Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പലിശ നിരക്കുകൾ ഉടൻ താഴാൻ സാധ്യതയില്ല: എസ്ബിഐ ചെയർമാൻ

STATE BANK INDIA-LOANS/ രജനീഷ് കുമാർ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ചെയർമാനായി ഒക്ടോബറിൽ സ്ഥാനമേറ്റ രജനീഷ് കുമാർ ‘ദ് വീക്’ വാരികയ്ക്കു നൽകിയ അഭിമുഖത്തിൽനിന്ന്:

വായ്പാപലിശനിരക്കുകൾ ഇനിയും കുറയാൻ സാധ്യതയുണ്ടോ?

ഇപ്പോഴത്തെ നിലയിൽ തുടരാനാണു സാധ്യത. ഞങ്ങളുടെ അടിസ്ഥാന നിരക്കായ എംസിഎൽആർ (മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിങ് റേറ്റ്) എട്ടു ശതമാനമാണ്. അതോടൊപ്പം വെറും 0.35% റിസ്ക് പ്രീമിയം മാത്രം ഈടാക്കി 8.35% നിരക്കിലാണു ഞങ്ങൾ ഭവന വായ്പ നൽകുന്നത്. സർക്കാരിന്റെ ചെറുകിട നിക്ഷേപ പദ്ധതികൾക്ക് ഈയിടെ പലിശനിരക്കു കുറച്ചിട്ടുണ്ട്. ഇത് ബാങ്കുകൾക്കും പലിശ കുറയ്ക്കാമെന്ന സിഗ്നൽ ആണ്. പക്ഷേ ഞങ്ങളുടെ ധനസമാഹരണച്ചെലവു കൂടി കണക്കിലെടുക്കുമ്പോൾ ഇനിയും ഉടനെ പലിശ നിരക്കു താഴ്ത്തേണ്ടെന്ന നിലപാടാണു ഞങ്ങളുടേത്. വായ്പയ്ക്കു മാത്രമല്ല നിക്ഷേപങ്ങൾക്കും ഏതാണ്ട് ഇപ്പോഴത്തെ നിലയിൽത്തന്നെ പലിശ തുടരും.

കിട്ടാക്കട പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങൾ വിജയം കാണുന്നുണ്ടോ?

കിട്ടാക്കടമായിക്കിടന്നുതിൽ മുഖ്യപങ്കും നേരത്തേയുള്ള വലിയ വായ്പകളാണ്. ഇപ്പോൾ നൽകപ്പെടുന്ന വായ്പകളിൽ ഈ പ്രശ്നം കുറവാണ്. എന്നാൽ സമ്മർദത്തിലുള്ള വായ്പകൾ എല്ലാക്കാലത്തുമുണ്ട്. ഇവയെല്ലാം കിട്ടാക്കടമായി മാറണമെന്നില്ല. പാപ്പർ നിയമം അടക്കമുള്ള നപടികളും രാജ്യത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുന്നതും അടുത്ത ഏതാനും പാദങ്ങളിൽ കിട്ടാക്കടപ്രതിസന്ധി കുറയ്ക്കുമെന്നാണു വിലയിരുത്തൽ.

പുതിയ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്നതിൽ എസ്ബിഐ എവിടെനിൽക്കുന്നു?

ബ്ലോക്ചെയിൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബട്ടിക്സ് എന്നിവ പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഇടപാടുകാർക്കു കൂടുതൽ മികച്ച സേവനം ലഭ്യമാക്കുക, ബാങ്കിന്റെ പ്രവർത്തനച്ചെലവു കുറയ്ക്കുക എന്നീ ലക്ഷ്യങ്ങൾക്കുവേണ്ടിയാകും സാങ്കേതിക വിദ്യകളുടെ പ്രയോഗം. ഇതിൽ ഒരു ലക്ഷ്യമെങ്കിലും നേടാനാകുമെങ്കിലേ ഈ രംഗത്ത് എന്തെങ്കിലും മുതൽമുടക്കുകൾ നടത്തൂ.

ഡിജിറ്റൽ ഇടപാടുകൾ വർധിച്ചിട്ടുണ്ടോ?

തീർച്ചയായും. ബാങ്ക് ശാഖകളിൽ എത്തിയുള്ള ഇടപാടുകളും എടിഎമ്മുകൾ വഴിയുള്ള ഇടപാടുകളും കുറയുകയും ഡിജിറ്റൽ ഇടപാടുകൾ കൂടുകയുമാണ്. ഇപ്പോൾ 20% ഇടപാടുകൾ മാത്രമാണു ബാങ്ക് ശാഖകൾ വഴി. 42–43% നടക്കുന്നത് ഡിജിറ്റൽ മാർഗങ്ങളിൽ. ബാക്കി എടിഎം വഴി.