Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റദ്ദാക്കൽ ഫീസ് വിമാന ടിക്കറ്റിന്റെ പകുതിയിൽ കൂടരുത്

UK GATEWAY

ന്യൂഡൽഹി ∙ വിമാന ടിക്കറ്റ് നിരക്കിന്റെ 50 ശതമാനത്തിൽ കൂടുതൽ തുക റദ്ദാക്കൽ ചാർജായി ഈടാക്കരുതെന്നു വ്യോമയാന രംഗവുമായി ബന്ധപ്പെട്ട പാർലമെന്ററി സമിതിയുടെ ശുപാർശ. ടിക്കറ്റ് കാൻസൽ ചെയ്താൽ അടിസ്ഥാന നിരക്കിന്റെ 50 ശതമാനം വരെ മാത്രമേ കാൻസലേഷൻ നിരക്കായി ഈടാക്കാൻ  പാടുള്ളൂവെന്നും നികുതി, ഇന്ധന സർചാർജ് എന്നിവയെല്ലാം തിരികെ നൽകണമെന്നും അംഗങ്ങൾ നിർദേശിക്കുന്നു. 

കാൻസലേഷൻ നിരക്കുകൾ ടിക്കറ്റിൽ വ്യക്തമായി കാണത്തക്ക വിധം പ്രിന്റ് ചെയ്യണം. ഇതു സംബന്ധിച്ച വ്യവസ്ഥകൾ വെബ്സൈറ്റിലും മറ്റും വ്യക്തമായി പ്രദർശിപ്പിക്കണം. യൂസർ ഡവലപ്മെന്റ് ഫീസ് ഉൾപ്പെടെയുള്ള നിരക്കുകൾ തിരികെ നൽകണമെന്നാണു വ്യവസ്ഥയെങ്കിലും പലരും ഇതു പാലിക്കുന്നില്ലെന്നും വ്യോമയാന മന്ത്രാലയം സമിതിയിൽ അറിയിച്ചിട്ടുണ്ട്. 

വിമാനത്താവളങ്ങളുടെ സുരക്ഷ നിർവഹിക്കുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കു സോഫ്റ്റ് സ്കിൽ പരിശീലനം നൽകണമെന്നും അംഗങ്ങൾ നിർദേശിക്കുന്നു. ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തെക്കുറിച്ചുള്ള പരാതികൾ വർധിക്കുന്നുണ്ട്. വ്യോമയാന മേഖല പ്രതിദിനം വളരുന്ന സാഹചര്യത്തിൽ  ഇത്തരം സാഹചര്യം രൂപപ്പെടാൻ പാടില്ലെന്നും സമിതി അംഗങ്ങൾ അഭിപ്രായപ്പെടുന്നു. 

ചില കണ്ടെത്തലുകൾ:

∙ ചെക്ക് ഇൻ കൗണ്ടറിൽ പത്തു മിനിറ്റിൽ കൂടുതൽ കാത്തു നിൽക്കേണ്ട അവസ്ഥ യാത്രക്കാർക്കുണ്ടാകരുത്. യാത്രക്കാരുടെ തിരക്കുണ്ടായാൽ കൂടുതൽ കൗണ്ടറുകൾ തുറക്കണം. 

∙ ജീവനക്കാരുടെ മോശം സ്വഭാവത്തെക്കുറിച്ചുള്ള പരാതികൾ വർധിക്കുന്നു. ഇതിനു പരിഹാരം കാണാൻ കമ്പനികൾ ശ്രമിക്കണം. അടിയന്തര ഘട്ടങ്ങൾ നേരിടാനുള്ള മികവു ജീവനക്കാർക്കില്ല. ഇവർക്ക് ആവശ്യമായ പരിശീലനം നൽകണം. 

∙ യാത്രക്കാരോടു മോശമായി പെരുമാറുന്ന വ്യോമയാന കമ്പനി ജീവനക്കാരെ  ഒരു വിമാനത്താവളത്തിലും ജോലിക്കു പ്രവേശിപ്പിക്കാത്ത വിധത്തിൽ നടപടി സ്വീകരിക്കുമെന്നു കേന്ദ്ര വ്യോമയാന സെക്രട്ടറി സമിതിയെ അറിയിച്ചു. 

∙ ഫെസ്റ്റിവൽ സീസൺ ഘട്ടങ്ങളിൽ 10 ശതമാനത്തോളം നിരക്കു വർധന  വിമാനക്കമ്പനികൾ വരുത്തുന്നു. ഇതിൽ നിയന്ത്രണം ആവശ്യമാണ്. 

∙ പല ആഭ്യന്തര ബജറ്റ് വിമാനകമ്പനികളും കുടിവെള്ളം പോലും ലഭ്യമാക്കുന്നില്ല. ഭക്ഷണവും ലഭിക്കാത്ത സാഹചര്യവുമുണ്ട്. തങ്ങളുടെ വിമാനത്തിൽ മോശം ഭക്ഷണം വിതരണം ചെയ്ത അവസ്ഥയുണ്ടായെന്നു ചില കമ്പനി അധികൃതർ സമ്മതിക്കുകയും ചെയ്തു. 

∙ രാജ്യാന്തര വിമാന സർവീസുകളിൽ ബിസിനസ് ക്ലാസ് വിഭാഗത്തിലെ സീറ്റുകൾ പലതും വൃത്തിയാക്കാറില്ല.