Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പറന്നുയരും ലോകം; ഈ വർഷം 431 കോടി വിമാനടിക്കറ്റുകൾ വിറ്റഴിയുമെന്ന് അയാട്ട

GLOBAL-AIRLINES/

പുതുവർഷം ആഗോള വ്യോമയാന മേഖല മികച്ച വളർച്ച നേടുമെന്നു രാജ്യാന്തര വ്യോമ ഗതാഗത സംഘടന(അയാട്ട)യുടെ പഠന റിപ്പോർട്ട്. 2018ൽ ഏതാണ്ട് 54.3 ലക്ഷം കോടി രൂപയാണ് വിമാന യാത്രയ്ക്കായി ലോകമെങ്ങുമുള്ള ജനങ്ങൾ ചെലവഴിക്കുക. ആഗോള മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ ഒരു ശതമാനമായിരിക്കും ഇത് എന്നു കണക്കുകൾ സൂചിപ്പിക്കുന്നു. 

2017ൽ ഈയിനത്തിലെ ചെലവ് 49.6 ലക്ഷം കോടി രൂപയായിരുന്നു. അതും ജിഡിപിയുടെ ഏകദേശം ഒരു ശതമാനമായിരുന്നു. 2018ൽ കാണിക്കുന്ന വർധന 9.4 ശതമാനമാണ്. 2017ൽ മുൻ വർഷത്തെ അപേക്ഷിച്ചുള്ള വർധന 6.3 ശതമാനമായിരുന്നു. 2016ൽ ജിഡിപിയുടെ 0.9 ശതമാനമാണ് ഈയിനത്തിൽ ചെലവഴിച്ചത്. 

ഈ വർഷം 431 കോടി ആളുകൾ വിമാനയാത്ര ചെയ്യുമെന്നു അയാട്ടയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം ഇത് 408 കോടിയായിരുന്നു. വർധന 5.6%. എണ്ണത്തിൽ വർധനയുണ്ടെങ്കിലും യാത്രക്കാരുടെ എണ്ണത്തിലെ വളർച്ചാ നിരക്കിൽ കുറവുണ്ട്. 2015ൽ 356 കോടി യാത്രക്കാരാണുണ്ടായിരുന്നത്. 2016ൽ ഇത് ഏഴു ശതമാനം വർധിച്ച് 381 കോടിയായി. 2017ൽ ഇത് 7.1% വർധിച്ചാണ് 408 കോടിയായത്.  

ലോകത്തെ ചരക്കുഗതാഗതത്തിലും വളർച്ചാനിരക്കിൽ കുറവുണ്ടാകുമെങ്കിലും വർധന കണക്കാക്കുന്നു. 2018ൽ 6.25 കോടി ടൺ കാർഗോ കൈകാര്യം ചെയ്യുമെന്നാണ് കണക്കാക്കുന്നത്. 2017ൽ ഇത് 5.99 കോടിയായിരുന്നു. വർധന 4.3%. 2016ൽ 5.49 കോടി ടൺ ആയിരുന്നത് 9.1% വർധിച്ചാണ് 5.99 കോടി ആയി ഉയർന്നത്. 

∙ടിക്കറ്റ് നിരക്കിൽ സ്ഥിരത

പുതുവർഷം കൂടുതൽ സെക്ടറുകളിലേക്കു പുതിയ സർവീസുകളും നിലവിലുള്ള സെക്ടറുകളിലേക്ക് അധിക സർവീസുകളും ഉണ്ടാകുന്നതിന്റെ ആനുകൂല്യം യാത്രക്കാർക്കു ലഭിക്കും. ടിക്കറ്റ് നിരക്കിൽ സ്ഥിരതയാണ് ഇതിന്റെ ഭാഗമായി ചൂണ്ടിക്കാണിക്കുന്ന പ്രധാന മേന്മ.

GLOBAL-AIRLINES/

∙നികുതി വരുമാനത്തിൽ വർധന

കുറഞ്ഞ വ്യോമ ഗതാഗതച്ചെലവും കൂടുതൽ കണക്‌ഷനുകളും വിപണി സാധ്യതകൾ വർധിപ്പിക്കും. നഗരങ്ങൾ തമ്മിലുള്ള കണക്‌ഷൻ സർവീസുകൾ ഈ വർഷം 20,000 കവിയുമെന്നാണ് കണക്കാക്കുന്നത്. ഇരുപതു വർഷംകൊണ്ട് ഇരട്ടിയിലേറെയാണു വർധന. ഇതു കൂടുതൽ നിക്ഷേപങ്ങൾക്കും വികസനത്തിനും പര്യാപ്തമാകും. ആഗോളതലത്തിൽ 8.56 ലക്ഷം കോടി രൂപയാണ് നികുതിയിനത്തിൽ മാത്രം വിവിധ സർക്കാരുകൾക്കു ലഭിക്കുക. വ്യോമ, അനുബന്ധ മേഖലകളിൽ 700 ലക്ഷം അനുബന്ധ തൊഴിൽ സാധ്യതകളും ഉണ്ടാകും. 

