Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും ചിറകുവിരിച്ച് എയർ ഡെക്കാൻ; 2500 രൂപയ്ക്കും പറക്കാം

  Air Deccan

മുംബൈ ∙ രാജ്യത്ത് ചെലവ് കുറഞ്ഞ വിമാനയാത്ര ആദ്യം അവതരിപ്പിച്ച എയർ ഡെക്കാൻ വീണ്ടും ചിറക് വിരിക്കുന്നു. ഛത്രപതി ശിവാജി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ജൽഗാവിലേക്കാണ് സർവീസ് നടത്തിയത്. കിങ്ഫിഷർ എയർലൈൻസും എയർ ഡെക്കാനും 2008 ൽ ലയിച്ചിരുന്നുവെങ്കിലും സർവീസ് പുനരാരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. ആദ്യ ഘട്ടത്തിൽ മുംബൈ, പുണെ എന്നിവിടങ്ങളിൽനിന്ന് ജൽഗാവ്, നാസിക്, കോലാപ്പൂരിലേക്കാവും സർവീസ് നടത്തുക.

ഏറെ പ്രതീക്ഷയോടെയാണ് സർവീസ് പുനരാരംഭിക്കുന്നത്. വൈകാതെ രാജ്യത്തെ പ്രമുഖ കേന്ദ്രങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കുകയാണ് ലക്ഷ്യം– എയർ ഡെക്കാൻ ചെയർമാൻ ക്യാപ്റ്റൻ ജി.ആർ. ഗോപിനാഥ് പറയുന്നു. അഹമ്മദ്ബാദ് ആസ്ഥാനമായ ജിഎസ്ഇസിയുടെ ശൈശവ് ഷാ, നെറ്റ്‌വർക്ക് ക്യാപിറ്റലിന്റെ ഹിമാൻഷു ഷാ എന്നിവരാണ് പങ്കാളികൾ.

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പ്രാദേശിക വിമാന സർവീസുകളുടെ പദ്ധതിയായ ഉഡാനിൽ പങ്കാളിയായതോടെയാണ് ഡെക്കാന് വീണ്ടും പറക്കാൻ വഴിയൊരുങ്ങിയത്. നാലു വിമാനങ്ങളും 10 ഹെലികോപ്റ്ററുകളും സ്വന്തമായുള്ളഡെക്കാൻ വ്യോമ മേഖലയിൽനിന്ന് പിന്മാറിയിരുന്നില്ല. ചാർട്ടർ സർവീസുകളിലും വിമാന അറ്റകുറ്റ പണികളിലും വ്യാപൃതരായിരുന്നു. 19 സീറ്റുള്ള വിമാനമാണ് എയർ ഡെക്കാൻ നിലവിൽ ഉപയോഗിക്കുന്നത്. ആദ്യ ഘട്ടത്തിൽ 34 റൂട്ടുകളിൽ സർവീസ് നടത്താൻ ഉഡാൻ പദ്ധതി പ്രകാരം എയർ ഡെക്കാന് അനുമതി ലഭിച്ചിട്ടുണ്ട്.

കേന്ദ്ര സർക്കാർ വിവിധ സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ തയാറാക്കിയ പദ്ധതിയാണ് ഉഡേ ദേശ് കാ ആം നാഗരിക് അഥവാ ഉഡാൻ . ഒരു മണിക്കൂർ വിമാനയാത്രയ്ക്ക് 2500 രൂപയായിരിക്കും നിരക്ക്. സർവീസ് നടത്തുന്ന വിമാനക്കമ്പനികൾ തങ്ങളുടെ സർവീസുകളുടെ പകുതിയെങ്കിലും സീറ്റുകൾ ഈ നിരക്കിലുള്ള യാത്രയ്ക്കായി നീക്കി വെക്കണം.

വിമാനസർവീസുകളില്ലാത്തതോ വളരെക്കുറവുള്ളതോ ആയ 70 ചെറുനഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിച്ചാണ് കൂടുതലും സർവീസുകൾ. 500 കിലോ മീറ്റർ വരെ ദൈർഘ്യമുള്ള(ഒരു മണിക്കൂർ) യാത്രക്ക് 2500 രൂപയേ ഈടാക്കാവൂ. ഓരോ വിമാനത്തിലും പകുതി സീറ്റുകളെങ്കിലും ഈ നിരക്കിൽ അനുവദിക്കുകയും വേണം.