Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശ നിക്ഷേപനയം ഉദാരം: എയർ ഇന്ത്യയിൽ 49%, ഏക ബ്രാൻഡിൽ 100%

money

ന്യൂഡൽഹി  ∙ എയർ ഇന്ത്യയിൽ 49% വിദേശ നിക്ഷേപവും ഏക ബ്രാൻഡ് റീട്ടെയിൽ വ്യാപാരം, നിർമാണം എന്നീ മേഖലകളിൽ 100% വിദേശ നിക്ഷേപവും അനുവദിച്ചു വിദേശ നിക്ഷേപരംഗത്തു വൻമാറ്റങ്ങൾക്കു കേന്ദ്രമന്ത്രിസഭ അനുമതി നൽകി. മെഡിക്കൽ ഉപകരണങ്ങൾക്കും  വിദേശ നിക്ഷേപനയം ഉദാരമാക്കി. വിദേശ നിക്ഷേപം രാജ്യത്തേക്കു പ്രവഹിക്കുന്നതിനുണ്ടായിരുന്ന തടസ്സങ്ങൾ നീക്കിയതായി കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭു വിശദീകരിച്ചു. 

എയർ ഇന്ത്യ 

എയർ ഇന്ത്യയിൽ 49% വിദേശ നിക്ഷേപം നേരിട്ടും അല്ലാതെയും അനുവദിക്കാനാണു തീരുമാനം. സർക്കാർ അനുമതിയോടെയാകണം നിക്ഷേപം. ഭൂരിപക്ഷ ഓഹരി ഉടമസ്ഥതയും നിയന്ത്രണവും ആഭ്യന്തര നിക്ഷേപകർക്കാകും. നിലവിൽ ഇന്ത്യയിലെ വിമാന കമ്പനികളിൽ 49% വിദേശ നിക്ഷേപം അനുവദിച്ചിരുന്നതിൽ നിന്ന് എയർ ഇന്ത്യയെ ഒഴിവാക്കിയിരുന്നു. 

എയർ ഇന്ത്യയ്ക്കു കഴിഞ്ഞ മാർച്ച് വരെയുള്ള കടബാധ്യത 48,877 കോടി രൂപയുടേതാണ്. ഇതിൽ 17,360 കോടി രൂപ വിമാനം വാങ്ങിയതിനുള്ള വായ്പയും 31,517 കോടി രൂപ പ്രവർത്തന മൂലധന വായ്പയുമാണ്. നടപ്പുസാമ്പത്തിക വർഷം എയർ ഇന്ത്യയ്ക്കു 3579 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണു കണക്കാക്കുന്നത്. 

ഏക ബ്രാൻഡ്

ഏക ബ്രാൻഡ് റീട്ടെയിൽ വ്യാപാര മേഖലയിൽ 49 ശതമാനത്തിനു മുകളിലുള്ള വിദേശ നിക്ഷേപത്തിനു കേന്ദ്രസർക്കാർ അനുമതി ആവശ്യമുണ്ടെന്ന വ്യവസ്ഥ റദ്ദാക്കി. ഇനി സർക്കാർ അനുമതിയില്ലാതെ തന്നെ 100% വിദേശ നിക്ഷേപം സാധ്യമാകും. ചില്ലറ വ്യാപാര മേഖലയിൽ വാണിജ്യ സ്ഥലങ്ങൾക്കുള്ള ഡിമാൻഡ് വർധിക്കാൻ തീരുമാനം ഇടയാക്കും.  റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും ഉണർവേകുന്നതാണു തീരുമാനം.

നിർമാണ, ഭവന മേഖല

റിയൽ എസ്റ്റേറ്റ് ഇടനില സേവനരംഗത്തു 100% വിദേശ നിക്ഷേപം അനുവദിക്കും.  റിയൽ എസ്റ്റേറ്റ് ഇടനില സേവനരംഗത്തെ റിയൽ എസ്റ്റേറ്റ് ബിസിനസായി കാണാനാകില്ലെന്നും അതിനാൽ 100% വിദേശ നിക്ഷേപത്തിന് അനുമതി നൽകാമെന്നുമാണു തീരുമാനം.