∙1683 പുതു വിമാനങ്ങൾ

2018ൽ മാത്രം പുതിയ 1683 വിമാനങ്ങൾ പുതുതായി സർവീസിനെത്തുമെന്നാണു കണക്കാക്കിയിട്ടുള്ളത്. ഇന്ധനവില വർധിച്ചുവരുന്ന പ്രവണതയുള്ളതിനാൽ വിമാനക്കമ്പനികൾ ഇന്ധനക്ഷമതയേറിയ പുതിയ വിമാനങ്ങൾ കൂടുതലായി വാങ്ങും, പഴയവ മാറ്റും. വർഷാവസാനത്തോടെ ഏതാണ്ട് 30,000 വിമാനങ്ങൾ ലോകമെമ്പാടുമായി സർവീസുകൾക്കുണ്ടാകുമെന്നാണു കണക്ക്. 44 ലക്ഷം ലഭ്യമായ സീറ്റുകളുണ്ടാവും ഈ വിമാനങ്ങളിലെല്ലാം കൂടി. സീറ്റുകളുടെ എണ്ണം 2016ൽ 39 ലക്ഷവും 2017ൽ 42 ലക്ഷവുമായിരുന്നു. ശരാശരി സീറ്റുകളുടെ എണ്ണം ഓരോ വിമാനത്തിലും 147 ആയി ഉയരും. 

2018ൽ 386 ലക്ഷം വിമാന സർവീസുകളാണുണ്ടാവുക. 2016ൽ ഇത് 354 ലക്ഷവും 2017ൽ 368 ലക്ഷവുമായിരുന്നു. വിമാനങ്ങളിലെ പാസഞ്ചർ ലോഡ് ഫാക്ടർ (ലഭ്യമായ സീറ്റുകളിലെ യാത്രക്കാരുടെ ശതമാനം) 81.4 ശതമാനമാകും. മുൻ വർഷങ്ങളിൽ ഇത് യഥാക്രമം 80.3ഉം 81.2ഉം ആയിരുന്നു. 

∙ഇന്ധനച്ചെലവ് 

ഈ വർഷം വിമാനക്കമ്പനികളുടെ ഇന്ധനച്ചെലവു മാത്രം 98,280 കോടി രൂപയായിരിക്കും. ഇന്ധനച്ചെലവിൽ മുൻ വർഷത്തേക്കാൾ വൻ കുതിച്ചുകയറ്റമാണ് ഈ വർഷമുണ്ടാകുക. 19.6 ശതമാനം. കഴിഞ്ഞ വർഷം ഇന്ധനച്ചെലവ് 81,900 കോടി. 2016ൽ 83,160 കോടിയായിരുന്നു ഇന്ധനവില. 2017ൽ എണ്ണവിലയിൽ കുറവുണ്ടായതിനാൽ വിമാനക്കമ്പനികളുടെ ഇന്ധനച്ചെലവ് താരതമ്യേന കുറവായിരുന്നു. 

∙27 ലക്ഷം വിമാനക്കമ്പനി ജീവനക്കാർ

ലോകത്തെ വിമാനക്കമ്പനികളിലെല്ലാംകൂടി ഈ വർഷം ജീവനക്കാരുടെ എണ്ണം 27 ലക്ഷം കവിയും. കഴിഞ്ഞ വർഷത്തേക്കാൾ അപേക്ഷിച്ച് 2.6 ശതമാനം വർധന. ജീവനക്കാരുടെ ചെലവിൽ 1.4% വർധനയുണ്ടാകും. ഇന്ധന വിലയോടൊപ്പം ജീവനക്കാരുടെ ചെലവും വിമാനക്കമ്പനികളുടെ ലാഭത്തെ ബാധിക്കും. 

ജീവനക്കാരുടെ ചെലവിൽ വിമാനക്കമ്പനികൾക്കു കാര്യമായ വർധനവുണ്ടാകും. 2016ൽ 9954 കോടിയായിരുന്ന ചെലവ് കഴിഞ്ഞ വർഷം 10,647 കോടിയായി വർധിച്ചു. ഈ വർഷം ഇത് 11,340 കോടിയാകും. 

∙വ്യോമശക്തികളായി ഇന്ത്യയും ചൈനയും 

ലോകത്ത് ഏറ്റവുമധികം വളരുന്ന വ്യോമശക്തികളായി ഈ വർഷവും ഇന്ത്യയും ചൈനയും തുടരും. ഇന്ത്യയുടെ വളർച്ച കഴിഞ്ഞ 39 മാസങ്ങളായി 10 ശതമാനത്തിലധികമായി തുടരുകയാണ്. ഇക്കഴിഞ്ഞ നവംബറിൽ 16.4 ശതമാനമായിരുന്നു വർധന. സീറ്റുകളുടെ ലഭ്യത കഴിഞ്ഞ വർഷം മുൻ വർഷത്തെക്കാൾ 5.9 ശതമാനം വർധിച്ചു. പാസഞ്ചർ ലോഡ് ഫാക്ടർ 1.4 ശതമാനവും. 

ഇന്ത്യ, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ആഭ്യന്തര സർവീസുകൾ മൊത്തം സർവീസുകളുടെ 45% വരെയായിരിക്കുമ്പോൾ യൂറോപ്പിലെയും ചില ആഫ്രിക്കൻ രാജ്യങ്ങളിലെയും ആഭ്യന്തര സർവീസ് വിഹിതം 11 മുതൽ 14 ശതമാനം വരെ മാത്രമാണ്. 

∙വർഗീസ് മേനാച്ചേരി