Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുണ്ട് മുറുക്കും; ബജറ്റിൽ കർശന ചെലവു ചുരുക്കലും യൂസർ ഫീസ് വർധനയും

Thomas-budget

തിരുവനന്തപുരം∙ സാമ്പത്തിക ഞെരുക്കത്തിന്റെ പശ്ചാത്തലത്തിൽ, ബജറ്റിൽ കർശനമായ ചെലവുചുരുക്കൽ ഉണ്ടായേക്കും. ജിഎസ്ടി വന്നതുമൂലം ഇനി നികുതി വരുമാനം വർധിപ്പിക്കാനാവാത്തതിനാൽ നികുതിയേതര വരുമാനം വർധിപ്പിക്കാൻ നടപടികളുണ്ടാവും. അതിന്റെ ഭാഗമായി, നിശ്ചിത വരുമാനത്തിനു മുകളിലുള്ളവർക്ക് ആശുപത്രികളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഫീസുകളുടെ വർധനയും പരിഗണനയിലുണ്ട്.

എന്നാൽ, സാധാരണക്കാരെ ബാധിക്കാത്ത നിലയിലാവും ചെലവുചുരുക്കലും വരുമാനം കൂട്ടലും. ക്ഷേമപദ്ധതികളെ ബാധിക്കില്ല.  വികസനച്ചെലവിലും കുറവുണ്ടാകില്ലെന്നാണു ധനവകുപ്പിൽനിന്നുള്ള സൂചന. കിഫ്ബി പദ്ധതികൾക്കായി 50,000 കോടി കടമെടുക്കുന്ന പശ്ചാത്തലത്തിൽ വികസനച്ചെലവുകൾ വർധിക്കുകയേയുള്ളൂ. 

റവന്യു കമ്മി കാര്യമായി കുറയ്ക്കാൻ നടപടികളുണ്ടാവും. സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ മൂന്നു ശതമാനത്തിലേറെ റവന്യു കമ്മി വന്നാൽ പൊതുവിപണിയിൽനിന്നു കടമെടുക്കാൻ കഴിയുന്ന തുകയുടെ പരിധിയിലും കുറവു വരും. കിഫ്ബിയിലേക്കു നിക്ഷേപം ഒഴുകിയെത്തണമെങ്കിലും റവന്യു കമ്മി നിയന്ത്രിച്ചു നിർത്തിയേ മതിയാകൂ.

കഴിഞ്ഞ രണ്ടുവർഷം അവതരിപ്പിച്ച ബജറ്റുകളിൽനിന്നു വ്യത്യസ്ത ദിശാബോധമുള്ളതാകും ഇത്തവണത്തെ ബജറ്റ്. ചെലവുചുരുക്കലിനും നികുതിയേതര വരുമാന വർധനയ്ക്കും മുൻ ബജറ്റുകളിൽ ഊന്നൽ ഉണ്ടായിരുന്നില്ല. ഇക്കുറി കുറയ്ക്കാവുന്ന ചെലവുകൾ കുറയ്ക്കുകയും മാറ്റിവയ്ക്കാവുന്നവ മാറ്റുകയും ചെയ്യും. എന്നാൽ, റിക്രൂട്മെന്റിലോ അത്യാവശ്യം വേണ്ടിടത്തു തസ്തികകൾ അനുവദിക്കുന്നതിലോ കുറവ്  ഉദ്ദേശിക്കുന്നില്ല. ആരോഗ്യ–വിദ്യാഭ്യാസ രംഗങ്ങളിൽ കൂടുതൽ ഡോക്ടർ, നഴ്സ്, അധ്യാപക തസ്തികകൾ ഇക്കൊല്ലം അനുവദിച്ചപോലെ വരും സാമ്പത്തികവർഷവും അനുവദിക്കുമെന്നാണു സൂചന.

വിവിധ രംഗങ്ങളിലെ യൂസർ ഫീസുകളിൽനിന്നുള്ള സംസ്ഥാന വരുമാനം 20 വർഷം മുൻപ് ലഭിച്ചിരുന്നതിനേക്കാൾ കുറവാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഫീസുകൾ പുതുക്കിയിട്ടും വർഷങ്ങളായി. അതു പരിഹരിക്കാൻ നടപടികളുണ്ടാവും. വസ്തുക്കരം, ധാതുക്കളിൽനിന്നുള്ള റോയൽറ്റി എന്നിവയിലും വർധന ആലോചനയിലുണ്ട്. വസ്തുക്കരം ഒരു ആറിന് ഒരു രൂപ എന്ന നിരക്ക് തീരെ കുറവാണെന്നു വിലയിരുത്തപ്പെടുന്നു. തീരെ തുച്ഛമായ നികുതിയാണു വില്ലേജ് ഓഫിസുകളിൽ ലഭിക്കുന്നത്.

ജിഎസ്ടിയിൽനിന്നു പ്രതീക്ഷിച്ച വരുമാന വർധന ആദ്യവർഷം ഉണ്ടായില്ലെങ്കിലും വരുംവർഷങ്ങളിൽ കേരളത്തിനു പ്രയോജനകരമാവും എന്നുതന്നെയാണു ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ വിലയിരുത്തൽ. കേരളം ഉൽപാദക സംസ്ഥാനം എന്നതിനെക്കാൾ ഉപഭോക്തൃ സംസ്ഥാനം ആണെന്നതിന്റെ ഗുണം ഇനിയാണു വരേണ്ടത്. കേരളത്തിൽ ഉപയോഗിക്കുന്ന 80% ഉൽപന്നങ്ങളും പുറത്തുനിന്നാണു വരുന്നത്. അടുത്ത സാമ്പത്തിക വർഷം ജിഎസ്ടിയിൽനിന്നുള്ള വരുമാനത്തിൽ കുതിപ്പുണ്ടാകുമെന്നാണു വിലയിരുത്തൽ. നെൽക്കൃഷിക്ക് ഇനിയും സബ്സിഡി വർധന പരിഗണനയിലുണ്ട്. ബജറ്റ് പ്രസംഗം നീട്ടാതെ ഒന്നര മണിക്കൂറായി കുറയ്ക്കുമെന്നും സൂചനയുണ്ട്.

related stories