ഊർജ കൈമാറ്റം

ഊർജ കൈമാറ്റ പ്രാഥമിക വിപണിയിൽ 49% വരെ വിദേശ നിക്ഷേപം. നിലവിൽ ദ്വിതീയ വിപണിയിൽ മാത്രമാണു വിദേശ നിക്ഷേപം അനുവദിച്ചിരുന്നത്. 

ഫാർമസി

ഫാർമസി രംഗത്തെ വിദേശ നിക്ഷേപ വിഷയത്തിൽ മെഡിക്കൽ ഉപകരണ നിർവചനത്തിൽ ഭേദഗതി വരുത്താൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഡ്രഗ്സ് ആൻഡ് കോസ്മറ്റിക്സ് നിയമത്തിൻ കീഴിലുള്ള മെഡിക്കൽ  ഉപകരണങ്ങളെന്ന നിർവചനം ഒഴിവാക്കി. 

ടാറ്റ എയർ സർവീസസിൽ  നിന്ന് എയർ ഇന്ത്യയിലേക്ക്

ജെആർഡി ടാറ്റ 1932–ൽ ടാറ്റ എയർ സർവീസസ് എന്ന വിമാനക്കമ്പനി സ്ഥാപിച്ചു. പിന്നീട് ടാറ്റ എയർലൈൻസ് എന്നു പേരു മാറ്റി. 1946 ജൂലൈയിൽ എയർ ഇന്ത്യ എന്ന പേരിൽ പബ്ലിക് ലിമിറ്റഡ് കമ്പനിയാക്കി . 1948ൽ 49 % ഓഹരി കേന്ദ്ര സർക്കാർ വാങ്ങി. എയർ ഇന്ത്യ ഇന്റർനാഷനൽ എന്ന പേരിൽ രാജ്യാന്തര സർവീസുകൾ ആരംഭിച്ചു.

1953ൽ ദേശീയവൽക്കരിച്ച്  എയർ ഇന്ത്യ ഇന്റർനാഷനൽ എന്നു നാമകരണം ചെയ്തു. 1977 വരെ ജെആർഡി ടാറ്റ കമ്പനി ചെയർമാനായി തുടർന്നു. 1962ൽ  എയർ ഇന്ത്യ എന്നായി. ജെറ്റ് വിമാനങ്ങൾ സ്വന്തമാക്കിയ ആദ്യ ഏഷ്യൻ വിമാനക്കമ്പനി.  വ്യോമയാനരംഗത്തെ മാറ്റങ്ങൾക്കൊപ്പം സാമ്പത്തിക ബാധ്യതകൾ കൂടിയായതോടെ സ്വകാര്യവൽക്കരണത്തിനുള്ള സാധ്യതകൾ തെളിഞ്ഞു. 2000ൽ ഇന്ത്യൻ എയർലൈൻസിന്റെ 51 ശതമാനവും എയർ ഇന്ത്യയുടെ 60 ശതമാനം ഓഹരികളും വിൽക്കാൻ തീരുമാനം.

2007ൽ നാഷനൽ ഏവിയേഷൻ കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് എന്ന പേരിൽ ഇരു കമ്പനികളും സംയോജിച്ചു. 2010ൽ  എയർ ഇന്ത്യ ലിമിറ്റഡ് എന്നാക്കി മാറ്റി. എയർ ഇന്ത്യയെ നഷ്‌ടത്തിൽ നിന്നു കരകയറ്റാനുള്ള 30,000 കോടി രൂപയുടെ സാമ്പത്തിക പുനഃസംഘടനാ പദ്ധതിക്ക്, 2012–ൽ  അംഗീകാരമായി. എന്നാൽ 2017 ജൂണിൽ പൂർണ സ്വകാര്യവൽക്കരണത്തിനു തീരുമാനമായി. 

related stories