട ഏജൻസിയുടെ വിദഗ്ധ റിപ്പോർട് ലഭിച്ചശേഷം മാത്രമേ പ്രവർത്തനം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട് സ്റ്റോപ് മെമോ നൽകാവൂ. പരാതിക്കിടയാക്കിയ പ്രശ്നങ്ങൾക്കുള്ള തിരുത്തൽ നടപടികൾ സമയ പരിധിക്കുള്ളിൽ നടപ്പാക്കാത്ത സാഹചര്യങ്ങളിൽ മാത്രമേ സ്റ്റോപ് മെമോ നൽകാവൂ.

 ലൈസൻസ് തീരുമാനം 15 ദിവസത്തിനകം

ലൈസൻസുകൾ 15 ദിവസത്തിനകം നൽകുകയോ നിരസിക്കുകയോ വേണം. അല്ലെങ്കിൽ, അവ നൽകിയതായി കണക്കാക്കും. സ്വയം സാക്ഷ്യപ്പെടുത്തൽ, മൂന്നാം കക്ഷിയുടെ സാക്ഷ്യപ്പെടുത്തൽ എന്നിവയുടെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങൾ, മലിനീകരണ നിയന്ത്രണ ബോർഡ്, സിടിപി, അഗ്നിരക്ഷാ സേന തുടങ്ങിയവയിൽ നിന്നുള്ള അനുമതി പത്രങ്ങൾ നൽകും. എന്നാൽ, ഈ സൗകര്യം ദുരുപയോഗം ചെയ്താൽ അഞ്ചു ലക്ഷം രൂപ വരെ പിഴയും ചുമത്തും. 

പ്രതിവർഷ പുതുക്കലുകളുടെ പ്രയാസം ഒഴിവാക്കാനായി ലൈസൻസുകളുടെ കാലാവധി അഞ്ചു വർഷമായി ദീർഘിപ്പിക്കും. പുതുക്കൽ ഫീസ് മാത്രം അടച്ചു ലൈസൻസുകൾ പുതുക്കാനുള്ള വ്യവസ്ഥകളുമുണ്ട്. ഹരിത വിഭാഗത്തിൽപ്പെട്ട, 25 ൽ കുറവു തൊഴിലാളികൾ ജോലി ചെയ്യുന്ന ഫാക്ടറികൾക്കു മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയും ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പിൽ നിന്നുള്ള ഫാക്ടറി ലൈസൻസും ലഭിക്കുന്നതിനു സ്വയം സാക്ഷ്യപ്പെടുത്തൽ മതിയാകും.

 വൈദ്യുതി ലഭിക്കൽ എളുപ്പം

വൈദ്യുതി കണക്‌ഷൻ, വ്യാപാര ലൈസൻസ് എന്നിവ ലഭിക്കാൻ രണ്ടു രേഖകൾ മാത്രമേ ആവശ്യമുള്ളു; തിരിച്ചറിയൽ രേഖയും നിയമപരമായ താമസ രേഖയും. പുതിയ വ്യവസായ സംരംഭങ്ങൾക്കു ജില്ലാ മെഡിക്കൽ ഓഫിസറുടെ നിരാക്ഷേപ പത്രം വേണമെന്ന വ്യവസ്ഥ നീക്കി. ആശുപത്രികൾ, ക്ലിനിക്കുകൾ, ലബോറട്ടറികൾ, പാരാമെഡിക്കൽ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കു മാത്രമേ ഇനി മുതൽ ജില്ലാ മെഡിക്കൽ ഓഫിസറുടെ അനുമതി ആവശ്യമുള്ളു. 

തൊഴിലുടമകൾക്കു ചരക്കു കയറ്റിറക്കിനായി സ്വന്തം ജീവനക്കാരോ യന്ത്ര സംവിധാനങ്ങളോ ഉണ്ടെങ്കിൽ അതിനായി ചുമട്ടു തൊഴിലാളികളെ വാടകയ്‌ക്കെടുക്കണമെന്നു നിർബന്ധമില്ല. സംരംഭകർക്കു സ്വന്തം നിലയിൽ കയറ്റിറക്കു ജോലികൾ നടത്താനും ഓർഡിനൻസ് അനുമതി നൽകുന്നു.

പുതുക്കിയ വ്യവസായ നയം ജനുവരിയിൽ

കൊച്ചി ∙ പുതുക്കിയ വ്യവസായ നയം ജനുവരിയിൽ പ്രഖ്യാപിച്ചേക്കും. വാണിജ്യ, വ്യവസായ സംരംഭകരുമായി നടത്തിയ വിശദമായ ആശയവിനിമയത്തിനുശേഷം കരട് നയം പുറത്തിറക്കിയിരുന്നു. തുടർന്നു വിവിധ കേന്ദ്രങ്ങളിൽ സംരംഭകരുമായി വീണ്ടും ആശയവിനിമയം നടത്തി. അവരുടെ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് അന്തിമ നയം തയാറാക്കിയത്. അനുകൂലമായ പ്രതികരണങ്ങളാണു ലഭിച്ചതെന്നു വ്യവസായ അഡീഷനൽ ചീഫ് സെക്രട്ടറി പോൾ ആന്റണി പറഞ്ഞു. 

വാണിജ്യ, ഗാർഹിക കെട്ടിട നിർമാണ അനുമതി നൽകുന്നതിനായി സോഫ്റ്റ്‌വെയർ അധിഷ്ഠിത ഇന്റലിജന്റ് ബിൽഡിങ് പ്ലാൻ മാനേജ്മെന്റ് സിസ്റ്റം തയാറാക്കും. ഓൺലൈനായി പെർമിറ്റിന് അപേക്ഷ നൽകാം. മാനദണ്ഡങ്ങൾ പാലിച്ചുള്ള അപേക്ഷകൾ മാത്രമേ അപ്‌ലോഡ് ചെയ്യാൻ കഴിയൂ. രേഖകളിൽ അപാകതയുണ്ടെങ്കിൽ തിരുത്തി വീണ്ടും അപേക്ഷിക്കാം. വിവിധ ഓഫിസുകളിൽ കയറിയിറങ്ങേണ്ട ആവശ്യമുണ്ടാകില്ല. അന്തിമഘട്ടത്തിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.