Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിറ്റ്കോയിൻ അവരോഹണം

bitcoin

കൊച്ചി ∙ ഒരു വർഷത്തോളം നീണ്ട കുതിപ്പിനൊടുവിൽ ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോ കറൻസികളുടെ വിലയിൽ കനത്ത ഇടിവ്.  അഞ്ചുദിവസം മുൻപ് 20,000 ഡോളർ വരെ കയറിയ ബിറ്റ്കോയിന്റെ വില ഇന്നലെ 11,000 ഡോളർവരെ താഴ്ന്നു. 350 ഡോളറിനടുത്തുവരെ എത്തിയിരുന്ന ലൈറ്റ്കോയിൻ വില 200 ഡോളറിനു താഴേക്കു വീണു. വൻ ചാഞ്ചാട്ടം തുടരുകയാണ്.

ലോകത്തൊരു രാജ്യത്തെ കേന്ദ്രബാങ്കിനും നിയന്ത്രണമില്ലാത്ത ക്രിപ്റ്റോ കറൻസികളുടെ വില എക്സ്ചേഞ്ചുകളിൽ അനിയന്ത്രിതമായി കുതിച്ചുയരാനും കൂടുതൽ പേർ ഇതിലേക്ക് ആകർഷിക്കപ്പെടാനും തുടങ്ങിയതോടെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ നിക്ഷേപകർക്കു മുന്നറിയിപ്പു നൽകിയിരുന്നു.

നിക്ഷേപത്തിൽ വൻനേട്ടവുമായി നിൽക്കുന്നവർ ലാഭമെടുക്കുന്നതാണ് വിലയിടിവിനു കാരണമെന്നു കരുതപ്പെടുന്നു.  അതേസമയം, മറ്റു ക്രിപ്റ്റോ കറൻസികളിലേക്കു നിക്ഷേപകർ ശ്രദ്ധതിരിച്ചതാണ് ബിറ്റ്കോയിന്റെ വിലയിടിയാൻ കാരണമെന്നു മറ്റൊരു വിഭാഗം വാദിക്കുന്നു.  പ്രത്യേകിച്ചും ബിറ്റ്കോയിനിൽനിന്നുതന്നെ ഉടലെടുത്ത ബിറ്റ്കോയിൻ കാഷ് കൂടുതൽ ശ്രദ്ധ നേടുന്നുണ്ട്.

എന്നാൽ, ബിറ്റ്കോയിൻ കാഷിന്റെ വിലയിലും ഇന്നലെ 40 ശതമാനത്തിനടുത്ത് ഇടിഞ്ഞു. മറ്റു കറൻസികളായ ഇതീറിയം, റിപ്പിൾ എന്നിവയുടെ വിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഇതിനിടെ, അമേരിക്കയിലെ വൻകിട ബാങ്കായ ഗോൾഡ്മാൻ സാക്സ് ഡിജിറ്റൽ കറൻസികൾക്കായി ട്രേഡിങ് ഡെസ്ക്  സ്ഥാപിക്കുന്നതായി പ്രഖ്യാപിച്ചു.

ലൈറ്റ്കോയിൻ ചാർലിക്കും വേണ്ട

ലൈറ്റ്കോയിൻ സ്രഷ്ടാവ് ചാർലി ലീ തന്റെ കൈവശമുള്ള കോയിനുകൾ വിറ്റൊഴിയുന്നു. ലൈറ്റ്കോയിൻ സംബന്ധിച്ച തന്റെ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വന്തം സാമ്പത്തികനേട്ടത്തിനാണെന്ന വിമർശനങ്ങൾ ഒഴിവാക്കാനാണ് നടപടിയെന്ന് അദ്ദേഹം പറയുന്നു. ലൈറ്റ്കോയിന്റെ മികച്ച പ്രവർത്തനത്തിനായി ശ്രമം തുടരുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഗൂഗിളിലെ മുൻ ഉദ്യോഗസ്ഥനായ ചാർലി ലീ, അടുത്തകാലം വരെ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചായ കോയിൻബേസിലെ ഡയറക്ടർ ഓഫ് എൻജിനീയറിങ്ങുമായിരുന്നു. 2011ലാണ് അദ്ദേഹം ലൈറ്റ്കോയിൻ സൃഷ്ടിക്കുന്നത്.

ഈ വർഷമാദ്യം വെറും നാലര ഡോളർ വിലയുണ്ടായിരുന്ന ലൈറ്റ്കോയിൻ ദിവസങ്ങൾക്കുമുൻപ് 340 ഡോളറിനു മുകളിലേക്കു കയറിയതിനെത്തുടർന്ന് ഈ കുതിപ്പ് നിലനിൽക്കില്ലെന്ന മുന്നറിയിപ്പുമായി ചാർലി ലീ രംഗത്തു വന്നിരുന്നു. പക്ഷേ, നിക്ഷേപകലോകം അന്നത് വകവച്ചില്ല. ഇന്നലെ തുടങ്ങിയ വിലയിടിവ് ലൈറ്റ്കോയിനെ എവിടെയത്തിക്കുമെന്നു കാത്തിരുന്നു കാണാം.

ഇന്ത്യയിൽ ചട്ടങ്ങൾ കൊണ്ടുവരും

ഇന്ത്യയിൽ ക്രിപ്റ്റോ കറൻസികളുടെ പ്രവർത്തനത്തിൽ സർക്കാരിന്റെ നിയന്ത്രണം കൊണ്ടുവരുന്നതിനുള്ള വഴികളാലോചിക്കാൻ കഴിഞ്ഞയാഴ്ച പുതിയ പാനലിനെ നിയോഗിച്ചിട്ടുണ്ട്. പാനലിന്റെ ലക്ഷ്യം ക്രിപ്റ്റോ കറൻസികൾക്ക് നിയമപരമായ അംഗീകാരം നൽകുകയല്ല. മറിച്ച്, തീവ്രവാദ പ്രവർത്തനങ്ങൾക്കും മറ്റും ഈ നിക്ഷേപം ഉപയോഗിക്കുന്നതു തടയാൻ എന്തൊക്കെ ചട്ടങ്ങൾ കൊണ്ടുവരാം എന്നു നിർദേശിക്കുകയാണ്.

മുൻപു നിയോഗിച്ച മറ്റൊരു കമ്മിറ്റി രാജ്യത്തെ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകൾ പൂട്ടണമെന്നു ശുപാർശ ചെയ്തിരുന്നെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. ഈ നിക്ഷേപത്തിൽ നിന്നുള്ള വരുമാനത്തിനു നികുതി ഏർപ്പെടുത്തണമെന്ന നിർദേശവും വന്നെങ്കിലും അത് ക്രിപ്റ്റോ കറൻസികൾക്കു നിയമപരമായ അംഗീകാരം കൊടുക്കുന്നതിനു തുല്യമാകുമെന്നതിനാൽ വേണ്ടെന്നു വയ്ക്കുകയായിരുന്നു.